ഭീകരവിരുദ്ധ പോരാട്ടങ്ങൾക്ക് ജാതിയുടെയും മതത്തിന്റെയും നിറം നൽകി രാഷ്ട്രീയ മുതലെടുപ്പിനാണ് മോഡി സർക്കാർ ശ്രമിച്ചതെന്നും യുദ്ധാനന്തര വെടിനിർത്തൽ കരാർ സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ് നടത്തിയ അവകാശവാദത്തിൽ പ്രധാനമന്ത്രി തുടരുന്ന മൗനം രാജ്യത്തിന് അപമാനമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
കശ്മീർ വിഷയത്തെ അന്താരാഷ്ട്രവൽക്കരിക്കാൻ മാത്രമാണ് അമേരിക്ക ഇടപെട്ടത്. ഫെഡറലിസത്തെ തകർത്ത് സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കാനാണ് മോഡി ഭരണകൂടം ശ്രമിക്കുന്നത്. ശത്രു രാജ്യം എന്ന നിലയ്ക്കുള്ള സമീപനമാണ് മോഡി കേരളത്തോട് സ്വീകരിക്കുന്നത്. നമുക്ക് അർഹതപ്പെട്ട സാമ്പത്തിക വിഹിതം നിഷേധിച്ച് സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളെ അട്ടിമറിക്കാനാണ് ശ്രമമെന്ന് ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജോയിന്റ് കൗൺസിൽ 56-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം വി ആർ ബീനാമോൾ നഗറിൽ (പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയം) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.
ജോയിന്റ് കൗൺസിൽ ചെയർമാൻ കെ പി ഗോപകുമാർ അധ്യക്ഷനായി. ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി ചാമുണ്ണി, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‍മോൻ, അധ്യാപക സർവീസ് സംഘടനാ സമരസമിതി ചെയർമാൻ ഒ കെ ജയകൃഷ്ണൻ, എഐഎസ്എഫ് മുൻ സംസ്ഥാന സെക്രട്ടറി പി കബീർ എന്നിവർ സംസാരിച്ചു. കെ മുകുന്ദൻ സ്വാഗതവും എ അംജദ്ഖാൻ നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.