Web Desk

 കൊച്ചി:

October 25, 2020, 5:34 pm

കോവിഡിനെ ചെറുക്കാൻ മൗത്ത് വാഷ് ഗുണം ചെയ്യും; മലയാളി ഡോക്ടറുടെ കുറിപ്പ് ശരിവെച്ച് അമേരിക്കൻ മെഡിക്കൽ കോളേജ്

പൊവിഡോൺ ഉപയോഗിച്ച് സ്വയം ഉണ്ടാക്കാവുന്ന നേസൽ ഡ്രോപ്പിന്റെ സഹായത്തോടെ മൂക്കിലൂടെയുള്ള കൊറോണബാധ ചെറുക്കാനാവുമെന്നും പ്രശസ്ത നേത്രരോഗവിദഗ്ധൻ ഡോ ആഷ്‌ലി മുളമൂട്ടിൽ
Janayugom Online

കോവിഡ് പ്രതിരോധത്തിന് മൗത്ത് വാഷ് ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്ന് കോവിഡ് ഭീഷണി രൂക്ഷമായിത്തുടങ്ങിയ മെയ് മാസത്തിൽത്തന്നെ മലയാളി ഡോക്ടർ നടത്തിയ നിരീക്ഷണങ്ങൾ മാസങ്ങൾക്കു ശേഷം ഗവേഷണങ്ങളിലൂടെ അവതരിപ്പിച്ച് അമേരിക്കയിലെ പെൻസ്റ്റേറ്റ് മെഡിക്കൽ കോളേജ്.

ഫേസ്ബുക്കിലെ ആരോഗ്യകുറിപ്പുകളിലൂടെ ശ്രദ്ധേയമായ ഡോ. ആഷ്‌ലി ജേക്കബ് മുളമൂട്ടിൽ തന്റെ പേജിലാണ് കഴിഞ്ഞ മെയ് 31‑ന് കോവിഡ് പ്രതിരോധത്തിൽ മൗത്ത് വാഷ് ഗുണം ചെയ്യുമെന്ന് കുറിപ്പിട്ടത്.

കോവിഡിനെ ചെറുക്കാൻ മൗത്ത് വാഷോ, അത് നടപ്പുള്ള കാര്യമാണോ, തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഡോക്ടർ ചോദിച്ചു. ഡോക്ടറുടെ പോസ്റ്റിൽ നിന്ന്: ‘കൊറോണ വൈറസ് പ്രധാനമായും ശ്വാസകോശങ്ങളെയാണ് ആക്രമിക്കുന്നത്. ശ്വാസകോശത്തിലെത്താൻ ആദ്യം തൊണ്ടയിൽ ഒരു കോളനിയുണ്ടാക്കുകയാണ് കൊറോണ ചെയ്യുന്നത്. തൊണ്ടയിലെ വൈറസ് സംഘത്തെ ചെറുത്താൽ ഒരു പരിധി വരെ ശ്വാസകോശങ്ങളിലെ വൈറസ് ബാധ ലഘൂകരിക്കാനും അതുവഴി കോവിഡിന്റെ പ്രത്യാഘാതങ്ങൾ ചെറുക്കാനും കഴിയും. വൈറസ് ഉൾപ്പെടെയുള്ള അണുക്കളെ നശിപ്പിക്കാനാവുന്ന ആൽക്കഹോൾ ഉണ്ടെന്നതാണ് മൗത്ത് വാഷിന്റെ കരുത്ത്. അതിന്റെ പിഎച്ച് ലെവലും ഇക്കാര്യത്തിൽ അനുകൂലഘടകമാണ്. ബീറ്റാഡൈൻ, ക്ലോറെക്സിഡീൻ എന്നിവ ഉള്പ്പെട്ട മൗത്ത് വാഷുകളും ഇക്കാര്യത്തിൽ ഗുണം ചെയ്യും.

ഇനി ഇവ എങ്ങനെ ഉപയോഗിക്കണമെന്നു നോക്കാം: മൗത്ത് വാഷ് ഉപയോഗിച്ച് 30 സെക്കൻഡ് നേരം ഗാർഗ്ൾ ചെയ്യുക, വായ വെള്ളം ഉപയോഗിച്ച് കഴുകാതിരിക്കുക, പത്തു മിനിറ്റു നേരത്തേയ്ക്ക് വെള്ളം കുടിക്കാതിരിക്കുക, ഇത് പറ്റുമെങ്കിൽ ഉച്ചയ്ക്കു ശേഷവും രാത്രി ഉറങ്ങുന്നതിനു മുമ്പും ചെയ്യുക.

വലിയൊരളവു വരെ ഇത് കോവിഡിനെ ചെറുക്കുമെന്നാണ് എന്റെ വിശ്വാസം.

ഇനി ഇതിന് തെളിവു ചോദിയ്ക്കുന്നവരോട് പറയാനുള്ളത് — ഇക്കാര്യത്തിൽ അനുഭവകഥകളും മറ്റ് രോഗങ്ങൾ സംബന്ധിച്ച നടത്തിയ പഠനങ്ങളും വൈദ്യശാസ്ത്രത്തിലെ അടിസ്ഥാന തത്വങ്ങളുമാണ് ഞാൻ അവലംബിക്കുന്നത്. ’ എന്നായിരുന്നു ഡോക്ടറുടെ മെയ് 31‑ലെ ഫേസ്ബുക്ക് പോസ്റ്റ്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച (ഒക്ടോബർ 19)ന് അമേരിക്കയിലെ പെൻസിൽവാനിയയിലുള്ള പെൻ സ്റ്റേറ്റ് കോളേജ് ഓഫ് മെഡിസിൻ അവരുടെ ന്യൂസ് പോർട്ടലിൽ പ്രസിദ്ധീകരിച്ച വാർത്തയിലാണ് മൗത്ത് വാഷുകളും ഓറൽ റിൻസുകളും ഹ്യൂമൻ കൊറോണവൈറസുകളെ നിർവീര്യമാക്കുമെന്ന് ഗവേഷണങ്ങളിലൂടെ കണ്ടെത്തിയ കാര്യം പ്രഖ്യാപിച്ചത്. അണുബാധയ്ക്കു ശേഷവും അത് പടരാതിരിക്കാൻ മൗത്ത് വാഷുകൾപോലുള്ള ഉൽപ്പന്നങ്ങൾക്ക് സാധിക്കുമെന്ന് യൂണിവേഴ്സിറ്റിയുടെ വാർത്താക്കുറിപ്പ് പറയുന്നു. മൈക്രോബയോളജി, ഇമ്യൂണോളജി, ഒബ്സ്റ്റെട്രിക്സ്, ഗൈനക്കോളജി എന്നീ വിഷയങ്ങളിലെ വിശ്രുത പ്രൊഫസറായ ക്രെയ്ഗ് മെയേഴ്സാണ് ഒരു സംഘം ഫിസിഷ്യന്മാർ, ശാസ്ത്രജ്ഞർ എന്നിവർ നടത്തിയ ഗവേഷണത്തിന് നേതൃത്വം നൽകിയത്. വായലൂടെയും മൂക്കിലൂടെയും (നാസോഫാറിഞ്ചൽ) ഉപയോഗിക്കുന്ന റിൻസുകളാണ് ഇവർ ഗവേഷണത്തിനുപയോഗിച്ചത്.

ഹ്യൂമൻ കൊറോണവൈറസിനെ ശക്തമായി നിർവീര്യമാക്കാൻ ഇവയിൽ പലതിനും സാധിച്ചുവെന്നാണ് ഗവേഷണഫലം. അണുബാധയേറ്റവരിൽ ഇത് പടരുന്നത് വലിയ തോതിൽ ചെറുക്കാൻ മൗത്ത് വാഷുകൾക്ക് സാധിക്കുമെന്നാണ് ഇതിനർത്ഥമെന്നും റിപ്പോർട്ട് പറയുന്നു.

വാക്സിനു വേണ്ടി കാത്തിരിക്കുമ്പോഴും വൈറസ് പെരുകുന്നത് തടയാൻ നമുക്ക് വഴികൾ തേടേണ്ടിയിരിക്കുന്നു എന്നാണ് ഇതിനെപ്പറ്റി പ്രൊഫ. മേയേഴ്സ് പറയുന്നത്. മൗത്ത് വാഷ് പോലുള്ള ഉൽപ്പന്നങ്ങൾ വിപണിയിൽ യഥേഷ്ടം ലഭ്യമാണെന്നതും പലരും അത് പണ്ടു മുതൽ തന്നെ ദിനചര്യയുടെ ഭാഗമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊറോണ കടന്നു വരുന്ന മൂക്കിന്റെയും വായുടേയും പ്രവേശനഭാഗങ്ങളിലാണ് ഗവേഷണം ശ്രദ്ധ കേ്ന്ദ്രീകരിച്ചതെന്നും റിപ്പോർട്ടിലുണ്ട്. കോവിഡിന് കാരണമാകുന്ന സാർസ്-കോവ്-2 എന്ന വൈറസിനു സമാനമായ ഹ്യൂമൻകൊറോണ വൈറസുകളിലായിരുന്നു പരീക്ഷണം. രണ്ട് വൈറസുകളുടേയും പുറംഭാഗം ഏതാണ്ട് തുല്യമാണെന്ന് പ്രൊഫ മെയേഴസ് ചൂണ്ടിക്കാണിക്കുന്നു. കോവിഡ്ബാധിതർക്കും കൂടുതൽ അപകടസാധ്യതയുള്ളവർക്കും മൗത്ത് വാഷ് ഉപകാരപ്പെടുമോ എന്നത് കൂടുതൽ ഗവേഷണങ്ങളിലൂടെ കണ്ടെത്തേണ്ടിയിരിക്കുന്നു, എന്നാൽ മൗത്ത് വാഷ് ഉപയോഗിക്കുന്നത് രോഗം പരത്തുന്നതിനെ 50% കണ്ട് കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.

പെൻ സ്റ്റേറ്റ് കോളേജ് ഓഫ് മെഡിസിന്റെ വാർത്ത വായിച്ച് ബുധനാഴ്ച (ഒക്ടോ 21) ഡോ. ആഷ്‌ലി മുളമൂട്ടിൽ തന്റെ ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു: കഴിഞ്ഞ മെയ് മുതൽ ഞാൻ പറയുന്ന കാര്യമാണിത്. നിർഭാഗ്യവശാൽ പാശ്ചാത്യ ശാസ്ത്രലോകം ഏഷ്യയിലെ ഡോക്ടർമാരെ ശ്രദ്ധിക്കാറില്ലല്ലോ!

കോവിഡ്ബാധയുടെ തുടക്കം മൂക്കു വഴിയാണെന്നതിനാൽ ഗാർഗ്ളിംഗ് മാത്രം ഗുണം ചെയ്യില്ലെന്നും ഡോ മുളമൂട്ടിൽ ഓർമിപ്പിക്കുന്നു. ഇക്കാര്യത്തിൽ ശക്തമായി ആന്റിസെപ്റ്റിക്കുകളിലേയ്ക്കാണ് ഡോ ആഷ്‌ലിയുടെ നോട്ടം. കോർണിയൽ അൾസറുകൾക്ക് 2% പൊവിഡോൺ അയഡിൻ (ബീറ്റാഡൈൻ) ഉപയോഗിക്കുന്നതും കണ്ണ് ബ്ലെയ്ഡില്ലാതെ ശസ്ത്രക്രിയ ചെയ്യും മുമ്പ് അണുവിമുക്തമാക്കാൻ 5% പൊവിഡോൺ ഉപയോഗിക്കുന്നതും കണക്കിലെടുത്ത് പൊവിഡോൺ ഉപയോഗിച്ച് ആളുകൾക്ക് സ്വയം നേസൽ ഡ്രോപ്പുണ്ടാക്കി ഉപയോഗിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഇതാണ് 3% വീര്യമുള്ള പോവിജോൺ അയഡിൻ നേസൽ ഡ്രോപ് ഉണ്ടാക്കാൻ ഡോ ആഷ്‌ലി മുളമൂട്ടിൽ നിർദേശിക്കുന്ന മാർഗം: 0% ബീറ്റാഡൈൻ സൊലൂഷൻ, 10 മില്ലി ആർടിഫിഷ്യൽ ടിയേഴ്സ് ഉൾപ്പെട്ട ഐ ഡ്രോപ്സ് (ഏത് ബ്രാൻഡും), 5 മില്ലി സിറിഞ്ച് എന്നിവ വാങ്ങണം. സിറിഞ്ച് ഉപയോഗിച്ച് 3 മില്ലി ഐ ഡ്രോപ് കളയുക. 10% വീര്യമുള്ള 3 മില്ലി ബീറ്റാഡൈൻ ആ കുപ്പിയിലേയ്ക്ക് ചേർക്കുക. നിങ്ങളുടെ നോസ് ഡ്രോപ് റെഡി.

അപകടനിലയിലുള്ളവർ ദിവസവും 3–4 തവണ ഓരോ നാസദ്വാരത്തിലും 2 തുള്ളി വീതം ഈ ഡ്രോപ് ഒഴിയ്ക്കുക.

കോഴഞ്ചേരിയിലുള്ള തങ്ങളുടെ പ്രസിദ്ധമായ ഐ ഹോസ്പിറ്റലിലെ രോഗികൾക്ക് ബീറ്റാഡൈൻ ഉപയോഗിച്ചുള്ള ഗാർഗ്ളിംഗും 3% പൊവിഡോൺ അയഡിൻ നേസൽ ഡ്രോപ് ഉപയോഗിക്കുന്നതും നിർബന്ധമാക്കിയെന്നും ഡോ ആഷ്‌ലി മുളമൂട്ടിൽ പറഞ്ഞു. ജീവനക്കാർക്കും ബീറ്റാഡൈൻ ഗാർഗ്ളിംഗും നേസൽ ഡ്രോപ്സും രണ്ടു നേരം നിർബന്ധമാക്കി. ഏപ്രിൽ മുതൽ ഇങ്ങനെ ചെയ്യുന്നുണ്ടെന്നും ഇതുവരെ ഹോസ്പിറ്റലിൽ ആർക്കും രോഗബാധ ഉണ്ടായിട്ടില്ലെന്നും ഡോ ആഷ്‌ലി പറഞ്ഞു.

ENGLISH SUMMARY: amer­i­can med­ical col­lege agrees the use of mouth wash to protest corona

YOU MAY ALSO LIKE THIS VIDEO