August 15, 2022 Monday

Related news

July 9, 2022
June 29, 2022
June 17, 2022
June 7, 2022
June 2, 2022
May 29, 2022
May 26, 2022
May 20, 2022
May 17, 2022
May 14, 2022

അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ അധിനിവേശം : രാഷ്ട്രീയ നേട്ടം മുന്‍നിര്‍ത്തിയുള്ള വഞ്ചന

പ്രൊഫ. കെ അരവിന്ദാക്ഷന്‍
September 30, 2021 5:05 am

അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈന്യത്തിന്റെ കടന്നുകയറ്റവും പിന്മാറ്റവും ഈ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ടുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളും വിശദമായി പ്രതിപാദിക്കുന്ന ഒരു ഇന്റര്‍വ്യൂ ദി ഹിന്ദു ദിനപ്പത്രത്തില്‍ വായിക്കാനിടയായി. ഈ ഇന്റര്‍വ്യൂ തയാറാക്കിയത്‍ ആഗോളതലത്തില്‍ പ്രസിദ്ധിനേടിയ ഒരു അന്വേഷണാത്മക പത്രപ്രവര്‍ത്തകനും 60ല്‍പരം ഡോക്യുമെന്ററികളുടെ നിര്‍മ്മാതാവുമായ ജോണ്‍ പില്‍ഗര്‍ ആയിരുന്നു. കൂടിക്കാഴ്ച നടത്തിയത് നിരവധി ദേശീയ, സാര്‍വദേശീയ പ്രസിദ്ധീകരണങ്ങളില്‍ ശ്രദ്ധേയമായ ലേഖനങ്ങള്‍ എഴുതിയ ജിപ്സണ്‍ ജോണ്‍, ജിനേഷ് പി എം എന്നിവരുമായിട്ടായിരുന്നു. ‘ദി ഗാര്‍ഡിയന്‍’, ‘ദി ന്യൂയോര്‍ക്ക് ടൈംസ്’, ‘ബിബിസി വേള്‍ഡ് സര്‍വീസ്’ ‘അല്‍‍ ജസീറ’ തുടങ്ങിയ ആഗോള പ്രചാരമുള്ള പ്രസിദ്ധീകരണങ്ങളില്‍ പില്‍ഗറുടെ ലേഖനങ്ങള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. 2003ല്‍ അദ്ദേഹം ‘ബ്രേക്കിങ് ദി സയലന്‍ഡ്’ ട്രൂത്ത് ആന്റ് ലൈസ് ഇന്‍ ദ വാര്‍ ഓണ്‍ടെറര്‍’ എന്ന ഡോക്യുമെന്ററിയിലൂടെ പ്രശസ്തിയുടെ പാരമ്യത്തിലെത്തുകയായിരുന്നു. അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ കാലത്ത് അരങ്ങേറിയ ഭീദി‍ജനകമായ സംഭവവികാസങ്ങളുടെ തലനാരിഴ കീറിയുള്ള വിശകലനമാണ് തികഞ്ഞ ആധികാരികതയോടെ ഈ കൂടിക്കാഴ്ചയില്‍ ജോണ്‍ പില്‍ഗര്‍ നടത്തിയിരിക്കുന്നത്.

 

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്ക അതിക്രമിച്ചു കടന്നത് ഭീകരവാദികളെന്ന് ലോകമെമ്പാടും അംഗീകരിച്ചിരുന്ന താലിബാന്‍ ഭരണത്തെ അധികാരത്തില്‍ നിന്ന് നിഷ്കാസനം ചെയ്യുക മാത്രമല്ല, അഫ്ഗാന്‍ ജനതയ്ക്ക് ജനാധിപത്യത്തിന്റെ സല്‍ഫലങ്ങള്‍ ആസ്വദിക്കാന്‍ അവസരമൊരുക്കിക്കൊടുക്കുമെന്നും വാഗ്ദാനം നല്കിയതാണ്. ഈ വാഗ്ദാനം നിറവേറ്റുന്നതില്‍ അമേരിക്കന്‍ ഭരണകൂടം വിജയിച്ചില്ലെന്നു മാത്രമല്ല, പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു ബുഷിന്റെ കീഴിലുള്ള യു എസ് ഭരണകൂടം ആകെ ചെയ്തത് അഫ്ഗാനിസ്ഥാന്‍ കടന്നുകയറ്റത്തെ സ്വന്തം ആഭ്യന്തര രാഷ്ട്രീയ താല്പര്യസംരക്ഷണത്തിനായി ദുര്‍വിനിയോഗം ചെയ്യുക മാത്രമായിരുന്നു. അതുകൊണ്ടുതന്നെയാണ് ഈ യുഎസ് നടപടിയെ കൊടിയ ‌‘വഞ്ചന’ എന്നുതന്നെ ജോണ്‍ പില്‍ഗര്‍ വിശേഷിപ്പിക്കുന്നത്. മാത്രമല്ല, സെപ്തംബര്‍ 11ന് വേള്‍ഡ് ട്രേഡ് സെന്ററിനും പെന്റഗണിനും നേരെ ഭീകരവാദികള്‍ നടത്തിയ അതിക്രമത്തിന് പകരം വീട്ടുക എന്നത് ലക്ഷ്യമാക്കി താലിബാനെ സൗകര്യാര്‍ത്ഥം കണ്ടെത്തുകയായിരുന്നു. ഇതായിരുന്നു അമേരിക്കന്‍ കടന്നുകയറ്റത്തിന്റെ രാഷ്ട്രീയലക്ഷ്യം. എന്നാല്‍ പില്‍ഗറിന്റെ അഭിപ്രായത്തില്‍ ഇതായിരുന്നു യഥാര്‍ത്ഥ ലക്ഷ്യമെങ്കില്‍ യുഎസ് ബോംബുവര്‍ഷം നടക്കേണ്ടിയിരുന്നത് സൗദി അറേബ്യന്‍ രാജാക്കന്മാരുടെ കൊട്ടാരങ്ങള്‍ക്കുമേല്‍ ആയിരുന്നു. കാരണം സെപ്റ്റംബര്‍ 11ന്റെ ഭീകരവാദികളെല്ലാം സൗദി വംശജരായിരുന്നു. അല്‍ഖ്വയ്ദ വിഭാഗത്തിന്റെ തലവന്‍ ഒസാമ ബിന്‍ലാദന്‍ അടക്കം അന്നും അഫ്ഗാന്‍ വംശജരായിരുന്നില്ല. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ കടന്നുകയറ്റത്തിന് ധാര്‍മ്മികതയുടെ നേരിയൊരു അംശം പോലുമില്ല. അപ്പോഴേക്ക് ബിന്‍ലാദന്‍ അവിടം വിട്ടുകഴിഞ്ഞിരുന്നു. താലിബാനും ലാദന്‍ ഒരു അധികപ്പറ്റായി മാറുകയും ചെയ്തിരുന്നു. അപ്പോള്‍ പിന്നെ എന്തിനുവേണ്ടിയായിരുന്നു ബുഷ് ഭരണകൂടത്തിന്റെ ഈ സൈനിക നടപടി? ഡോ. നജീബിന്റെ നേതൃത്വത്തിലുള്ള സോവിയറ്റ് ഭരണത്തെ അട്ടിമറിക്കുകതന്നെയായിരുന്നു ഈ കടന്നുകയറ്റത്തിന്റെ ലക്ഷ്യം എന്ന് വ്യക്തമാകുന്നു. ഈ ലക്ഷ്യമാണെങ്കില്‍ സെപ്റ്റംബര്‍ 11ന് മുമ്പ് നേടിയെടുക്കുകയും ചെയ്തിരുന്നു.

 


ഇതുകൂടി വായിക്കൂ:  ഹിജാബ് ധരിക്കാത്ത സ്ത്രീകള്‍ മുറിച്ച തണ്ണിമത്തന്‍ പോലെയാണെന്ന് താലിബാന്‍


 

അമേരിക്കയുടെ വഞ്ചനാപരമായ നടപടിക്ക് മറ്റൊരു മാനംകൂടിയുണ്ടായിരുന്നു. ഏതുതരം ഹീനമാര്‍ഗവും ചതിയും വഞ്ചനയും നടത്തിയാണെങ്കിലും പരമാവധി ലാഭം അടിച്ചുമാറ്റുക, അമേരിക്കന്‍ യുദ്ധോപകരണ നിര്‍മ്മാണ വ്യവസായം നിരവധി പുതിയ ആയുധസാമഗ്രികളും നശീകരണായുധങ്ങളും, അപ്പോഴേക്ക് നിര്‍മ്മാണം പൂര്‍ത്തീകരിച്ചുകഴിഞ്ഞിരുന്നു. ഇതിനുള്ള വിപണി വേണ്ടേ? നിശ്ചയമായും വേണം. ജോര്‍ജ്ജ് ബുഷ് 2001 സെപ്റ്റംബര്‍ 1ന് അഫ്ഗാനിസ്ഥാനില്‍ സൈനിക ഇടപെടലിന് പച്ചക്കൊടി കാട്ടിയതോടെ ഈ ഉപകരണങ്ങളുടെ പുതിയ വിപണി അഫ്ഗാനിസ്ഥാനാവുകയും ചെയ്തു. അങ്ങനെ, അമേരിക്കയിലെ അഞ്ച് പ്രമുഖ ആയുധ വിതരണ കരാറുകാര്‍ക്കായി യു എസ് പ്രസിഡന്റ് ബുഷ് 10,000 കോടി ഡോളര്‍ വിലമതിക്കുന്ന ആയുധങ്ങള്‍ക്കാണ് കരാര്‍ ഉറപ്പിച്ചു നല്കിയതെന്നാണ് ഈയിടെ പുറത്തുവന്നൊരു പഠനത്തിലെ കണ്ടെത്തല്‍. ഇതില്‍ നിന്നുള്ള ലാഭം എത്രയായിരുന്നുവെന്ന് കണ്ടെത്തുക അത്ര എളുപ്പമാവുകയുമില്ല.

ജോണ്‍ എല്‍ഗറോടുള്ള അടുത്ത ചോദ്യമെന്തായിരുന്നു എന്നോ? പശ്ചിമേഷ്യയില്‍ ദീര്‍ഘകാലമായി ഏറിയും കുറഞ്ഞും നിലനിന്നുവരുന്ന അസമാധാനത്തിന്റേതായൊരു അന്തരീക്ഷത്തിന്റെ ബാധ്യത യു എസ് സര്‍ക്കാരിനാണോ എന്നതായിരുന്നു ഇത്. ഇതോടൊപ്പം ചോദ്യകര്‍ത്താക്കള്‍ക്കറിയേണ്ടിയിരുന്നത് ഇതിനു പിന്നില്‍ അമേരിക്കന്‍ ‘സാമ്രാജ്യത്വ’ താല്പര്യങ്ങളുണ്ടോ എന്നതുകൂടിയായിരുന്നു. പശ്ചിമേഷ്യയില്‍ സമാധാനം നിലവിലില്ലാതിരിക്കുന്നതിന് മാറിമാറി അധികാരത്തിലെത്തുന്ന അമേരിക്കന്‍ ഭരണകൂടങ്ങള്‍ക്ക് പ്രത്യേക താല്പര്യമുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്നു മാത്രമല്ല, അതിനുള്ള പ്രചോദനം സാമ്രാജ്യത്വ ചൂഷണമാണെന്നും പില്‍ഗര്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കുകയും ചെയ്തു.

 


ഇതുകൂടി വായിക്കൂ:  അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ അജണ്ടയ്ക്ക് കീഴ്‌പ്പെട്ട് അടിതെറ്റുന്ന ഇന്ത്യന്‍ നയതന്ത്രം


 

മറ്റൊരു ചോദ്യം ഏകാധിപത്യത്തിലും അഴിമതിയിലും തുടരുന്നൊരു സ്റ്റേറ്റിന് പകരംവയ്ക്കാന്‍ സാമ്രാജ്യത്വ അധിനിവേശം മാത്രമാണോ ഏക പരിഹാരമാര്‍ഗം എന്നായിരുന്നു. ശക്തിയാണ് ശരി, ബലഹീനതയാണ് തെറ്റ് എന്ന വാദഗതി അംഗീകരിക്കേണ്ടിവരുന്നപക്ഷം സാമ്രാജ്യത്വത്തെ നീതീകരിക്കുന്നതിനു തുല്യമായൊരു നിലപാടായി അത് വ്യാഖ്യാനിക്കപ്പെട്ടില്ലേ എന്ന ചോദ്യവും ഇതിനോടൊപ്പം ഉയര്‍ത്തിയിരുന്നു. മാത്രമല്ല, അത്തരമൊരു സ്ഥിതിവിശേഷം ‘സൂപ്പര്‍ പവര്‍’ പദവിയുള്ള രാജ്യങ്ങള്‍ മാത്രം അംഗീകരിക്കപ്പെടുകയും ആധിപത്യത്തിനിരയാവേണ്ടി വരുന്ന ചെറു രാജ്യങ്ങളുടേയും അവിടങ്ങളിലെ ജനതയുടെയും താല്പര്യങ്ങള്‍ ഹനിക്കപ്പെടുകയല്ലേ ചെയ്യുക എന്ന പ്രശ്നവും ഇവിടെ പ്രസക്തമാകുന്നു. ഇത്തരം സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും കൃത്യമായ വിശദീകരണവും മറുപടിയും നല്കാനും ജോണ്‍ പില്‍ഗര്‍ സന്നദ്ധമായിരുന്നു. ആധുനിക കാലഘട്ടത്തിലെ വന്‍ ശക്തികള്‍ക്ക് ഒരുമയുടെ അധികാരങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുമ്പോള്‍ 19-ാം നൂറ്റാണ്ടിലേതുപോലുള്ള അധികാര പ്രവണത പ്രകടമാക്കിക്കൊള്ളണമെന്നില്ല. ഉദാഹരണത്തിന് ചൈനയുടെ ‘ബെല്‍റ്റ് ആന്റ് റോഡ്’ പദ്ധതികള്‍ നിരവധി വികസ്വര രാജ്യങ്ങളുടെ വികസന പ്രക്രിയകളിലും നിക്ഷേപ മാതൃകകളിലും ഘടനാപരമായ നിക്ഷേപ പരിഷ്കരണങ്ങള്‍ക്ക് സാധ്യതകള്‍ തുറന്നു നല്കിയിട്ടുണ്ട്. എന്നാല്‍, ചൈന ഒരു ‘സൂപ്പര്‍ പവര്‍’ എന്ന പദവി തങ്ങള്‍ക്കുണ്ടെന്നതിന്റെ പേരില്‍ ബലം പ്രയോഗിച്ച് മറ്റു രാജ്യങ്ങളില്‍ അധിനിവേശത്തിന് സ്വയം തയാറായിട്ടുമില്ല. അതായത്, ചൈനയോ റഷ്യയോ സാമ്രാജ്യത്വ ശക്തികള്‍ അധിനിവേശത്തിനായി വിനിയോഗിക്കുന്ന അടവുകളും തന്ത്രങ്ങളും ബലപ്രയോഗങ്ങളും സാധാരണഗതിയില്‍ സ്വീകരിച്ചു കണ്ടിട്ടുമില്ല. ആനുകാലിക ആഗോള രാഷ്ട്രീയ ചരിത്രം പരിശോധിക്കുമ്പോള്‍ ചൈനയെ സംബന്ധിച്ചിടത്തോളം ബ്രിട്ടനും യൂറോപ്യന്‍‍ രാജ്യങ്ങളും അമേരിക്കയും മറ്റും പലവട്ടം പ്രകടമാക്കിയിട്ടുള്ള കൊളോണിയന്‍ ആധിപത്യ താല്പര്യങ്ങള്‍ ചൈനീസ് ഭരണകൂടങ്ങള്‍ പ്രകടമാക്കിയിട്ടില്ല.

ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യക്ക് സ്വാതന്ത്ര്യം കൈമാറി പോകുന്നതിനു മുമ്പ് രാജ്യത്തെ വെട്ടിമുറിച്ചതുപോലെ അമേരിക്ക ചൈനയെ പ്രകോപിപ്പിക്കുന്നത് ലക്ഷ്യമിട്ട് നാഷണലിസ്റ്റ് ചൈന എന്നൊരു അധീന രാജ്യവും പാവസര്‍ക്കാരും സൃഷ്ടിച്ചതും ചരിത്രത്തിന്റെ ഭാഗമാണിന്ന് എന്നത് നമുക്കറിവുള്ളതുമാണല്ലോ. ഈ വിധത്തില്‍ കരുതിക്കൂട്ടിയുള്ള വിഭാഗീയ ശ്രമങ്ങളൊന്നും ആധുനിക ചൈനീസ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല എന്ന് ജോണ്‍ പില്‍ഗര്‍ ഏറ്റു പറയുന്നുമുണ്ട്.

 

താലിബാന്‍ ഒരിക്കല്‍ കൂടി അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലെത്തിയ പശ്ചാത്തലമെന്തെന്നതിനെ ബന്ധിച്ചും കൂടിക്കാഴ്ചയില്‍ അന്വേഷണമുണ്ടായി. ഇതിനും ജോണ്‍ പില്‍ഗര്‍ വ്യക്തമായ മറുപടിയും നല്കിയിരുന്നു. 1980കളിലും 1990കളിലും അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് നടത്തിയ സംഘടിത നീക്കങ്ങളെ തുടര്‍ന്നാണ് ജിഹാദിസത്തിന്റെ ഭാഗമായി താലിബാനിസത്തിന്റെ ഉദയവും അതിവേഗ വളര്‍ച്ചയുമുണ്ടായത്. ഇത്തരം സംഘടനകളെല്ലാം ധാര്‍മിക മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്നു എന്ന് കരുതപ്പെടുന്ന മുജാഹിദ്ദീന്റെ ഉല്പന്നങ്ങളാണ്. ഇവയ്ക്കാണെങ്കില്‍ പാകിസ്ഥാന്‍ രഹസ്യാന്വേഷണ സേവനങ്ങളുടെ പിന്‍തുണയും വേണ്ടുവോളം ലഭ്യമാകുകയും ചെയ്തിരുന്നു. പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കാവശ്യമായ ധനസഹായമടക്കമുള്ളതെല്ലാം നല്കുന്നത് സിഐഎ ആണെന്നത് പരസ്യമായൊരു രഹസ്യവുമല്ലേ?

അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യം അഫ്ഗാനിസ്ഥാനില്‍ ജനാധിപത്യ ഭരണവ്യവസ്ഥ പുനഃസ്ഥാപിക്കുക എന്നതായിരുന്നില്ല. താലിബാന്‍ അധികാര കൈമാറ്റം നല്കിയാല്‍ എന്താണ് സംഭവിക്കുക എന്ന് അമേരിക്കന്‍ ഭരണകൂടത്തിന് നന്നായി അറിയാമായിരുന്നതുമാണ്. യുഎസ് സൈനിക പിന്മാറ്റം നടന്നാലും ഇല്ലെങ്കിലും അഴിമതിയില്‍ അടിമുടി കുളിച്ചുനിന്നിരുന്ന അഫ്ഗാന്‍ ഭരണം തകരുമെന്നും ആരെല്ലാം എന്തെല്ലാം ശ്രമിച്ചാലും അവിടെ താലിബാന്‍ തന്നെ അധികാരത്തിലെത്തുമെന്നും ട്രംപിന് ബോധ്യവുമുണ്ടായിരുന്നു. സൈന്യത്തെ പിന്‍വലിച്ച നടപടിയിലൂടെ യുഎസ് സര്‍ക്കാര്‍ ഈ പ്രക്രിയയുടെ ഗതിവേഗം വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്തത്. അതായത്, ഭരണരംഗത്ത് ശൂന്യത ഒഴിവാക്കുന്നതിനുവേണ്ടിയാണ് താലിബാന്‍ വീണ്ടും അധികാരത്തിലെത്തിയതെന്ന് ധാരണ പരത്തുക എന്ന അമേരിക്കന്‍ രഹസ്യ അജണ്ട ഫലം കാണുകയും ചെയ്തു എന്നര്‍ത്ഥം. 1975 ല്‍ വിയറ്റ്നാമില്‍ നടന്നതും സമാനമായൊരു സംഭവമായിരുന്നു എന്ന് ഇവിടെ പ്രസക്തമാകുന്നു. യുഎസ് പിന്‍തുണ പിന്‍വലിക്കപ്പെട്ട അന്നേ ദിവസം രാത്രി തന്നെ ദക്ഷിണ വിയറ്റ്നാമിലെ പാവഭരണകൂടം തകരുകയും കമ്മ്യൂണിസ്റ്റ് ഭരണകൂടം അധികാരത്തിലെത്തുകയും ചെയ്തു. ഇതാണ് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ യഥാര്‍ത്ഥ തന്ത്രം. കാബൂള്‍ വിമാനത്താവളത്തില്‍ അരങ്ങേറിയ ദുരന്തസംഭവങ്ങള്‍ക്ക് ഇരയായി തീര്‍ന്നതും ഈ സാമ്രാജ്യത്വത്തിന്റെ കുതന്ത്രങ്ങളുടെ പരിണിത ഫലമായിട്ടാണ്.

 


ഇതുകൂടി വായിക്കൂ: മു​​​​നി​​​​സി​​​​പ്പാ​​​​ലി​​​​റ്റി​​​​യി​​​​ലെ വ​​​​നി​​​​താ ജീ​​​​വ​​​​ന​​​​ക്കാരും വീട്ടില്‍ തുടരണമെന്ന് താലിബാന്‍


 

കാബൂളില്‍ താലിബാന്‍ ഭരണം നിലവില്‍ വന്നിരിക്കുന്ന സാഹചര്യത്തില്‍ അവിടെ ഇസ്‌ലാമിക ഭീകരവാദം വളരുന്നതിന് കളമൊരുങ്ങാന്‍ സാധ്യതയുണ്ടോ എന്ന പ്രശ്നത്തിനും ജോണ്‍ പില്‍ഗര്‍ വ്യക്തമായ മറുപടി നല്കിയിരുന്നു. ഇത്തരമൊരു സാധ്യത ഭീകരത എന്നത് കൊണ്ട് നാം എന്ത് അര്‍ത്ഥമാക്കുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുക. ആഗോളതലത്തില്‍ നമുക്ക് തിരിച്ചറിയാന്‍ കഴിയുന്ന ഭീകരത സ്റ്റേറ്റ് ആഭിമുഖ്യത്തിലുള്ള ഭീകരതയാണ്. എന്നാല്‍, അമേരിക്ക നടത്തിയത് യഥാര്‍ത്ഥത്തില്‍ ഭീകരതയ്ക്കെതിരായ യുദ്ധം ആയിരുന്നില്ല. ഭീകരത ഉളവാക്കുന്നൊരു യുദ്ധം മാത്രമായിരുന്നു. ഇതിന്റെ ഭാഗമായി നിരവധി മുസ്‌ലിം രാജ്യങ്ങളില്‍ നാശം വിതയ്ക്കുകയും ചെയ്തത് അമേരിക്കയായിരുന്നു.

ലാറ്റിനമേരിക്കന്‍ മേഖലയില്‍ അമേരിക്കയുടെ ഈ രീതിയിലുള്ള അഴിഞ്ഞാട്ടം തുടങ്ങിയത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതലാണെന്ന യാഥാര്‍ത്ഥ്യം തമസ്കരിച്ചിട്ടു കാര്യമില്ല. അഫ്ഗാന്‍ ജനതയെ സംബന്ധിച്ചിടത്തോളം താലിബാന്‍ ഭരണത്തിലൂടെ അവര്‍ക്ക് എന്താണ് സംഭവിക്കുക എന്നത് പ്രവചനാതീതമാണ്. ഏതായാലും അഫ്ഗാനിസ്ഥാനിലെ ഭാവി സംഭവവികാസങ്ങള്‍ ഏതു വിധേനയായിരിക്കും രൂപപ്പെടുക എന്നത് ഐക്യരാഷ്ട്രസഭയുടെ ഇടപെടലിന്റെ സ്വഭാവമനുസരിച്ചായിരിക്കും നടക്കുക. പാശ്ചാത്യരാജ്യങ്ങള്‍ അഫ്ഗാന്‍ ഭരണകൂടത്തെ ഒറ്റപ്പെടുത്താനാണ് ശ്രമിക്കുക എങ്കില്‍ താലിബാന്‍ അതിന്റെ നയം കടുപ്പിക്കാനാണ് വഴിയൊരുക്കുക. പഴയകാല അക്രമങ്ങള്‍ പുനരാരംഭിക്കപ്പെടുകയും ചെയ്യും. ഏതായാലും അഫ്ഗാന്‍ സംഭവങ്ങള്‍ നമുക്ക് നല്കുന്ന പാഠം വ്യക്തമാണ്. എന്താണിതെന്നോ? സാമ്രാജ്യത്വം എല്ലായ്‌പ്പോഴും മനുഷ്യരാശിയുടെ കഷ്ടതകള്‍ക്ക് ആക്കം കൂട്ടുകയേ ഉള്ളൂ എന്നാണ് ജോണ്‍ പില്‍ഗര്‍ ബോധ്യപ്പെടുത്തുവാന്‍ ശ്രമിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.