അതിര്‍ത്തിയില്‍ കര്‍ശന ജാഗ്രത നിര്‍ദ്ദേശം

പർവത സേനാവിഭാഗം ലഡാക്കിലേക്ക്
Web Desk

ന്യൂഡല്‍ഹി

Posted on June 22, 2020, 10:43 pm

ചൈനയുടെ സൈനികവിന്യാസത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ കര്‍ശന ജാഗ്രത പാലിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം. സിക്കിം, അരുണാചല്‍ മേഖലകളില്‍ ചൈന കടന്നുകയറ്റം ലക്ഷ്യമിടുന്നതായാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന വിവരം.

ലഡാക്ക്, ഡോക് ലാം ഉള്‍പ്പെടെ നിയന്ത്രണ രേഖയുടെ കിഴക്കന്‍ സെക്ടറിലാകെ കര്‍ശന ജാഗ്രത പാലിക്കാനാണ് നിര്‍ദ്ദേശം. ബംഗാളിലെ സിലിഗുഡി ആസ്ഥാനമായുള്ള 33 കോര്‍, അസമിലെ തേസ്പുരിലുള്ള 4 കോര്‍, നാഗാലന്‍ഡിലെ ദിമാപുരിലുള്ള 3 കോര്‍ സേനാ സംഘങ്ങള്‍ക്കാണ് കിഴക്കന്‍ സെക്ടറിന്റെ സുരക്ഷാചുമതല. മേഖലകളില്‍ അധികസേനയെ ഉടന്‍ വിന്യസിച്ചേക്കും. കിഴക്കൻ ലഡാക്കിലെ അതിർത്തി മേഖലകളിൽ ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്റർ എന്നിവയുടെ നിരീക്ഷണ പറക്കൽ ഇപ്പോഴും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഏറ്റുമുട്ടലുണ്ടായ പ്രദേശത്ത് ഇപ്പോൾ മേൽക്കൈ ഇന്ത്യയ്ക്കാണ്. ഇവിടെ ചൈന സ്ഥാപിച്ചിരുന്ന ടെന്റ് പൊളിച്ചു നീക്കിയിട്ടുണ്ട്. അതിര്‍ത്തി സംഘര്‍ഷം പ്രതിരോധിക്കാന്‍ പര്‍വ്വത നിരകളിലെ യുദ്ധത്തിന് പരിശീലനം നേടിയ സൈനികരെ ഇന്ത്യ വിന്യസിച്ചിട്ടുണ്ട്. ചൈനീസ് അതിർത്തിയിൽ എന്തു പ്രകോപനമുണ്ടായാലും വെടിക്കോപ്പും തോക്കും ഉപയോഗിക്കില്ലെന്ന മുൻധാരണയിൽ നിന്നും കഴിഞ്ഞ ദിവസം ഇന്ത്യ പിൻമാറിയിരുന്നു. പ്രകോപനം ഉണ്ടായാൽ തിരിച്ചടിക്കാൻ സേനകൾക്കു പൂർണ സ്വാതന്ത്ര്യമാണ് കേന്ദ്രസർക്കാർ നൽകിയിട്ടുള്ളത്.

eng­lish sum­ma­ry: amid alert in border

you may also like this video: