ഇന്ത്യക്ക് ഇന്ന് ഇരട്ടി മധുരം

Web Desk
Posted on September 01, 2018, 3:21 pm

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം. പുരുഷന്‍മാരുടെ ലൈറ്റ് ഫ്‌ളൈ വെയ്റ്റ് 49 കിലോഗ്രാം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ അമിത് പന്‍ഗലും, പുരുഷ വിഭാഗം ബ്രിജ് ടീമുമാണ് സ്വര്‍ണം നേടിയത്. 15 ാം സ്വര്‍ണനേട്ടത്തോടെ ഏഷ്യന്‍ ഗെയിംസിലെ മൊത്തം മെഡല്‍ നേട്ടത്തില്‍ ഇന്ത്യ ചരിത്രം തിരുത്തി. സ്ക്വാഷ് വനിതാ ടീം വെള്ളിയും, ബ്രിജിൽ രണ്ടാമത്തെ പുരുഷ ടീമും മിക്സ്ഡ് ഡബിൾസ് ടീമും വെങ്കലവും നേടിയതോടെ പതിനാലാം ദിനത്തിൽ ഇന്ത്യയുടെ മെഡല്‍ നേട്ടം അഞ്ചായി.

പുരുഷ വിഭാഗം ലൈറ്റ് ഫ്ലൈ വെയ്റ്റ് 49 കിലോയിലാണ് അമിത് സ്വർണം സ്വന്തമാക്കിയത്. റിയോ ഒളിംപിക്സ് സ്വർണമെഡൽ ജേതാവായ ഉസ്ബെക്കിസ്ഥാൻ താരം ഹസൻബോയ് ദുസ്മറ്റോവിനെ 3–2 ന് പരാജയപ്പെടുത്തിയാണ്  അമിത് സ്വർണം നേടിയത്. ഈ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ബോക്സിംഗ് താരത്തെന്‍റെ ആദ്യ സ്വര്‍ണ നേട്ടം കൂടിയാണിത്. ബ്രിജിൽ പ്രണബ് ബർധൻ, ശിഭ്നാഥ് സർകാർ സഖ്യമാണ് ഇന്ന് ഇന്ത്യക്കായി രണ്ടാം സ്വർണം നേടിയത്.

ഏഷ്യന്‍ ഗെയിംസിന്‍റെ പതിനാലാം ദിനത്തില്‍ ഇന്ത്യ അഞ്ച് മെഡലുകള്‍ നേടിയതോടെ 2010 ലെ റെക്കോര്‍ഡാണ് മാറ്റിയെഴുതപ്പെട്ടത്. 15 സ്വര്‍ണവും 24 വെള്ളിയും 29 വെങ്കലവും ഉള്‍പ്പെടെ 68 മെഡലുകളാണ് ഇന്ത്യ ഈ ഏഷ്യന്‍ ഗെയിംസില്‍ സ്വന്തമാക്കിയത്. 2010 ല്‍ 14 സ്വർണവും 17 വെള്ളിയും 34 വെങ്കലവും ഉള്‍പ്പെടെ 65 മെഡലുകളെന്ന റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്.