ഹിന്ദി ദേശീയ ഭാഷയാക്കണമെന്ന് അമിത് ഷാ

Web Desk
Posted on September 14, 2019, 12:24 pm

ന്യൂഡല്‍ഹി: ഹിന്ദി ദേശീയഭാഷയാക്കണമെന്നും രാജ്യത്തെ ഒരുമിപ്പിക്കുന്ന ഏക ഭാഷ വേണമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിന്ദിയെ ഇന്ത്യയുടെ പ്രാഥമിക ഭാഷയായി മാറ്റണമെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു.
ദേശീയ ഹിന്ദി ദിവസിനോട് അനുബന്ധിച്ചാണ് അമിത് ഷായുടെ അഭിപ്രായ പ്രകടനം. ദേശീയ വിദ്യാഭ്യാസനയത്തിലെ സമാനമായ അഭിപ്രായം വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് അമിത് ഷായുടെ അഭിപ്രായ പ്രകടനമെന്നതും ശ്രദ്ധേയമാണ്.
ഇന്ത്യ പലവിധ ഭാഷകളുടെ രാജ്യമാണ്. ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. എന്നാല്‍ ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഏക ഭാഷ ഉണ്ടാവേണ്ടതും പ്രധാനമാണ്. അങ്ങനെയൊരു ഭാഷയുണ്ടാവുമെങ്കില്‍ അതു ഹിന്ദിയാണെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.
മാതൃഭാഷയുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ അമിത് ഷാ ജനങ്ങളെ ആഹ്വാനം ചെയ്തു. രാജ്യത്തിന് ഏക ഭാഷ എന്ന മഹാത്മാ ഗാന്ധിയുടെയും സര്‍ദാര്‍ പട്ടേലിന്റെയും സ്വപ്‌നം സഫലമാവാന്‍ പ്രയത്‌നിക്കണമെന്ന് ട്വീറ്റില്‍ പറയുന്നു.
ഇന്ത്യ രാജ്യഭാഷയെന്ന പദവി ഒരു ഭാഷയ്ക്കും നല്‍കിയിട്ടില്ല. നിലവില്‍ ഇംഗ്ലീഷ്, ഹിന്ദി എന്നിവയാണ് ദേശീയതലത്തില്‍ ഇന്ത്യന്‍ ഔദ്യോഗിക ഭാഷകള്‍. മലയാളമടക്കം 22 ഭാഷകളെ ഷെഡ്യൂള്‍ഡ് ഭാഷകളിലായി അംഗീകരിച്ചിട്ടുണ്ട്.
കരട് ദേശീയ വിദ്യാഭ്യാസനയത്തിലെ ഹിന്ദി പ്രാഥമിക ഭാഷയാക്കണമെന്നുള്ള നിര്‍ദ്ദേശത്തോട് കേരളവും തമിഴ്‌നാടും കര്‍ണാടകയും അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തമിഴ്‌നാട്ടില്‍ ഇതിനെതിരെ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയകക്ഷികള്‍ രംഗത്തെത്തി. പ്രതിഷേധം അക്രമാസക്തമാവുകയും ചെയ്തു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ശുപാര്‍ശക്കെതിരെ രംഗത്തെത്തിയിരുന്നു. എതിര്‍പ്പ് ശക്തമായതോടെ ശുപാര്‍ശ കരടില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.