Thursday
21 Mar 2019

ബിജെപിയില്‍ അഭിപ്രായ ഭിന്നത: പ്രശ്‌ന പരിഹാരത്തിന് അമിത് ഷാ കേരളത്തിലേക്ക്?

By: Web Desk | Saturday 1 December 2018 10:03 PM IST


Amitshah prajapathy

പി പി അനില്‍കുമാര്‍

കോഴിക്കോട്: ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് ബി ജെ പിയില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നത ഇന്ന് കോഴിക്കോട് ചേര്‍ന്ന സംസ്ഥാന നേതൃതല യോഗത്തിലും പ്രകടമായി. പ്രസിഡണ്ട് പി എസ് ശ്രീധരന്‍പിള്ളയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. ഈ സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിനും സമരം ശക്തമാക്കാനുമായി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉടന്‍ കേരളത്തിലെത്തും. ഇതിന്‍റെ മുന്നോടിയായ ദേശീയ നേതാവ് സരോജ് പാണ്ഡെയുടെ നേതൃത്തിലുള്ള സംഘം സംസ്ഥാനത്തെത്തിയിട്ടുണ്ട്. രാജസ്ഥാന്‍, തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കേന്ദ്ര മന്ത്രിമാരുടെ പട ശബരിമല സമരത്തിന്റെ ഭാഗമായി കേരളത്തിലെത്തുമെന്നും സൂചനയുണ്ട്. ശബരിമലയില്‍ നിന്നും സമരം സെക്രട്ടറിയേറ്റ് നടയിലേക്ക് മാറ്റാനുള്ള ബി ജെ പി തീരുമാനത്തില്‍ ആര്‍ എസ് എസ് വിയോജിപ്പ് പ്രകടിപ്പിച്ചത് സംസ്ഥാന നേതൃത്വത്തിന് തലവേദനയാകും. ശ്രീധരന്‍പിള്ള തനിഷ്ടപ്രകാരം തീരുമാനങ്ങള്‍ എടുക്കുന്നതായും ആക്ഷേപമുണ്ട്. ശബരിമല വിഷയത്തില്‍ ആര്‍ എസ് എസ്സിനോട് ആലോചിക്കാതെയാണ് സെക്രട്ടറിയേറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാര സമരം തീരുമാനിച്ചതെന്നാണ് പരാതി.

അതേസമയം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ സംരക്ഷിക്കാന്‍ പാര്‍ട്ടി വേണ്ട രീതിയില്‍ ഇടപെട്ടില്ലെന്ന് നേതൃയോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പ്രമുഖ അഭിഭാഷകന്‍ കൂടിയായ പ്രസിഡണ്ട് ഈ കാര്യത്തില്‍ താല്‍പ്പര്യമെടുത്തില്ലെന്നാണ് പ്രധാന പരാതി. വിഷയത്തില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ വന്‍ പ്രതിഷേധം ഉയരുന്നതായും ചില നേതാക്കള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ശബരിമലയില്‍ നിന്നും തിരക്കിട്ട് സമരം മാറ്റിയത് ദുരൂഹമാണെന്നും ഈ കാര്യം സമൂഹത്തെ ബോധ്യപ്പെടുത്താന്‍ നേതൃത്തിന് കഴിഞ്ഞിട്ടില്ലെന്നും വിമര്‍ശനം ഉണ്ടായി. ശ്രീധരന്‍പിള്ള സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരിയുമായി ധാരണ ഉണ്ടാക്കിയാണ് സമരം സെക്രട്ടറിയേറ്റിലേക്ക് മാറ്റിയതെന്നടക്കം യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നു. പലരുടേയും ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ പ്രസിഡണ്ട് പി.എസ്. ശ്രീധരന്‍ പിള്ളയ്ക്ക് കഴിഞ്ഞില്ലെന്നാണ് വിവരം. വി മുരളീധരന്‍ എം പി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രന്‍, എ എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. രാവിലെ കോഴിക്കോട് ജില്ലാ ജയിലില്‍ കെ സുരേന്ദ്രനെ സന്ദര്‍ശിച്ച മുരളീധരന്‍ യോഗത്തില്‍ പങ്കെടുക്കാതെ തിരുവനന്തപുരത്തേക്ക് തിരിക്കുകയായിരുന്നു. മറ്റൊരു സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എം ടി രമേശ് യോഗം തുടങ്ങി ഏറെ നേരം കഴിഞ്ഞാണ് എത്തിച്ചേര്‍ന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇതിനിടെ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും പാര്‍ട്ടിപ്രവര്‍ത്തകരെയും നേതാക്കളെയും കള്ളക്കേസില്‍ കുടുക്കുകയാണെന്നും ആരോപിച്ച് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിതടയുന്നതിന് നേതൃയോഗം തീരുമാനിച്ചിട്ടുണ്ട്. ശബരിമലയിലെ പൊലീസ് നടപടികള്‍ വലിയ മനുഷ്യാവകാശ പ്രശ്‌നമായി മാറിയിട്ടുണ്ട്. അയ്യപ്പന്‍മാരെ ക്രിമിനലുകളെപ്പോലെ വേട്ടയാടുകയാണ്. ഇതിനെതിരേ ബിജെപി നടത്തിവരുന്ന സമരങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം നാളെ ആരംഭിക്കുമെന്നും ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസിലാക്കാന്‍ നാലംഗ ബിജെപി അഖിലേന്ത്യാ സംഘം കേരളത്തിലെത്തുമെന്നും യോഗത്തില്‍ പ്രഖ്യാപനമുണ്ടായപ്പോഴും പ്രവര്‍ത്തകരില്‍ നിന്നും തണുത്ത പ്രതികരണമായിരുന്നു.

നേതൃയോഗത്തിനു ശേഷം മാധ്യമങ്ങളെക്കണ്ട ബിജെപി സംസ്ഥാന ജന സെക്രട്ടറി എം ടി രമേശ് ഏക സിവില്‍ കോഡ് സംബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങളും നേതൃത്വത്തിലെ അഭിപ്രായ ഭിന്നത തെളിയിക്കുന്നതായി. ഏക സിവില്‍ കോഡിനു വേണ്ടി ബിജെപി മുന്‍കൈ എടുത്തിട്ടില്ലെന്നും ഏക സിവില്‍ കോഡ് പെട്ടെന്ന് നടപ്പാക്കാനാകില്ലെന്നുമാണ് എം ടി രമേശ് വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ സമവായം വേണം. അതുണ്ടാകും വരെ നടപ്പാക്കാനാകില്ല. മുസ്ലിം വിഭാഗത്തിലെ സ്ത്രീകളുടെകൂടി ആവശ്യമാണ് ഏക സിവില്‍ കോഡെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോടതിയിലും സമവായത്തിനു ശ്രമിക്കുന്നുവെന്നാണ് മറുപടി നല്‍കിയതെന്നും വിശ്വാസവും ആചാരവും സംരക്ഷിക്കാന്‍ സമരം ചെയ്യുന്ന ബിജെപിയുടെ പ്രകടന പത്രികയിലടക്കം ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് പറയുന്നത് മുസ്ലിംകളുടെ വിശ്വാസ നിഷേധമല്ലെയെന്ന ചോദ്യത്തിനു മറുപടിയായി അദ്ദേഹം പ്രതികരിച്ചു.
ശബരിമല വിഷയം പൊതു വിഷയമല്ല.ക്ഷേത്രത്തിലെ കാര്യമാണ്. ക്ഷേത്രം പൊതു ഇടമാണെന്ന സംസ്ഥാന സര്‍ക്കാറിന്റെ സത്യവാങ്മൂലമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും ഇത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും രമേശ് പറഞ്ഞു. വീട് പോലെ തന്നെ ക്ഷേത്രം വിശ്വാസികളുടെ സ്വകാര്യ സ്വത്താണെന്നും വീട്ടില്‍ ലിംഗ സമത്വം വേണമെന്നു പറയാനാകില്ലെന്നുമാണ് രമേശിന്റെ വാദം.

Related News