വയനാടിനെ പാകിസ്ഥാനുമായി താരതമ്യപ്പെടുത്തി അമിത് ഷാ

Web Desk
Posted on April 10, 2019, 10:08 am

വയനാടിനെ പാകിസ്ഥാനുമായി താരതമ്യപ്പെടുത്തി ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ.കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് കണ്ടാല്‍ പാക്കിസ്ഥാനാണോയെന്ന് തോന്നുമെന്നാണ് അമിത് ഷ പറയുന്നത്. നാഗ്പുരില്‍ നിതിന്‍ ഗഡ്കരിയുടെ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

“വയനാട്ടില്‍ നടന്ന റാലി കണ്ടാല്‍ അത് നടക്കുന്നത് ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്ന് പറയാനാവില്ല. എന്തിനാണ് അത്തരമൊരു സ്ഥലത്ത് രാഹുല്‍ മത്സരിക്കുന്നത്. ഇന്ത്യ പാകിസ്താനില്‍ വ്യോമാക്രമണം നടത്തിയപ്പോള്‍ രാജ്യം മുഴുവന്‍ സന്തോഷത്തിലായിരുന്നു. എന്നാല്‍ പാകിസ്താനും കോണ്‍ഗ്രസ് പാര്‍ട്ടിയും ദുഃഖത്തിലായി. കോണ്‍ഗ്രസിന്റെ സാം പിത്രോഡ പാകിസ്താനുവേണ്ടി വാദിക്കുന്നു. പുല്‍വാമയില്‍ ആക്രമണം നടത്തിയ ഭീകരരെ ന്യായീകരിക്കാനാവുമെന്ന് തോന്നുന്നുണ്ടോ?” അമിത് ഷാ ചോദിക്കുന്നു.

ഏപ്രില്‍ നാലിന് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയപ്പോള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കൊടിയുമേന്തി നടത്തിയ റാലിയെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ പ്രസംഗം.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ മുതല്‍ ബിജെപി നേതാക്കള്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്.