നാലോ, അഞ്ചോ ഭീകരര്‍ ഇന്ത്യയിലേക്കു കടന്നു; അമിത് ഷാ കശ്മീരില്‍ സന്ദര്‍ശനം നടത്തും

Web Desk
Posted on August 04, 2019, 2:56 pm

ശ്രീനഗര്‍: നിയന്ത്രണ രേഖ കടന്ന് ജൂലൈ 29നും 31നും ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ പാകിസ്ഥാനില്‍ നിന്നു ഭീകരര്‍ നിരന്തരം ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്. നാലോ അഞ്ചോ ഭീകരര്‍ ഇന്ത്യയിലേക്കു കടന്നിട്ടുണ്ടെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരിയില്‍ പുല്‍വാമയില്‍ നടത്തിയതു പോലെ വന്‍ ഭീകരാക്രമണങ്ങള്‍ക്കാണ് ഇവര്‍ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് ഇന്റലിജന്‍സ് വിവരം. സംഘര്‍ഷ സാധ്യതകളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്മീരില്‍ സന്ദര്‍ശനം നടത്തും. സന്ദര്‍ശനത്തിന്റെ വിശദമായ പരിപാടികള്‍ തയ്യാറാക്കി വരുന്നതേയുള്ളൂവെന്നാണു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യം ജമ്മുവിലെത്തുന്ന ആഭ്യന്തര മന്ത്രി അവിടെനിന്ന് കശ്മീര്‍ താഴ്വരയിലേക്കു പോകും.

കഴിഞ്ഞ ദിവസം കശ്മീരിലെ കേരന്‍ സെക്ടറില്‍ നുഴഞ്ഞു കയറ്റ ശ്രമം നടത്തുന്നതിനിടെ പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബിഎടി) അംഗങ്ങളെയാണ് ഇന്ത്യ വധിച്ചത്. ഇന്ത്യന്‍ സൈന്യത്തെ ലക്ഷ്യമാക്കിയാണ് ഇരുപതോളം പേരടങ്ങുന്ന ബിഎടിയും ഭീകരരും നീക്കം നടത്തിയത്. പ്രദേശത്തു കനത്ത മൂടല്‍മഞ്ഞുണ്ടായിരുന്ന സമയത്തായിരുന്നു പാക്ക് നീക്കം. നുഴഞ്ഞുകയറ്റക്കാരുടെ മൃതദേഹങ്ങളുടെ ചിത്രങ്ങളും പിന്നാലെ ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടു.