Janayugom Online
amit-sha

നോട്ട് നിരോധിച്ച വര്‍ഷം അമിത്ഷായുടെ സഹകരണബാങ്കില്‍ അക്കൗണ്ടുകള്‍ ഇരട്ടിയായി

Web Desk
Posted on June 22, 2018, 11:07 pm

ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത്ഷാ ഡയറക്ടറായ സഹകരണബാങ്കില്‍ നോട്ട് നിരോധനത്തിന് ശേഷമുള്ള അഞ്ചു ദിവസത്തിനിടെ 745.59 കോടി രൂപ നിക്ഷേപമുണ്ടായതിന് പുറമേ അസാധാരണ നിലയില്‍ പുതിയ അക്കൗണ്ടുകളുടെ എണ്ണവും വര്‍ധിച്ചു. നോട്ടുനിരോധനം നടപ്പിലാക്കിയ 2016–17 സാമ്പത്തികവര്‍ഷം നാലുലക്ഷത്തോളം അക്കൗണ്ടുകളാണ് അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍ പുതിയതായി ആരംഭിച്ചത്. 2016 മാര്‍ച്ച് 31 വരെയുള്ള ബാങ്കിന്റെ രേഖകള്‍ പ്രകാരം 15,25,563 അക്കൗണ്ടുകളാണുണ്ടായിരുന്നത്. എന്നാല്‍ 2017 മാര്‍ച്ച് 31 ആകുമ്പോഴേയ്ക്കും അക്കൗണ്ടുകളുടെ എണ്ണം 19,23,999 ആയി ഉയര്‍ന്നു.
അഞ്ചു ദിവസങ്ങള്‍ക്കകം നിരോധിത നോട്ടുകള്‍ ഭീമമായി നിക്ഷേപിക്കപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നതിന് ശേഷം കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയ നബാര്‍ഡിന്റെ പ്രസ്താവനയിലും അസാധാരണമായി അക്കൗണ്ടുകളുടെ എണ്ണം വര്‍ധിച്ചുവെന്നതിന്റെ വ്യക്തമായ സൂചനകളുണ്ട്. നവംബര്‍ 14 വരെയുള്ള കാലത്ത് 17 ലക്ഷത്തിലധികം അക്കൗണ്ടുകളില്‍ 1.6 ലക്ഷം അക്കൗണ്ടുകളിലാണ് 745.59 കോടിരൂപ നിക്ഷേപമുണ്ടായതെന്നും അത് കണക്കിലെടുത്താല്‍ ഒരു അക്കൗണ്ടിലുണ്ടായത് കേവലം 46,795 രൂപ മാത്രമാണെന്നുമാണ് നബാര്‍ഡ് വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. അത് അംഗീകരിച്ചാല്‍ പോലും 2016 ഏപ്രില്‍ ഒന്നിനും നവംബര്‍ 14 നുമിടയില്‍ രണ്ടു ലക്ഷത്തിലധികം പുതിയ അക്കൗണ്ടുകള്‍ തുറക്കപ്പെട്ടിട്ടുണ്ട്. മുമ്പ് ഓരോ സാമ്പത്തിക വര്‍ഷവും പുതുതായുണ്ടായ അക്കൗണ്ടുകളുടെ എണ്ണവുമായി താരതമ്യം ചെയ്താല്‍ നൂറു ശതമാനത്തിലധികമാണ് നോട്ടു നിരോധിച്ച വര്‍ഷത്തെ വര്‍ധന. 2014- 2015 വര്‍ഷം 1,61,778, 2015 — 2016 വര്‍ഷം 1,72,090 അക്കൗണ്ടുകളാണ് യഥാക്രമം വര്‍ധിച്ചത്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം അതായത് നോട്ടുനിരോധനം നടപ്പിലായ 2016–17 സാമ്പത്തിക വര്‍ഷം ഇത് ഒറ്റയടിക്ക് നാലുലക്ഷത്തിലധികമായി ഉയരുകയായിരുന്നു.
അതേസമയം അഹമ്മദാബാദ് ജില്ലാ സഹകരണബാങ്കില്‍ ഏറ്റവും ഉയര്‍ന്ന തോതില്‍ 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ നിക്ഷേപം നടത്തിയ വിഷയത്തില്‍ അമിത്ഷായുടെ ബന്ധത്തെപ്പറ്റിയുള്ള വാര്‍ത്ത ടൈംസ് നൗ, ന്യൂസ്18.കോം, ഫസ്റ്റ് പോസ്റ്റ്, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എന്നിവയുടെ വെബ്‌സൈറ്റുകള്‍ പിന്‍വലിച്ചു. ഒരു വിശദീകരണവുമില്ലാതെയാണ് വാര്‍ത്ത പിന്‍വലിച്ചത്. ന്യൂസ്18.കോം, ഫസ്റ്റ് പോസ്റ്റ് എന്നീ വെബ്‌സൈറ്റുകള്‍ റിലയന്‍സ് വ്യവസായ ശൃംഖലയുടെ 18 ഗ്രൂപ്പില്‍പ്പെട്ടതാണ്. മോഡിയുടെ നോട്ട് നിരോധന പ്രഖ്യാപനം വന്നതിന് അഞ്ച് ദിവസത്തിനുള്ളില്‍ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് 745.59 കോടിയുടെ നിരോധിത കറന്‍സിയുടെ നിക്ഷേപം സ്വീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍ എസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് കള്ളപ്പണം വെളുപ്പിക്കാനുള്ള നീക്കമായിരുന്നോ എന്ന ഉത്കണ്ഠ ഉയര്‍ത്തിയിരുന്നു. നിരവധി വര്‍ഷങ്ങളായി അമിത് ഷാ ബാങ്കിന്റെ ഡയറക്ടറാണെന്നും 2000ല്‍ അദ്ദേഹം ബാങ്കിന്റെ ചെയര്‍മാന്‍ ആയിരുന്നെന്നും ബാങ്കിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. ദ വയറിനോടുള്ള പ്രതികരണത്തില്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എഡിറ്റോറിയല്‍ ഡയറക്ടറായ പ്രഭു ചൗള വാര്‍ത്ത പിന്‍വലിച്ചതിന്റെ ഉത്തരവാദിത്വം പത്രത്തിന്റെ എഡിറ്ററായ ജി എസ് വാസുവിനാണെന്ന് പറഞ്ഞു. ദ വയര്‍ വാര്‍ത്ത പിന്‍വലിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ന്യൂസ് 18.കോമിന്റെയും ഫസ്റ്റ് പോസ്റ്റിന്റെയും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെയും എഡിറ്റര്‍മാര്‍ക്ക് അയച്ചുകൊടുത്തിരുന്നു. ഇത് ആദ്യമായല്ല ബി ജെ പി നേതാക്കന്‍മാരെക്കുറിച്ചുള്ള വിമര്‍ശനാത്മകമായ വാര്‍ത്തകള്‍ ന്യൂസ് വെബ്‌സൈറ്റുകളില്‍ നിന്ന് പിന്‍വലിക്കുന്നത്. 2017 ജൂലൈയില്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടക്ക് അമിത് ഷായുടെ ആസ്തി 300ശതമാനമായി ഉയര്‍ന്നു എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കകം പത്രത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് വാര്‍ത്ത പിന്‍വലിക്കുകയായിരുന്നു. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി തന്റെ കൊമേഴ്‌സ് ബിരുദം പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയത് കഴിഞ്ഞ ജൂലൈ 29ന് ഡിഎന്‍എ പത്രത്തിലും ഔട്ട്‌ലുക്കിന്റെ ഹിന്ദി വെബ്‌സൈറ്റിലും വാര്‍ത്തയായിരുന്നു.എന്നാല്‍ യാതൊരു കാരണവും കാണിക്കാതെ ഈ വാര്‍ത്തയും ഈ മാധ്യമങ്ങളുടെ വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു.