അമിത്ഷായുടെ പൗരത്വ ഭീഷണി; ബിജെപി ‘ഹനുമാന്‍’ ആത്മഹത്യ ചെയ്തു

Web Desk
Posted on October 06, 2019, 8:29 pm

കൊല്‍ക്കത്ത: ബിജെപി ദേശീയ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ പരൗത്വ പ്രഖ്യാപന ഭീഷണിയില്‍ ഭയന്ന് സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിലുള്‍പ്പെടെ ബിജെപി സ്ഥാനാര്‍ഥികള്‍ക്കായി ‘ഹനുമാന്‍’ വേഷധാരിയായി പ്രചരണത്തിനിറങ്ങിയ നിബാഷ് സര്‍ക്കാര്‍ ആണ് ആത്മഹത്യ ചെയ്തത്. ബംഗ്ലാദേശില്‍ നിന്ന് ബംഗാളിലേക്ക് കുടിയേറിയതാണ് നിബാഷ് സര്‍ക്കാര്‍.

രാജ്യമൊട്ടാകെ ദേശീയ പൗരത്വ ബില്‍ നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ പ്രഖ്യാപിച്ചതോടെയാണ് നിബാഷ് അസ്വസ്തനായത്. ബംഗ്ലാദേശില്‍ നിന്ന് വന്ന ഹിന്ദുക്കളെ പുറത്താക്കില്ലെന്ന് ബിജെപിയും സംഘപരിവാര്‍ പ്രചാരകരും പറയുന്നുണ്ട്. എങ്കിലും അസമില്‍ 12 ലക്ഷം ഹിന്ദുക്കള്‍ പൗരത്വ പട്ടികയ്ക്ക് പുറത്തായിരുന്നു. ഈ അനുഭവം കണക്കിലെടുത്ത് താനും പൗരത്വമില്ലാത്തവനായി മാറുമെന്ന ഭീതി നിബാഷിന് ഉണ്ടായിരുന്നതായി അയാളുടെ അയല്‍ക്കാരനായ ദീപക് റോയ് പറഞ്ഞു. പ്രദേശത്ത് നിബാഷ് സര്‍ക്കാറിനെ പോലെ നിരവധി പേര്‍ ബംഗ്ലാദേശികള്‍ കുടിയേറി വന്ന് താമസിക്കുന്നുണ്ടെന്ന് ദീപക് റോയ് പറഞ്ഞു.

സംസ്ഥാനത്തെ ബംഗ്ലാദേശി ഹിന്ദു കുടിയേറ്റ മേഖലകളിലെല്ലാം വലിയ ഭീതിയാണിപ്പോഴുള്ളത്. എന്‍ആര്‍സി എന്ന് ബിജെപി പറയുമ്പോള്‍ ഭയക്കുന്നത് ഇവരെ പോലെയുള്ള ആയിരങ്ങളാണ്. ബിജെപി സ്ഥാനാര്‍ഥിയായിരുന്ന ജഗന്നാഥ് സര്‍ക്കാര്‍ പോലും ബംഗ്ലാദേശില്‍ നിന്നും കുടിയേറിയതാണെന്നും ദീപക് റോയ് പറഞ്ഞു. നിബാഷ് സര്‍ക്കാരിന്റെ ആത്മഹത്യയില്‍ ബംഗാളിലെ ഇടതുപാര്‍ട്ടികള്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.