ഹിന്ദി ദേശീയ ഭാഷ: അമിത് ഷായ്‌ക്കെതിരെ കടുത്ത പ്രതിഷേധം

Web Desk
Posted on September 14, 2019, 2:28 pm

ചെന്നൈ: ഹിന്ദി ദേശീയഭാഷയാക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ഉയരുന്നു, വീണ്ടും ഭാഷാ സമരത്തിന് ഒരുക്കമാണെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു.  ഒരു രാജ്യം, ഒരു ഭാഷ വിഷയത്തില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ തങ്ങള്‍ നിരന്തരസമരത്തിലാണ്. അമിത് ഷായുടെ പ്രസ്താവന ഞെട്ടലുണ്ടാക്കി. രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കുന്ന പ്രസ്താവനയാണിത്. അദ്ദേഹം പ്രസ്താവന പിന്‍വലിക്കാന്‍ തയാറാകണമെന്നും സ്റ്റാലിന്‍ പറഞ്ഞു. തിങ്കളാഴ്ച ചേരുന്ന പാര്‍ട്ടിയുടെ എക്‌സിക്യുട്ടീവ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമിത് ഷായുടെ ട്വീറ്റിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതയും രംഗത്തെത്തി. ഓരോരുത്തര്‍ക്കും മാതൃഭാഷയാണ് ഏറ്റവും പ്രാധാന്യമേറിയതെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു.

ഹിന്ദി എല്ലാവരുടെയും മാതൃഭാഷ അല്ല. ഈ രാജ്യത്തെ വിവിധ മാതൃഭാഷകളുടെ വൈവിധ്യവും സൗന്ദര്യവും അംഗീകരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ ഓരോ ഇന്ത്യക്കാരനും വ്യത്യസ്തമായ ഭാഷ, ലിപി, സംസ്‌കാരം എന്നിവക്കുള്ള അവകാശം ആര്‍ട്ടിക്ക്ള്‍ 29 നല്‍കുന്നു. ഹിന്ദിയെക്കാളും ഹിന്ദുവിനെക്കാളും ഹിന്ദുത്വയെക്കാളും വലുതാണ് ഇന്ത്യയെന്ന് എ.ഐ.എം.ഐ.എം നേതാവ് ആസാദുദ്ദീന്‍ ഉവൈസി ട്വിറ്ററില്‍ പറഞ്ഞു.

രാജ്യത്തെ ഒന്നിപ്പിക്കാന്‍ ഹിന്ദിക്ക് കഴിയുമെന്നും ലോകത്തിനു മുന്നില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഒരു ഭാഷ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണെന്നുമായിരുന്നു അമിത് ഷായുടെ വാദം. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി ട്വിറ്ററിലൂടെയായിരുന്നു ബിജെപി അധ്യക്ഷന്‍ കൂടിയായ അമിത് ഷായുടെ പ്രസ്താവന. ഹിന്ദിയെ പ്രാഥമിക ഭാഷയാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

ഇന്ത്യ രാജ്യഭാഷയെന്ന പദവി ഒരു ഭാഷയ്ക്കും നല്‍കിയിട്ടില്ല. നിലവില്‍ ഇംഗ്ലീഷ്, ഹിന്ദി എന്നിവയാണ് ദേശീയതലത്തില്‍ ഇന്ത്യന്‍ ഔദ്യോഗിക ഭാഷകള്‍. മലയാളമടക്കം 22 ഭാഷകളെ ഷെഡ്യൂള്‍ഡ് ഭാഷകളിലായി അംഗീകരിച്ചിട്ടുണ്ട്.

കരട് ദേശീയ വിദ്യാഭ്യാസനയത്തിലെ ഹിന്ദി പ്രാഥമിക ഭാഷയാക്കണമെന്നുള്ള നിര്‍ദ്ദേശത്തോട് കേരളവും തമിഴ്‌നാടും കര്‍ണാടകയും അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും പശ്ചിമബംഗാള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തമിഴ്‌നാട്ടില്‍ ഇതിനെതിരെ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയകക്ഷികള്‍ രംഗത്തെത്തി. പ്രതിഷേധം അക്രമാസക്തമാവുകയും ചെയ്തു.എതിര്‍പ്പ് ശക്തമായതോടെ ശുപാര്‍ശ കരടില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.