Saturday
23 Feb 2019

ആര്‍ക്കും തടയാനാകില്ലെന്നും രഥയാത്രയുമായി മുന്നോട്ടുപോകുമെന്നും അമിത് ഷാ

By: Web Desk | Friday 7 December 2018 5:37 PM IST


amit sha in tripura

ന്യൂഡല്‍ഹി: ബിജെപിയുടെ രഥയാത്രയെ ആര്‍ക്കും തടയാനാകില്ലെന്നും രഥയാത്രയുമായി മുന്നോട്ടുപോകുമെന്നും അമിത് ഷാ പറഞ്ഞു. അമിത് ഷാ  പശ്ചിമ ബംഗാളില്‍ നടത്താനിരുന്ന രഥയാത്രയ്ക്ക് അനുമതി നിഷേധിച്ച സംഭവത്തില്‍ കോടതിക്കെതിരെയും തൃണമൂല്‍ നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിക്കെതിരെയും  രൂക്ഷ വിമര്‍ശവുമായാണ്  ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതികരിച്ചത്.

മമതയുടെ നേതൃത്വത്തില്‍ ബംഗാളില്‍ അരങ്ങേറുന്നത് ഭീകരഭരണമാണ്. അവര്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്നും അമിത് ഷാ പറഞ്ഞു. യാത്രക്ക് അനുമതി നിഷേധിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി കഴിഞ്ഞ ദിവസം കൊല്‍ക്കത്ത ഹൈക്കോടതി ശരി വെച്ചിരുന്നു. വിധിക്കെതിരെ ഡിവിഷന്‍ ബഞ്ചിനെ സമര്‍പ്പിക്കാനാണ് ബിജെപിയുടെ നീക്കം.

രഥയാത്ര കൂച്ച്‌ ബെഹാറില്‍ നിന്ന് തുടങ്ങാനായിരുന്നു പാര്‍ട്ടിയുടെ പരിപാടി. കൂച്ച്‌ ബെഹാര്‍ വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയുള്ള ജില്ലയാണെന്നും അമിത് ഷായുടെ രഥയാത്രയ്ക്കിടെ ആക്രമണസാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് ലഭിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മുതിര്‍ന്ന ബിജെപി നേതാക്കളും മറ്റുസ്ഥലങ്ങളില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകരും ജില്ലയിലെത്തുന്നത് സംഘര്‍ഷത്തിന് ഇടയാക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

പശ്ചിമബംഗാളിലെ 42 സീറ്റുകളില്‍ പകുതി സീറ്റെങ്കിലും വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ നേടുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. നിലവില്‍ ബിജെപിക്ക് രണ്ട് ലോക്‌സഭാ സീറ്റ് മാത്രമാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്തെ മുഴുവന്‍ ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും ബിജെപി രഥയാത്ര കടന്നു പോകും.

Related News