അമിത് ഷാ ചൊവ്വാഴ്ച കേരളത്തിൽ ; ലക്ഷ്യം സംസ്ഥാന അധ്യക്ഷ പ്രഖ്യാപനമോ തിരഞ്ഞെടുപ്പോ

Web Desk
Posted on June 28, 2018, 1:00 pm

ന്യൂഡല്‍ഹി: ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ ചൊവ്വാഴ്ച കേരളത്തിലെത്തും. ഷായുടെ കേരള സന്ദര്‍ശനത്തിനു ശേഷം പുതിയ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി പി മുരളീധര്‍ റാവു അറിയിച്ചു.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വിവിധ സംസ്ഥാനങ്ങളില്‍ നടത്തുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഷാ കേരളത്തിലും എത്തുന്നത്. തിരുവനന്തപുരത്തു വെച്ച്‌ നടത്തുന്ന ചര്‍ച്ചകളില്‍ എല്ലാ നേതാക്കളുമായും അമിത് ഷാ സംവദിക്കുമെന്നും, തെക്കന്‍ കേരളത്തിലെ ആറു ലോക്‌സഭാ മണ്ഡലങ്ങള്‍ സംബന്ധിച്ച കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുകയെന്ന് പി മുരളീധര്‍ റാവു പറഞ്ഞു. ആറു മണ്ഡലങ്ങള്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട, മാവേലിക്കര, ആലപ്പുഴ എന്നിവയാണ്. അടുത്ത സന്ദര്‍ശനത്തില്‍ മറ്റു മണ്ഡലങ്ങളെപ്പറ്റി ചര്‍ച്ചയുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാന അധ്യക്ഷ നിയമനത്തിലെ അനിശ്ചിതത്വം പരിഹരിക്കാനുള്ള ചര്‍ച്ചകളുടെ ഭാഗമല്ല ഷായുടെ സന്ദര്‍ശനമെന്നാണു കേന്ദ്ര നേതൃത്വം നല്‍കുന്നവിശദീകരണം. എന്നിരുന്നാലും സന്ദര്‍ശനത്തിനു പിന്നാലെ അധ്യക്ഷ നിയമനം പ്രതീക്ഷിക്കാമെന്നും റാവു സൂചിപ്പിച്ചു.

പാര്‍ട്ടിയെ പൊതു തെരഞ്ഞെടുപ്പിനു സജ്ജമാക്കാനും പ്രമുഖരെ ബിജെപിയിലേക്കു കൊണ്ടുവരാനുള്ള തന്ത്രങ്ങളൊരുക്കാനും കൂടിയാണ് ജൂലൈ മൂന്നിനു ഷാ വരുന്നത്. കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ച്‌ ഒരു മാസമായിട്ടും സംസ്ഥാന അധ്യക്ഷനെ നിശ്ചയിച്ചിട്ടില്ല.