August 7, 2022 Sunday

Related news

August 6, 2022
August 6, 2022
August 5, 2022
August 4, 2022
August 1, 2022
July 31, 2022
July 31, 2022
July 29, 2022
July 29, 2022
July 27, 2022

ഉത്തര്‍പ്രദേശില്‍ കൊറോണ വൈറസ് പരിശോധന ദ്രുതഗതിയിലാക്കണം: യോഗിക്ക് അമിത് ഷായുടെ നിര്‍ദേശം

Janayugom Webdesk
ന്യൂഡല്‍ഹി
July 3, 2020 12:59 pm

ഉത്തര്‍പ്രദേശില്‍ കൊറോണ വൈറസ് പരിശോധന ദ്രുതഗതിയിലാക്കാന്‍ യോഗി ആദിത്യനാഥിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശം. കോവിഡ് വ്യാപനം രൂക്ഷമാകുന്ന ദേശീയ തലസ്ഥാന മേഖലയിലെ(എന്‍സിആര്‍) സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉത്തര്‍ പ്രദേശ്, ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായി ആഭ്യന്തരമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. എന്‍സിആറില്‍ മൊത്തമായി പരിശോധന വേഗത്തിലാക്കാന്‍ യോഗം പ്രത്യേക കര്‍മപദ്ധതി മുന്നോട്ട് വച്ചിട്ടുണ്ട്. ഡല്‍ഹിയിലെ കോവിഡ് കേസുകളുടെ ഭൂരിഭാഗവും എന്‍സിആറില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഡല്‍ഹിക്ക് പുറമെ രണ്ട് സംസ്ഥാനങ്ങളിലായി എട്ട് ജില്ലകള്‍ ഉള്‍പ്പെട്ടതാണ് ദേശീയ തലസ്ഥാന പ്രദേശം. റോഹ്തക്, ജജ്ജർ, സോണിപത്, ഗുഡ്ഗാവ്, ഫരീദാബാദ് എന്നിവയാണ് ഹരിയാനയിലെ ജില്ലകൾ. ഗൗതം ബുദ്ധ നഗർ, ഗാസിയാബാദ്, ബാഗ്പത് എന്നിവ ഉത്തർപ്രദേശിൽ ഉൾപ്പെടുന്നു. ഈ പ്രദേശങ്ങളിൽ കോവിഡ് 19 കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്.
മൂന്ന് സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശിലാണ് ഏറ്റവും താഴ്ന്ന പരിശോധനാ നിരക്ക്. ജനസംഖ്യയിൽ ഒരു ദശലക്ഷം പേരില്‍ 72 പേര്‍ക്ക് ഗൗതം ബുദ്ധ നഗർ ഭരണകൂടം ടെസ്റ്റുകൾ നടത്തിയിട്ടുള്ളത്. ഗാസിയാബാദില്‍ ഇത് 78 പേര്‍ക്കാണ്. ഈ സാഹചര്യം എന്തുകൊണ്ടാണെന്ന് യുപി സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് യോഗത്തില്‍ ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു.

റിക്ഷാ ഡ്രൈവർമാർ, പച്ചക്കറി കച്ചവടക്കാർ എന്നിവരുൾപ്പെടെ ഉയർന്ന അപകടസാധ്യതയുള്ള തൊഴിലാളികൾക്കിടയിൽ പരിശോധന വേഗത്തിലാക്കാൻ സംസ്ഥാനത്തുടനീളം നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് ആദിത്യനാഥ് ആഭ്യന്തരമന്ത്രിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്രിവാൾ, മനോഹർ ലാൽ ഖത്തർ, ആദിത്യനാഥ് എന്നിവരെ കൂടാതെ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധനും യോഗത്തിൽ പങ്കെടുത്തു.

മരണനിരക്ക് ഒരു ശതമാനത്തിൽ താഴെയാക്കാൻ സംസ്ഥാനങ്ങള്‍ പരിശ്രമിക്കണമെന്ന് അമിത് ഷാ മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഭാവിയില്‍ ചരിത്രം രേഖപ്പെടുത്തുമ്പോള്‍ എത്ര പേര്‍ സുഖം പ്രാപിച്ചു എന്നതിനല്ല എത്ര പേര്‍ മരിച്ചു എന്നതിനാണ് പ്രാധാന്യം ലഭിക്കുക എന്നും ഷാ യോഗത്തില്‍ പറഞ്ഞു.

മരണ നിരക്ക് കുറയ്ക്കുന്നതിനായി കോവിഡ് പരിശോധനകൾ വ്യാപകമായി നടത്താനും രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ നേരത്തേ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനും മുന്‍തൂക്കം നല്‍കാന്‍ അമിത് ഷാ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചതുപോലെ റാപിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ വഴി കൂടുതൽ പരിശോധന നടത്തുന്നത് അണുബാധ പകരുന്നതിനുള്ള നിരക്ക് 10 ശതമാനത്തിൽ താഴെയാക്കാൻ സഹായിക്കുംമെന്നും മന്ത്രി പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഉത്തര്‍ പ്രദേശിനും ഹരിയാനക്കും സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്ന പരിശോധനാ കിറ്റുകള്‍ കേന്ദ്രം ലഭ്യമാക്കുംമെന്ന് യോഗത്തിന്‍ ഉറപ്പ് നല്‍കി. സംസ്ഥാനങ്ങളിലെ ചെറുകിട ആശുപത്രികള്‍ക്ക് എയിംസിന്‍ നിന്നുള്ള ഡോക്ടര്‍മാര്‍ വഴി മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും ടെലിമെഡിസിൻ കൺസൾട്ടേഷൻ വഴി രോഗികൾക്ക് വിദഗ്ധരിൽ നിന്ന് ഉപദേശം നേടാമെന്നും യോഗത്തില്‍ തീരുമാനമായി.

ആരോഗ്യ സേതുവിന്റെയും ഇതിഹാസ് ആപ്പിന്റെയും വിപുലമായ ഉപയോഗത്തിലൂടെ എൻസിആറിൽ കൊറോണ വൈറസിന്റെ വ്യാപനം മാപ്പ് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ആഭ്യന്തരമന്ത്രി സംസാരിച്ചു. ഡല്‍ഹിയിലെയും യുപിയിലെയും ഹരിയാനയിലെയും സാഹചര്യം കണക്കിലെടുത്ത് സഹായം നൽകുന്നതിലാണ് യോഗം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

ജൂലൈ 31 നകം ദേശീയ തലസ്ഥാനത്ത് 5.5 ലക്ഷം കേസുകൾ ഉണ്ടാകുമെന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയുടെ പ്രസ്താവനയെത്തുടർന്ന് ഡല്‍ഹിയിലെ സാഹചര്യം പ്രത്യേക പരിഗണന നല്‍കി കൈകാര്യം ചെയ്യാന്‍ ജൂൺ 28 ന് ചേര്‍ന്ന് അവലോകന യോഗത്തില്‍ കേന്ദ്രം തീരുമാനിച്ചതായി ഷാ പറഞ്ഞു. കഴിഞ്ഞ മാസവും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാൾ, ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജൽ എന്നിവരുമായി ആഭ്യന്തരമന്ത്രി ഒന്നിലധികം യോഗങ്ങൾ നടത്തിയിരുന്നു.

89,802 പേര്‍ക്കാണ് ഡല്‍ഹിയില്‍ ആകെ കോവിഡ് ബാധിച്ചിട്ടുള്ളത്. തലസ്ഥാനത്താകെ 2,864 പേർ വൈറസ് ബാധിച്ച് മരിച്ചു. 24,056 പേര്‍ക്കാണ് ഉത്തര്‍ പ്രദേശില്‍ കോവിഡ് ബാധിച്ചിട്ടുള്ളത്, 718 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഹരിയാനയില്‍ 14,941 പേര്‍ക്ക് ബൈറസ് ബാധ സ്ഥിരീകരിക്കുകയും 240പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

Eng­lish sum­ma­ry :Amit Shah sug­gests UP, Haryana to use rapid kits to bol­ster test­ing in NCR

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.