23 April 2024, Tuesday

തിലകനെ പുകച്ചുചാടിച്ച താരസംഘടന ഷമ്മിക്കെതിരെയും വാളോങ്ങുന്നു

Janayugom Webdesk
June 26, 2022 8:56 pm

മലയാളത്തിന്റെ മഹാനടന്‍ തിലകനെ സിനിമയില്‍ നിന്ന് പുകച്ചു ചാടിച്ച താരസംഘടന മകനും പ്രമുഖ നടനുമായ ഷമ്മിതിലകനെതിരെയും വാളോങ്ങുന്നു.
ഷമ്മിയെ എഎംഎംഎ (അമ്മ)യില്‍ നിന്ന് ഉടന്‍ പുറത്താക്കണമെന്ന് ഇന്നലെ ചേര്‍ന്ന ജനറല്‍ ബോഡിയില്‍ മുന്‍നിരയിലും രണ്ടാംനിരയിലുമുള്ള പ്രമുഖ നടീനടന്മാര്‍ വാദിച്ചു. ഔദ്യോഗിക പക്ഷത്തിന്റെ വക്താക്കളായ താരങ്ങളാണ് അവരില്‍ ഭൂരിഭാഗവും. എന്നാല്‍ അംഗത്തെ പുറത്താക്കാനുള്ള അധികാരം എക്സിക്യൂട്ടീവ് കമ്മിറ്റിയ്ക്കായതിനാല്‍ അന്തിമ തീരുമാനം എക്സിക്യൂട്ടിവിനു വിട്ടു. “അമ്മ’യുടെ ഒരു വാര്‍ഷിക ജനറല്‍ ബോഡിയില്‍ നടന്ന ചര്‍ച്ച മൊബൈലില്‍ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതാണ് ഷമ്മിയെ പുറത്താക്കാനുള്ള’ഗുരുതരകുറ്റ’മായി അമ്മ നേതൃത്വം വിലയിരുത്തുന്നത്.

ഷമ്മി തിലകൻ ഇപ്പോഴും സംഘടനയുടെ ഭാഗമാണെന്നും ശാസന, മാപ്പപേക്ഷ, സസ്പെൻഷൻ, പുറത്താക്കൽ ഏതു നടപടി വേണമെന്നുള്ള കാര്യം ഷമ്മിയുടെ വിശദീകരണം ലഭിച്ച ശേഷം തീരുമാനിക്കുമെന്നും അച്ചടക്കസമിതി കണ്‍വീനര്‍ സിദ്ദിഖ് അദ്ദേഹം പറഞ്ഞു. ഷമ്മിയെ പുറത്താക്കുമെന്ന സൂചനകൾ നേരത്തെ പ്രചരിച്ചിരുന്നു. എന്നാൽ പുറത്താക്കൽ നടപടി ധൃതിപിടിച്ച് വേണ്ടെന്ന നിലപാടാണ് ഭാരവാഹികളിൽ ചിലരും മുൻ ഭാരവാഹികളും കൈക്കൊണ്ടത്. അതേസമയം കഴിഞ്ഞ വർഷത്തിൽ ചേർന്ന ജനറൽ ബോഡിയുമായി ബന്ധപ്പെട്ട വിഷയത്തിൽ തനിക്ക് തന്ന വിശദീകരണ നോട്ടീസിന് വളരെ വിശദമായ മറുപടി നൽകിയിരുന്നതാണെന്നും അത് തൃപ്തികരമല്ലെന്ന് തന്നെ ഇതുവരെ ഭാരവാഹികൾ അറിയിച്ചിട്ടില്ലെന്നും പുറത്താക്കാൻ കാരണമാകുന്ന ഗുരുതരമായ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും ഷമ്മി തിലകനും മാധ്യമങ്ങളോട് പ്രതികരിച്ചു. നടൻ സിദ്ദിഖ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് സമൂഹ മാധ്യമത്തിൽ ഇട്ടിരുന്നു.
2021 ഡിസംബറില്‍ ചേര്‍ന്ന വാര്‍ഷിക, ജനറല്‍ ബോഡിയില്‍ അംഗങ്ങൾ ഇതിനെതിരെ നടത്തിയ ചർച്ചകളുടെ ദൃശ്യങ്ങളാണ് ഷമ്മി പകർത്തികൊണ്ടിരുന്നതെന്നാണ് അന്ന് ആരോപണമുയര്‍ന്നത്. മുൻപ് സിനിമയിൽ നിന്ന് അകറ്റി നിർത്താൻ ചിലർ ശ്രമിക്കുന്നതായി തിലകൻ താരസംഘടനയിൽ പരാതിപ്പെട്ടിരുന്നു. ഈ പരാതിയിൽ നടപടികളൊന്നും എടുക്കാതെ ആരോപണ വിധേയർക്കൊപ്പം നിലകൊണ്ട നേതൃത്വത്തെ തിലകൻ രൂക്ഷമായി വിമർശിച്ചതിനാൽ 2010 ഏപ്രിലിൽ എഎംഎംഎയിൽ നിന്നും ആജീവനാന്തം പുറത്താക്കിയിരുന്നു. സംഘടനയിലെ ചില അംഗങ്ങൾ ഇടപെട്ട് തനിക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണെന്ന് തിലകൻ പരസ്യമായി പ്രതികരിച്ചിരുന്നു. സമാനമായ തരത്തിൽ തന്നെയാണ് തിലകന്റെ മകൻ ഷമ്മി തിലകനെതിരെയും നടപടിയെടുക്കാൻ താരസംഘടനയിൽ നീക്കം. 

Eng­lish Sum­ma­ry: AMMA against Sham­mi Thilakan

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.