ആസ്വാദക ഹൃദയങ്ങളില്‍ പെയ്തിറങ്ങി അമ്മമനസ്സും കാശിയും

Web Desk

തിരുവനന്തപുരം 

Posted on June 23, 2019, 2:15 pm

വഴിതെറ്റിപ്പോകുന്ന യൗവനത്തെ നേര്‍വഴിക്കു നടത്തുവാന്‍ തക്ക ശക്തിയുള്ള, കരുതലുള്ള മാതൃത്വത്തിന്റെ മഹത്വത്തെ വിളംബരം ചെയ്ത് ‘അമ്മ മനസ്സ്’ എന്ന പാവനാടകം. മാതൃത്വത്തിന്റെ മഹനീയതയ്‌ക്കൊപ്പം വൈകാരിക ബന്ധങ്ങളിലെ ഊഷ്മളതയും ബോധ്യപ്പെടുത്തിയ കാശി നാടകം. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ നിറഞ്ഞ സദസ്സില്‍ ഇന്നലെ അരങ്ങേറിയ കലയുടെ ഈ അടയാളങ്ങള്‍ പ്രേക്ഷകരുടെ ഹൃദയങ്ങളിലാണ് പെയ്തിറങ്ങിയത്.

വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ പ്രതിമാസ പരിപാടിയായ സംസ്‌കൃതിയുടെ ഭാഗമായി വിഷന്‍ ഓഫ് ലൈഫ് പപ്പറ്റ് ഡ്രാമ ടീമാണ് അമ്മമനസ്സ് അവതരിപ്പിച്ചത്. നര്‍മ്മത്തിന്റെ മേന്‌പൊടിയില്‍ വര്‍ത്തമാന കാല ജീവിതത്തിലെ ചില ശ്രദ്ധേയമായ കാഴ്ചകള്‍ അടങ്ങിയതായിരുന്നു അമ്മമനസ്. തലമുറകള്‍ തമ്മിലുള്ള അന്തരത്തെ കുറച്ച്, വ്യക്തിബന്ധങ്ങളില്‍ കെട്ടുറപ്പും മൂല്യബോധവും വളര്‍ത്തുന്നതിനായി ആഹ്വാനം ചെയ്യുന്ന ജീവനുള്ള സന്ദേശമാണ് ജീവനില്ലാത്ത പാവകളിലൂടെ സുനിലും കൂട്ടരും സദസ്സുമായി പങ്കുവച്ചത്.

കയ്യുറ പാവനാടകരംഗത്ത് കഴിഞ്ഞ എട്ടുവര്‍ഷമായി സജീവ സാന്നിധ്യമായ സുനിലിനെ കൂടാതെ ബാലു താന്നിമൂട്, ജോജി വഴയില, അബിന്‍ രാജ് രാജാജി നഗര്‍, അരുള്‍ സുനില്‍, അഭിഷേക് കഴക്കൂട്ടം, പോള്‍ കെ മാത്യു എന്നിവരും ഈ കലാപ്രകടനത്തിന്റെ ഭാഗമായി.
മലയാള കാവ്യരചനാ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കാര്യവട്ടം ശ്രീകണ്ഠന്‍നായര്‍ രചനയും കാവ്യരചനയും സംവിധാനവും നിര്‍വഹിച്ച നാടകമാണ് കേരള കലാസമിതി അവതരിപ്പിച്ച കാശി. ആനുകാലിക കേരളം നേരിടുന്ന ഒട്ടുമിക്ക സാമൂഹ്യപ്രശ്‌നങ്ങളിലേയ്ക്കും നാടകകൃത്ത് തന്റെ ശക്തമായ തൂലിക ചലിപ്പിക്കുന്നു. ആരോഗ്യകരമായ മാറ്റങ്ങളിലൂടെ മാത്രമേ, നമ്മള്‍ സ്വപ്നം കാണുന്ന നവകേരളത്തിന് അടിത്തറ കെട്ടിപ്പടുക്കാനാവൂവെന്ന സത്യവും നാടകം മുന്നോട്ടുവച്ചു. ബിയാട്രിസ് ഗോമസ്, സോമന്‍ നായര്‍ കാവുവിള, ജയകൃഷ്ണന്‍ കാര്യവട്ടം, ബാലകൃഷ്ണന്‍ ശബരീശം, സെറാഫിന്‍ നോക്‌സ്, ജസിന്ത മോറിസ്, മാസ്റ്റര്‍ ജോമിറ്റ് ചാള്‍സ്, സെബാസ്റ്റ്യന്‍ ജൂലിയന്‍ എന്നിവര്‍ക്കൊപ്പം സംവിധായകനും അരങ്ങിലെത്തി.