Janayugom Online
AMMA- JANAYUGAM

‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍

Web Desk
Posted on October 06, 2018, 12:18 pm
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍ ചേരും. വൈകിട്ട് നാലിനാണ് യോഗം. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങളായ രേവതി, പാര്‍വ്വതി, പത്മപ്രിയ എന്നിവര്‍ നല്‍കിയ കത്ത് ഇന്നത്തെ എക്‌സിക്യൂട്ടീവ് യോഗം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. ഇതിന് പുറമെ സംഘടനയ്‌ക്കെതിരെ ആസൂത്രിതമായി നടക്കുന്ന ആക്രമണങ്ങളെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്യും. മോഹൻലാലിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം  നടക്കുന്ന ആക്രമണം ആസൂത്രിതമാണെന്ന വിലയിരുത്തൽ സംഘട നയ്ക്കുണ്ട്. പ്രളയ ദുരിതാശ്വാസം സംബന്ധിച്ചും സംഘടനയെ കരിവാരിത്തേയ്ക്കുന്ന പ്രചാരണങ്ങൾ നടന്നു.
നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും ഇതുവരെ ജാാമ്യത്തിലിറങ്ങിയ ദിലീപിനെതിരെ മറ്റ് നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല. പ്രൊഫസര്‍ ഡിങ്കന്‍ അടക്കമുള്ള പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് നടന്‍. നടിമാര്‍ക്ക് അമ്മ കൊടുത്ത ഉറപ്പുകളൊന്നും നടപ്പായില്ല . ഈ അവസരത്തില്‍ ഇന്ന് ചേരുന്ന യോഗത്തില്‍ ദിലീപ് വിഷയവുമായി ബന്ധപ്പെട്ട് ചൂടുപിടിച്ച ചർച്ചകൾക്ക് സാധ്യത നിലനിൽക്കുന്നു .
വിഷയത്തിലെ നിര്‍മാതാക്കളില്‍ ചിലരുടെ നിലപാടും ഇന്ന് ചര്‍ച്ചയ്‌ക്കെത്തുമെന്നാണ് വിവരം. പ്രളയദുരിതത്തില്‍പ്പെട്ട സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിന് ഫണ്ട് കണ്ടെത്തുന്നതിനായി സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത് സംബന്ധിച്ചും ഇന്നത്തെ യോഗം തീരുമാനമെടുക്കും.