ഷെയിനിന്റേത് നിസ്സഹകരണമോ? ചർച്ച നീളുന്നതിൽ അമ്മയ്ക്ക് അതൃപ്തി

Web Desk
Posted on December 04, 2019, 11:34 am

കൊച്ചി: നിര്‍മ്മാതാക്കളും നടന്‍ ഷെയ്ന്‍ നിഗവും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ നീളുന്നു. ഷെയ്ന്‍ നിഗത്തിന്‍റെ അമ്മ ആവശ്യപ്പെട്ട പ്രകാരം വിഷയത്തില്‍ ഇടപെടാന്‍ താരസംഘടനയായ അമ്മ തയ്യാറായെങ്കിലും നടന്‍ ഷെയ്ന്‍ നിഗം ഇതുവരെ അമ്മ ഭാരവാഹികളെ കണ്ടിട്ടില്ല. ഷെയ്ന്‍ നിഗം ഇപ്പോള്‍ അജ്മീറിലാണുള്ളതെന്നും വെള്ളിയാഴ്ച മാത്രമേ കൊച്ചിയിലെത്തൂ എന്നുമാണ് അമ്മ ഭാരവാഹികള്‍ക്ക്  വിവരം ലഭിച്ചിരിക്കുന്നത്.

you may like this video

ആദ്യം ഷെയ്​നുമായും പിന്നീട്​ ഇതരസിനിമ സംഘടനകളുമായും ചര്‍ച്ച നടത്താനാണ്​ തീരുമാനം. കൂടിക്കാഴ്​ചക്ക്​ ബുധനാഴ്​ച കൊച്ചിയിലെത്താന്‍ ‘അമ്മ’ ഭാരവാഹികള്‍ ഷെയ്​നിനോട്​ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സ്ഥലത്തില്ലാത്തതിനാല്‍ ഷെയ്​നുമായി ചര്‍ച്ച നടത്താനാവില്ല. ഈ ചര്‍ച്ചക്കുശേഷമേ ‘അമ്മ’ നിര്‍മാതാക്കളുടെ സംഘടനയുമായി ചര്‍ച്ച നടത്തൂ. ഒത്തുതീര്‍പ്പിന്​ ഷെയ്​ന്‍ സന്നദ്ധനാകുകയും വിലക്കിനെതിരെ മലയാള സിനിമയുടെ വിവിധ കോണുകളില്‍നിന്ന്​ പ്രതിഷേധം ഉയരുകയും ചെയ്​ത സാഹചര്യത്തിലാണ്​ ചര്‍ച്ച നടത്താമെന്ന തീരുമാനവുമായി ‘അമ്മ’ മുന്നോട്ടുവന്നത്.

ഖുര്‍ബാനി, വെയില്‍ സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ ‘അമ്മ’ ഷെയ്​നിനോട്​ ആവശ്യപ്പെടും. അജ്മീറില്‍ തുടരുന്ന ഷെയ്ൻ നാളത്തെ കൂടിക്കാഴ്ചക്ക് എത്തില്ലെന്നാണ് ഇതുവരെയുള്ള സൂചന. ഇതില്‍ അമ്മ ഭാരവാഹികള്‍ക്ക് കടുത്ത പ്രതിഷേധവുമുണ്ട്. ഷെയ്ൻ മുൻകയ്യെടുത്താല്‍ മാത്രം തുടര്‍ ചര്‍ച്ചകള്‍ മതിയെന്ന അഭിപ്രായവും ഭാരവാഹികളില്‍ ഒരു വിഭാഗത്തിനുണ്ട്. ഇതോടെ അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയും നീളുമെന്നാണ് സൂചന.