അമ്മമലയാളം — സമരം തുടരണം

Web Desk
Posted on September 19, 2019, 11:51 am

 

കുരീപ്പുഴ ശ്രീകുമാർ 

കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന പരീക്ഷകളില്‍ എല്ലാ ചോദ്യങ്ങളും മലയാളത്തില്‍ കൂടി നല്‍കണമെന്ന ആവശ്യവുമായി തലസ്ഥാനത്തു നടന്ന ഉപവാസസമരം അവസാനിപ്പിച്ചു. സര്‍ക്കാര്‍ തൊഴില്‍ദായക കേന്ദ്രവുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ഉറപ്പുകള്‍ മാനിച്ചാണ് സമരം അവസാനിപ്പിച്ചത്. രണ്ടു വിദ്യാര്‍ഥികളും രണ്ടു വിദ്യാര്‍ഥിനികളും ഒരു അധ്യാപകനുമാണ് നിശ്ചയതീവ്രതയോടെ നിരാഹാരം കിടന്നത്.
കേരളം കണ്ട ഏറ്റവും ലജ്ജാകരമായ സമരമായിരുന്നു അത്. മലയാളം മാതൃഭാഷയായുള്ള മന്ത്രിസഭയും സര്‍ക്കാര്‍ തൊഴില്‍ദായക കേന്ദ്രമേധാവികളും ഉള്ളപ്പോള്‍ അവരുടെ മുന്നില്‍ മലയാളത്തിനു വേണ്ടി മലയാളികള്‍ക്ക് സമരം ചെയ്യേണ്ടി വന്നു. ഭരണഭാഷയും ശ്രേഷ്ട്രഭാഷയും ഒക്കെയാണെന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും മലയാളം ഇപ്പോഴും പടിക്കുപുറത്ത് അരുതരുതുമക്കളേയെന്നു കേണപേക്ഷിക്കുകയാണ്. കല്ലെറിഞ്ഞു കൊല്ലാനുള്ള ശിക്ഷാവിധി അനുഭവിച്ചു നില്‍ക്കുകയാണ്. മലയാള ഐക്യ പ്രസ്ഥാനത്തിന്റെ സമരം ഇനി സമൂഹത്തിലേക്കും അതിന്റെ പ്രാഥമിക ഘടകമായ വീടുകളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്.
വാസ്തവത്തില്‍ പിഎസ്‌സിയുടെ ഒരു മനോഭാവപ്രശ്‌നം മാത്രമാണോ ഇത്? അല്ല. കൂറ്റന്‍നൗകകളെ പോലും തകര്‍ക്കാന്‍ കഴിവുള്ള മഞ്ഞുമലകളുടെ അഗ്രം മാത്രമാണ് പിഎസ്‌സി. തടസ്സമല വിപുലമായി കടലാഴങ്ങളില്‍ ഉണ്ട്.
നമ്മുടെ സര്‍ക്കാര്‍ ജീവനക്കാരില്‍ നല്ലൊരു വിഭാഗത്തിന്റെയും മക്കള്‍ പഠിക്കുന്നത് മലയാളം പറഞ്ഞാല്‍ പിഴയൊടുക്കേണ്ടിവരുന്ന ബ്രോയിലര്‍ സ്‌കൂളുകളില്‍ ആണ്. കൊല്ലം ജില്ലയിലെ പൂവത്തൂരില്‍ കുറേക്കാലം മുന്‍പ് വിചിത്രമായ ഒരു വിദ്യാര്‍ഥിസമരം നടന്നു. അവിടെയുള്ള സ്‌കൂളിലെ അധ്യാപകരുടെ മക്കളെ അവിടെത്തന്നെ പഠിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു സമരം. അധ്യാപകര്‍, ബാങ്ക് ജീവനക്കാര്‍, പ്രവാസികള്‍, രാഷ്ട്രീയക്കാര്‍, ഉയര്‍ന്ന വരുമാനമുള്ളവര്‍ അങ്ങനെ സമൂഹത്തിലെ മാന്യകുടുംബങ്ങളിലെ കുഞ്ഞുങ്ങളെല്ലാം നിര്‍ബ്ബന്ധിതമായി മലയാളവിരുദ്ധ സ്‌കൂളുകളിലാണ് പഠിക്കുന്നത്. അവരുടെ കീശകളില്‍ പിഴയൊടുക്കാനുള്ള പണം ഉറപ്പ്. അവര്‍ വളര്‍ന്നു വരുമ്പോള്‍ നേരെചൊവ്വെയുള്ള ഇംഗ്ലീഷോ മാതൃഭാഷയായ അമ്മമലയാളമോ അറിയാത്തവര്‍ ആയി രൂപപ്പെട്ടു കഴിഞ്ഞിരിക്കും. അവര്‍ക്ക് ഇംഗ്ലീഷിലുള്ള ചോദ്യവും ഉത്തരമെഴുതാനുള്ള അവസരവും അവരുടെ രക്ഷകര്‍ത്താക്കള്‍ ഉണ്ടാക്കിക്കൊടുക്കും. അവര്‍ക്ക് മലയാളം പഠിച്ച കുട്ടികളോട് മത്സരിക്കാന്‍ കഴിയില്ല. അവിടെയാണ് പ്രശ്‌നത്തിന്റെ പ്രഭവസ്ഥാനം.

ഇടപെടാനുള്ള ഇംഗ്ലീഷിനാണ് ഇവിടെ പ്രാധാന്യം. സ്‌പോക്കണ്‍ ഇംഗ്ലീഷിന്റെ വ്യാകരണം വില്‍പവര്‍ ആണ്. വില്ലും ഷാലുമല്ല. ഉദ്യോഗസ്ഥര്‍ ആയിക്കഴിഞ്ഞാല്‍ ഇടപെടേണ്ടത് പാവം മലയാളികളോടാണ്. മദാമ്മമാരോടും സായിപ്പുമാരോടും അല്ലല്ലോ.  ദളിതര്‍ മാത്രം പഠിക്കുന്ന സ്‌കൂളുകള്‍ ഉള്ള സംസ്ഥാനം കൂടിയാണ് കേരളം. പേരാമ്പ്രയിലും പത്തനാപുരത്തുമൊക്കെ അത്തരം സ്‌കൂളുകള്‍ ഉണ്ട്. പറപ്പള്ളിയും പുലപ്പള്ളിയും മാത്രമല്ല അങ്ങനെ വിശേഷിപ്പിക്കാവുന്ന പള്ളിക്കൂടങ്ങളും ഉണ്ട്. ലക്ഷം വീടുകളില്‍ നിന്നും പോകുന്ന കുഞ്ഞുങ്ങള്‍ പൊതു വിദ്യാലയത്തിലെ ഭക്ഷണവും പുസ്തകവും പ്രതീക്ഷിക്കുന്നവരാണ്. അവരെ മനുസ്മൃതിയുടെ കാലത്തേക്ക് മാറ്റി നിര്‍ത്താനുള്ള ഗൂഢതന്ത്രമാണ് ഈ മലയാള വിദ്വേഷത്തിനു പിന്നില്‍ ഉള്ളത്. സാങ്കേതിക പദങ്ങള്‍ ഇല്ലെന്നുള്ളതും മറ്റും മുട്ടാത്തര്‍ക്കങ്ങളാണ്. സിറിഞ്ചു മുതല്‍ കമ്പ്യൂട്ടര്‍ വരെ നമ്മള്‍ മലയാളം ലിപിയില്‍ എഴുതി ഉപയോഗിക്കുന്നുണ്ടല്ലോ. ഇംഗ്ലീഷുകാര്‍ കയറും കൊപ്രയും ഉപയോഗിക്കുന്നത് പോലെ.
സി കെ ജാനുവും ഗോത്രമഹാസഭക്കാരും പണ്ട് തലസ്ഥാനത്തു നടത്തിയ സമരം മനോഹരമായി ഒത്തുതീര്‍പ്പാക്കിയതിനു ശേഷം വീണ്ടും നടത്തേണ്ടി വന്നതുപോലെയുള്ള ഒരവസ്ഥ ഉണ്ടാകാതിരിക്കട്ടെ. അതിനാല്‍ ഇനി സമരം മലയാളിയുടെ ദുരഭിമാനത്തിന്റെ നേര്‍ക്കും ഭാഷാപരമായ അപകര്‍ഷതയുടെ നേര്‍ക്കും കൂടി നടത്തേണ്ടതുണ്ട്.