ആംനെസ്റ്റി ഇന്റര്‍നാഷണലിന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്

Web Desk
Posted on September 06, 2019, 12:16 pm

ന്യൂഡല്‍ഹി: അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്.

ഫോറിന്‍ എക്‌സ്‌ചേഞ്ച് നിയമങ്ങള്‍ തെറ്റിച്ച് 51 കോടി രൂപ നേടിയെന്നാണ് ആംനെസ്റ്റിക്ക് എതിരായ കണ്ടെത്തല്‍. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് നിയമത്തിന്റെ പരിധിയില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.

മാതൃസംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ യുകെയില്‍ നിന്ന് കയറ്റുമതി സേവനങ്ങളുടെ പേരില്‍ നേടിയ 51.72 കോടി രൂപയാണ് കേസിന് ആധാരം. ഇതുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ ബെംഗളുരുവിലെ ഓഫീസില്‍ 2018 ല്‍ റെയ്ഡ് നടത്തിയിരുന്നു.

ബെംഗളൂരുവിലെ ഇന്ദിരാ നഗറിലെ ഓഫീസില്‍ നടന്ന പരിശോധന, ജനാധിപത്യ സ്വരങ്ങളെ അടിച്ചമര്‍ത്താനുളള ശ്രമങ്ങളുടെ ഭാഗമാണെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ആരോപിച്ചിരുന്നു.