8 September 2024, Sunday
KSFE Galaxy Chits Banner 2

അമീബിക് മസ്തിഷ്ക ജ്വരം: ജര്‍മ്മനിയില്‍ നിന്നെത്തിച്ച മരുന്ന് ഏറ്റുവാങ്ങി

Janayugom Webdesk
തിരുവനന്തപുരം
July 29, 2024 10:28 pm

അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസ് (മസ്തിഷ്ക ജ്വരം) ബാധിക്കുന്നവരുടെ ചികിത്സയ്ക്കായി ജര്‍മ്മനിയില്‍ നിന്നുമെത്തിച്ച മരുന്ന് വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പില്‍ നിന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഏറ്റുവാങ്ങി. 3.19 ലക്ഷം രൂപ വിലമതിക്കുന്ന മരുന്നുകളാണ് എത്തിച്ചത്.

മരുന്നെത്തിച്ച യുഎഇ ആസ്ഥാനമായ വിപിഎസ് ഹെല്‍ത്ത് കെയറിന്റെ സ്ഥാപകനും ആരോഗ്യസംരംഭകനുമായ ഡോ. ഷംഷീര്‍ വയലിനും സംഘത്തിനും മന്ത്രി നന്ദിയറിയിച്ചു. വളരെ അപൂര്‍വമായി ബാധിക്കുന്ന രോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം. കേരളത്തിന്റെ സമീപ ആരോഗ്യ ചരിത്രത്തില്‍ എല്ലാ എന്‍സെഫലൈറ്റിസുകളിലും രോഗ കാരണം പരിശോധിച്ച് കണ്ടുപിടിക്കുന്ന രീതിയാണ് കേരളത്തിനുള്ളത്. സമീപകാലത്ത് അമീബിക് മസ്തിഷ്ക ജ്വരം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഈ രോഗത്തിന് ഫലപ്രദമെന്ന് കരുതുന്ന മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്.
ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ആശയവിനിമയം നടത്തി. 

കേന്ദ്രത്തിന്റെ മരുന്ന് സപ്ലൈയില്‍ അപൂര്‍വമായി മാത്രം വിതരണം ചെയ്യുന്നതാണിത്. പക്ഷെ നമുക്കതിന്റെ നേരിട്ടുള്ള വിതരണമില്ല.
വളരെ അപൂര്‍വമായിട്ട് ഉപയോഗിക്കപ്പെടുന്ന മരുന്ന് കൂടിയാണിത്. ഇവിടെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തന്നെ ആരോഗ്യ വകുപ്പ് ഇടപെട്ട് മരുന്നുകളെത്തിച്ചിരുന്നു. അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചയാളെ രാജ്യത്ത് തന്നെ അപൂര്‍വമായി രോഗമുക്തിയിലേക്കെത്തിക്കാനും അടുത്തിടെ കേരളത്തിനായി.
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കൂടിയാണ് വിപിഎസ് ഗ്രൂപ്പ് മരുന്ന് നല്‍കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: Amoe­bic encephali­tis: Received med­i­cine from Germany

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.