19 July 2025, Saturday
KSFE Galaxy Chits Banner 2

രണ്ടാം വിള നെല്ല് സംഭരണത്തിന്റെ തുക വേഗത്തിലാക്കണം: ജില്ലാ വികസന സമിതി

Janayugom Webdesk
പാലക്കാട്
June 1, 2025 8:43 am

എം എസ് സ്വാമിനാഥൻ കമ്മിറ്റി നിർദ്ദേശിച്ചപ്രകാരം നെല്ലിന് താങ്ങുവില നിശ്ചയിക്കുന്നതിന് കേന്ദ്രസർക്കാരിൽ ആവശ്യമായ സമ്മർദ്ദം സംസ്ഥാന സർക്കാർ ചെലുത്തണമെന്നും കേന്ദ്രം അനുവദിച്ചിരുന്ന താങ്ങ് വിലയ്ക്ക് പുറമെ 2019 ‑20 വരെ കിലോഗ്രാമിന് 8.80 രൂപ ബോണസ് നൽകിയിരുന്നു. ഇപ്പോൾ അത് 3.60 രൂപയായി കുറച്ചതിനാൽ കുറവ് വരുത്തിയ വില പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം കെ ഡി പ്രസേനൻ എം എൽ എ അവതരിപ്പിക്കുകയും വൈദ്യുതി വകുപ്പ് മന്ത്രിയുടെ പ്രതിനിധി എസ് വിനോദ് ബാബു പിന്താങ്ങുകയും ചെയ്തു. 

കാർഷിക മേഖലയിൽ ഭൂഗർഭ ജലം ഉപയോഗിക്കുന്നതി്ന് കേന്ദ്ര ഭൂജല അതോറിറ്റി വിജ്ഞാപനപ്രകാരമുള്ള ഇളവുകൾ അനുവദിക്കുക, കാർഷിക ആവശ്യങ്ങൾക്ക് ജലമെടുക്കുന്നതിന് എൻ ഒ സി (നിരാക്ഷേപ സാക്ഷ്യപത്രം) ആവശ്യമില്ലെന്ന് സി ജി ഡബ്ല്യു എ (കേന്ദ്ര ഭൂഗർഭ ജല അതോറിറ്റി) യുടെ തീരുമാനം നടപ്പിലാക്കുക, അഞ്ച് എച്ച് പി വരെയുള്ള മോട്ടോർ പമ്പ് സെറ്റ് ഉപയോഗിച്ച് ജലം എടുക്കുന്നതിനുള്ള അനുമതി നൽകുന്നതിന് ഭൂജല വകുപ്പ് ജില്ലാ ഓഫീസർമാരെ അധികാരപ്പെടുത്തുക, അഞ്ച് മുതൽ പത്ത് എച്ച് പി വരെയുള്ള പമ്പ് സെറ്റ് ഉപയോഗിച്ച് ജലം എടുക്കുന്നതിന് ജില്ലാകളകർ ചെയർപേഴ്സണായുള്ള അവലോകന സമിതിയെ അധികാരപ്പെടുത്തുക, പത്ത് എച്ച് പി ക്ക് മുകളിലുള്ളതിനുള്ള അനുമതി ഭൂതല അതോറ്റിയിൽ നിക്ഷിപ്തമാക്കുക, കൃഷിയുടെ തരം അനുസരിച്ചും കുഴൽ കീണറിന്റെ യീൽഡ് അനുസരിച്ചും ജലത്തിന്റെ വിനിയോഗം നിശ്ചയിക്കുക, കാലപ്പഴക്കംകൊണ്ട് ഉപയോഗശൂന്യമായ കുഴൽകിണറുകൾക്ക് പകരം മുമ്പ് അനുവദിച്ച അതേ കുതിരശക്തിയിലുള്ള ( എച്ച്.പി) പമ്പ് സെറ്റ് ഉപയോഗിച്ച് പുതിയ കുഴൽ കിണർ നിർമ്മിക്കാൻ അനുവാദം നൽകുക എന്നീ കാര്യങ്ങൾ ആവശ്യപ്പെട്ട് വൈദ്യുത വകുപ്പ് മന്ത്രിയുടെ പ്രതിനിധി എസ് വിനോദ് ബാബു നൽകിയ പ്രമേയം എം പി അബ്ദുസമദാനി എം പി യുടെ പ്രതിനിധി എസ് എം. കെ തങ്ങൾ പിന്താങ്ങി. 

മഴക്കാലം ആരംഭിച്ചതിനാൽ മരങ്ങൾ വീണും, റോഡുകൾ തകർന്നതു മൂലമോ മറ്റ് കാരണങ്ങൾകൊണ്ടോ അപകടങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് ജില്ലാ വികസന സമിതി യോഗം നിർദ്ദേശിച്ചു. ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിക്കാൻ വേണ്ട നടപടി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ ജി പ്രിയങ്ക ജില്ലാ വികസന സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ട് പറഞ്ഞു. വന്യ ജീവി ആക്രമണത്തിൽ നിന്നും കർഷകരുടെ വിള സംരക്ഷിക്കാൻ സോളാർ ഫെൻസിങ് നടത്തുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ആവശ്യമായ ബോധവൽക്കരണം നൽകാനും സ്വകാര്യ വ്യക്തികൾ ഫെൻസിങ് സ്ഥാപിക്കുമ്പോൾ കെ എസ് ഇ ബിയും ഇലക്ട്രിക്കൽ ഇൻസ്പെകടറേറ്റും, പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസറും സംയുക്തമായി പരിശോധന നടത്തണമെന്നും യോഗത്തിൽ ജില്ലാകളക്ടർ നിർദ്ദേശിച്ചു.
വിവിധ പ്രദേശങ്ങളിൽ ജൽജീവൻ മിഷന്റെ പൈപ്പ് ലൈൻ പ്രവർത്തനം വൈകുന്നതിനാൽ റോഡ് നവീകരണ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതായി പി മമ്മിക്കുട്ടി എംഎൽഎ യോഗത്തിൽ ചൂണ്ടിക്കാട്ടി. പദ്ധതികളുടെ പൂർത്തീകരണത്തിനായി ജില്ലാതലത്തിൽ ഉദ്യോഗസ്ഥരുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. മലമ്പുഴ മണ്ഡലത്തിൽ മരുതറോഡ് പഞ്ചായത്തിലെ രണ്ട് റോഡുകൾ നവീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എ പ്രഭാകരൻ എംഎൽഎ ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളിൽ റോഡ് സഞ്ചാര യോഗ്യമാക്കാനുള്ള നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ജില്ലകളക്ടർ നിർദ്ദേശം നൽകി. 

കൊപ്പം ടൗണിൽ സിഗ്നൽ സ്ഥാപിക്കുന്ന പ്രവൃത്തി എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്ന് മുഹമ്മദ് മുഹസ്സിന്‍ എംഎൽഎ ആവശ്യപ്പെട്ടു. വാടാനംകുറിശ്ശി മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് ആർ ബി ഡി സി കെയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമന്നും അപ്രോച്ച് റോഡ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും എംഎൽഎ യോഗത്തിൽ അറിയിച്ചു. കോങ്ങാട് മണ്ഡലത്തിൽ പറളി പഞ്ചായത്തിലെ വട്ടപ്പള്ളം അടിപ്പാത നിർമ്മാണം അടിയന്തരമായി ചെയ്യണമെന്ന് കെ ശാന്തകുമാരി എം എൽ എ ആവശ്യപ്പെട്ടു. തച്ചമ്പാറ അച്ചിലട്ടി പഞ്ചായത്തിലെ ട്രൈബൽ സെറ്റിൽമെന്റ് പദ്ധതി എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. ഒക്ടോബറിനുള്ളിൽ പ്രവൃത്തി പൂർത്തീകരിക്കുമെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. ചിറ്റൂർ മണ്ഡലത്തിലെ വണ്ടിത്താവളം കുളം മണ്ണിട്ട് നികത്തി തരം മാറ്റി നിലം ആക്കിയത് പരിവർത്തനം ചെയ്ത പൂർവ്വസ്ഥയിലാക്കുന്നത് സംബന്ധിച്ച നടപടികൾ ഈ മാസം തന്നെ പൂർത്തീകരിക്കണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പ്രതിനിധി എസ് വിനോദ് ബാബു ആവശ്യപ്പെട്ടു. 

വന്യജീവി ആക്രമണം തടയാനുള്ള പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും ഒരു ആർ ആർ ടി (റാപിഡ് റെസ്പോൺസിബിറ്റി ടീം) ടീമിനെക്കൂടെ ലഭ്യമാക്കണമെന്ന് എൻ ഷംസുദീൻ എം എൽ എ ആവശ്യപ്പെട്ടു. ആർ ആർ ടി ടീമിന്റെ പ്രവർത്തനം ശ്കതിപ്പെടുത്തുമെന്നും കൂടുതൽ ജാഗ്രത ടീമിനുണ്ടാകണമെന്നും വന്യജീവികളുടെ സാന്നിധ്യം അറിയുന്നതിനുള്ള സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എം എൽ എമാരായ കെ ഡി പ്രസേനൻ, അഡ്വ. കെ ശാന്തകുമാരി, മുഹമ്മദ് മുഹസിൻ, എ പ്രഭാകരൻ, പി മമ്മിക്കുട്ടി, എൻ ഷംസുദ്ദീൻ, എം പി അബ്ദുസമദാനി എം പി യുടെ പ്രതിനിധി എസ് എം കെ തങ്ങൾ, വൈദ്യുത വകുപ്പ് മന്ത്രിയുടെ പ്രതിനിധി എസ് വിനോദ് ബാബു, അസിസ്റ്റന്റ് കളക്ടർ രവി മീണ, ആർ ഡി ഒ കെ മണികണ്ഠൻ, എ ഡി എം കെ സുനിൽകുമാർ, ജില്ലാ പ്ലാനിങ് ഓഫീസർ(ഇൻ ചാർജ്) പി ആർ രത്നേഷ് തുടങ്ങിയവർ പങ്കെടുത്തു. 

Kerala State - Students Savings Scheme

TOP NEWS

July 19, 2025
July 19, 2025
July 19, 2025
July 19, 2025
July 19, 2025
July 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.