അമൃത‑വിപ്രോ ടീമിന്റെ ഡയബറ്റീസ് ചികില്‍സാ പരിഹാരത്തിന് ഏജീസ് ഗ്രഹാം ബെല്‍ അവാര്‍ഡ്

Web Desk

കൊച്ചി

Posted on March 02, 2018, 7:54 pm

കേന്ദ്ര സര്‍ക്കാരിന്‍റെ എന്‍ഐആര്‍എഫ് 2017 റാങ്കിലെ ആദ്യത്തെ 10 സര്‍വകലാശാലകളിലുള്ള ഏക സ്വകാര്യ യൂണിവേഴ്‌സിറ്റിയായ അമൃത വിശ്വപീഠവും ഐടി രംഗത്തെ പ്രമുഖരായ വിപ്രോയും ചേര്‍ന്ന് മൈഹെല്‍ത്ത് വിഭാഗത്തില്‍ നടത്തിയ നൂതന കണ്ടുപിടിത്തത്തിന് കഴിഞ്ഞ വര്‍ഷത്തെ ഏജീസ് ഗ്രഹാം ബെല്‍ അവാര്‍ഡ് ലഭിച്ചു. ഇരുവരും ചേര്‍ന്ന് ചെലവു കുറഞ്ഞ ഡയബറ്റീസ് ചികില്‍സയ്ക്കുള്ള പരിഹാരമാണ് കണ്ടെത്തിയത്.

വിവരസാങ്കേതിക വിദ്യയിലെയും ആശയവിനിമയ രംഗത്തെയും നൂതനമായ കണ്ടുപിടിത്തങ്ങള്‍ക്ക് നല്‍കിവരുന്ന ലോകത്തെ വലിയ സാങ്കേതിക ബഹുമതികളിലൊന്നാണ് ഗ്രഹാം ബെല്‍ അവാര്‍ഡ്. ചെലവു കുറഞ്ഞ രണ്ട് ക്ലൗഡ് അധിഷ്ഠിത ഓട്ടോമേറ്റഡ് ഇന്‍സുലിന്‍ പമ്പും ഗ്ലൂക്കോമീറ്ററും ചേര്‍ന്നതാണ് അമൃത വിശ്വവിദ്യാപീഠവും വിപ്രോയും ചേര്‍ന്ന് വികസിപ്പിച്ച ഡയബറ്റീസ് പരിഹാരം. പ്രൊജക്റ്റിന് കേന്ദ്ര സര്‍ക്കാരിന്റെ ബയോടെക്‌നോളജി ഇന്‍ഡുസ്ട്രീ റീസര്‍ച്ച് അസിസ്റ്റന്റ് കൗണ്‍സിലിന്റെ പിന്തുണയുണ്ട്.

ബഹുമതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഇത് ഡയബറ്റീസ് പരിഹാരം വികസിപ്പിച്ചതിനുള്ള സാക്ഷ്യം മാത്രമല്ല, നൂതനമായ സഹകരണത്തിന്റെ സാധ്യതകള്‍ക്കു കൂടി അടിവരയിടുകയാണെന്നും ഇത്തരം സഹകരണത്തിലൂടെ ആരോഗ്യ രംഗത്ത് വലിയ നേട്ടങ്ങളുണ്ടാക്കാനാകുമെന്നും സര്‍ക്കാരിന്റെ പിന്തുണയ്ക്കു നന്ദിയുണ്ടെന്നും ഞങ്ങളുടെ പരിശ്രമങ്ങള്‍ക്ക് അംഗീകാരം ലഭിച്ചതിലും ഡയബറ്റീസ് രോഗികള്‍ക്ക് കുറഞ്ഞ ചെലവിലുള്ള ചികില്‍സയ്ക്ക് ഇത് സഹായമാകുമെന്നതിലും സന്തോഷമുണ്ടെന്നും അമൃത വിശ്വവിദ്യാപീഠത്തിലെ അമൃത സ്‌കൂള്‍ ഓഫ് ബയോടെക്‌നോളജി ഡീന്‍ ഡോ. ബിപിന്‍ നായര്‍ പറഞ്ഞു.

രണ്ട് ഉപകരണങ്ങളും ബ്ലൂടൂത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി കൊണ്ടിരിക്കുന്ന വിപ്രോ ഈ ഉപകരണങ്ങള്‍ക്കായി ലളിതമായൊരു മൊബൈല്‍ ആപ്പ് വികസിപ്പിച്ചു കഴിഞ്ഞു. ഉപകരണങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ആപ്പ് വഴി സെര്‍വറും ക്ലൗഡുമുള്ള ഡിജിറ്റല്‍ ബാക്കപ്പിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം. ഇത് ഡയബറ്റീസ് ഹെല്‍പ്ലൈന്‍, എന്‍ഡോക്രിനോളജിസ്റ്റ്‌സ്,എന്‍ജിഒകള്‍, രോഗിയുടെ കുടുംബം തുടങ്ങിയവര്‍ക്ക് 24 മണിക്കൂറും ലഭ്യമായിരിക്കും. ഇന്ത്യയുടെ ഗ്രാമീണ മേഖലകളിലുള്ള രോഗികളുടെ വിവരങ്ങള്‍ പോലും ലഭ്യമായിരിക്കും. രോഗികള്‍ക്ക് അവരുടെ ജീവിത സാഹചര്യങ്ങള്‍ കുറഞ്ഞ ചെലവില്‍ മെച്ചപ്പെടുത്താനും ഇത് സഹായകരമാകും.

അമൃത വിദ്യാപീഠം കോയമ്പത്തൂര്‍ കാമ്പസിലെ ഗവേഷകരായ ഡോ.സതീഷ് ബാബു, ഡോ. ജോണ്‍ സ്റ്റാന്‍ലി, കെ. ഗുരുവായൂരപ്പന്‍, ഡോ. ഹരീഷ് കുമാര്‍ തുടങ്ങിയവരും അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ എന്‍ഡോക്രിനോളജി ഡിപാര്‍ട്ട്‌മെന്റും ഉള്‍പ്പെട്ടതാണ് ഡോ. ബിപിന്‍ നായരുടെ നേതൃത്വത്തിലുള്ള പ്രൊജക്റ്റ് ടീം.