Friday
22 Feb 2019

കാലില്‍ നിന്ന് നീക്കം ചെയ്തത് പതിനാല് കിലോ ഭാരമുള്ള മുഴ

By: Web Desk | Wednesday 14 February 2018 7:28 PM IST

കൊച്ചി: മുപ്പത് വര്‍ഷത്തിലേറെയായി മന്ത് രോഗം ബാധിച്ച് തീരാദുരിതത്തിലായ 46 കാരന് അമൃത ആശുപത്രിയില്‍ അപൂര്‍വ ശസ്ത്രക്രിയ. തൃശൂര്‍ സ്വദേശി സൈദലൈവിയാണ് ഇടത് കാലില്‍ തുടയില്‍ നിന്ന് 14 കിലോ ഭാരമുള്ള വീര്‍ത്ത ഭാഗവുമായി കഴിഞ്ഞിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇദ്ദേഹം കിടപ്പിലായിരുന്നു. ഇതിനിടയില്‍ നിരവധി സര്‍ജറികള്‍ക്ക് വിധേയനായെങ്കിലും കാലിലെ വീര്‍ത്ത ഭാഗത്തിന് വലിപ്പം കൂടുന്നതല്ലാതെ കുറഞ്ഞിരുന്നില്ല. അസാമാന്യ വലിപ്പമുള്ള മന്ത് ആയത് കാരണം പല ഡോക്ടര്‍മാരും ഇദ്ദേഹത്തെ കയ്യൊഴിഞ്ഞിരുന്നു. ഭാരക്കൂടുതല്‍ കാരണം കാല്‍ അനക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു സൈദലൈവി.

അഞ്ച് സര്‍ജന്മാരും മൂന്ന് അനസ്തറ്റിസ്റ്റുമാരും അടങ്ങുന്ന മെഡിക്കല്‍ സംഘം അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന സര്‍ജറിയിലൂടെയാണ് സൈദലൈവിയുടെ കാലില്‍ നിന്ന് പതിന്നാല് കിലോഗ്രാം തൂക്കമുള്ള ഭാഗം നീക്കം ചെയ്തത്. ഏറെ സങ്കീര്‍ണമായ ശസ്ത്രക്രിയയാണ് നടത്തിയതെന്ന് പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്റ്റീവ് വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യര്‍ പറഞ്ഞു. കാലില്‍ ഇന്‍ഫെക്ഷന്‍ വരാതിരിക്കാന്‍ നാലാഴ്ചയോളം രോഗിക്ക് ആന്റിബയോട്ടിക് തെറാപ്പി നല്‍കി. പിന്നീട് രോഗിയെ കോംപ്രിഹെന്‍സീവ് ഡീകണ്‍ജസ്റ്റിവ് തെറാപ്പിക്ക് വിധേയനാക്കി. ഒരു മാസത്തോളം ഇത് തുടര്‍ന്ന ശേഷം മാന്വല്‍ ലിംഫാറ്റിക് ഡ്രെയിനേജ് ചികിത്സയ്ക്കും തുടര്‍ന്ന് കാലുകള്‍ മൃദുവാക്കാന്‍ ബാന്‍ഡേജിങ് രീതിയും നടത്തി. അസാമാന്യ വലിപ്പം ഉണ്ടായിരുന്നതിനാല്‍ ചികിത്സ ഏറെ ബുദ്ധിമുട്ടായിരുന്നുവെന്നും സാധാരണയായി ഇത്തരം രോഗികള്‍ക്ക് വേണ്ടി വരുന്ന ഒരു തെറാപ്പിസ്റ്റിന് പകരം നാല് പേരുടെ സേവനം വേണ്ടിവന്നതായി ഡോ. സുബ്രഹ്മണ്യയ്യര്‍ വ്യക്തമാക്കി.

കാലിലെ ചീര്‍ത്ത ഭാഗം ചെറുതാകാന്‍ തുടങ്ങിയതോടെ ശസ്ത്രക്രിയയ്ക്ക് തയ്യാറാക്കുകയായിരുന്നു. സര്‍ജറിക്കായി സൈദലൈവിയെ ഓപ്പറേറ്റിങ് ടേബിളിലേക്ക് നീക്കുകയെന്നതും കടുത്ത വെല്ലുവിളിയായിരുന്നുവെന്ന് ഡോ. സുബ്രഹ്മണ്യയ്യര്‍ പറഞ്ഞു. കാലില്‍ നിന്ന് വീര്‍ത്ത ഭാഗം നീക്കം ചെയ്യാന്‍ കഴിഞ്ഞെങ്കിലും അനിയന്ത്രിതമായി ഫ്‌ളൂയിഡ് പുറത്തേക്ക് വന്നത് ആശങ്കയുളവാക്കിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അത്‌കൊണ്ട് തന്നെ അടുത്ത ഏഴ് ദിവസത്തേക്ക് വാക്വം ഡ്രസിങ് രീതിയാണ് പ്രയോഗിച്ചത്. സര്‍ജറി നടത്തി ഒരു മാസത്തിന് ശേഷം സൈദലൈവിക്ക് പരസഹായം കൂടാതെ നടക്കാന്‍ കഴിഞ്ഞു. ആറോ ഒമ്പതോ മാസങ്ങള്‍ക്ക് ശേഷം സൈദലൈവിയുടെ ഇരു കാലുകള്‍ക്കും റിഡക്ഷന്‍ സര്‍ജറി വേണ്ടി വരുമെന്നും അതിന് ശേഷം അദ്ദേഹത്തിന് സാധാരണ ജീവിതം നയിക്കാന്‍ കഴിയുമെന്നും ഡോ. സുബ്രഹ്മണ്യയ്യര്‍ പറഞ്ഞു.

ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലാണ് അമൃതയിലെത്തിയതെന്നും സാധാരണ ജീവിതത്തിലേക്ക് തന്നെ മടക്കി കൊണ്ടുവന്നതിന് അമൃതയില്‍ ഡോക്ടര്‍മാര്‍ക്ക് നന്ദി പറയുന്നതായും സൈദലൈവി പറഞ്ഞു.

ലോകത്ത് ലിംഫിഡെമ രോഗികളുടെ എണ്ണം ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്. ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് ഫ്‌ളൂയിഡ് അടിഞ്ഞുകൂടുകയും ഇത് അസാമാന്യമായ വീര്‍ക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. കൊതുകിലൂടെ പകരുകയോ മന്ത് രോഗത്തിന്‍റെ ഭാഗമായോ ഇത് സംഭാവികം.

മലേറിയ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും സങ്കീര്‍ണ്ണമായ ആരോഗ്യ പ്രശ്‌നമാണ് ലിംഫിഡെമയെന്ന് പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്റ്റിവ് വിഭാഗം പ്രൊഫസര്‍ ഡോ. മോഹിത് ശര്‍മ്മ പറഞ്ഞു. ലോകജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ ലിംഫിഡെമ രോഗികളുള്ളത് ഇന്ത്യയിലാണ്. മന്ത് രോഗം 20 സംസ്ഥാനങ്ങളില്‍ 250 ലേറെ ജില്ലകളില്‍ പതിവായി കണ്ടു വരുന്ന രോഗമാണ്. കേരളത്തില്‍ ആറു മുതല്‍ ഏഴ് ലക്ഷം പേര്‍ക്ക് രോഗബാധയുണ്ട്. കഴിഞ്ഞവര്‍ഷം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് കൊമ്പ്രിഹെന്‍സീവ് ലിംഫിഡെമ ട്രീറ്റ്‌മെന്റ് ക്ലിനിക് ആരംഭിച്ചിരുന്നു. രാജ്യത്ത് ലിംഫിഡെമ തെറാപ്പിസ്റ്റുകളുടെ അഭാവം കണക്കിലെടുത്ത് ലിംഫിഡെമ അലയന്‍സ് ഓഫ് ന്യൂയോര്‍ക്കുമായി സഹകരികച്ച് അമൃത പരിശീലന പരിപാടി സംഘടിപ്പിച്ച് വരുന്നു.

കേരളത്തിലെ തീരപ്രദേശത്ത് ഇത്തരം രോഗങ്ങള്‍ക്ക് സാധ്യത കൂടുതലായതിനാല്‍ ഈ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കമ്മ്യൂണിറ്റി ഹെല്‍ത്ത് പ്രോഗ്രാമുകളും അമൃത നടത്തി വരുന്നു.

Related News