അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡില്‍ നിന്ന് വീണ് കുട്ടിക്ക് പരിക്കേറ്റ സംഭവത്തില്‍ പാര്‍ക്കിന് പിഴ

Web Desk
Posted on July 08, 2019, 6:36 pm

അബുദാബി : അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡില്‍ നിന്ന് വീണ് കുട്ടിക്ക് പരിക്കേറ്റ സംഭവത്തില്‍ അബുദാബിയിലെ പാര്‍ക്കിന് കോടതി 80,000 ദിര്‍ഹം (രൂപ 15 ലക്ഷം)പിഴ ചുമത്തി. പാര്‍ക്കിലെ നാല് ജീവനക്കാര്‍ക്ക് ജയില്‍ ശിക്ഷയും വിധിച്ചു.

കുട്ടിക്കുണ്ടായ ശാരീരികമാനസിക ആഘാതത്തിന് നഷ്ടപരിഹാരം തേടി കോടതിയില്‍ സിവില്‍ ഹര്‍ജി ഫയല്‍ ചെയ്യാനും രക്ഷിതാക്കളോട് ജഡ്ജി ആവശ്യപ്പെട്ടു. പാര്‍ക്കിലെ ഒരു റൈഡില്‍ കളിക്കുന്നതിനിടെ ഒന്‍പത് വയസുകാരിയായ പെണ്‍കുട്ടിയാണ് ആറ് മീറ്ററോളം ഉയരത്തില്‍ നിന്ന് താഴെ വീണത്. രക്ഷിതാക്കളും പാര്‍ക്ക് അധികൃതരും അറിയിച്ചതനുസരിച്ച് പോലീസും ആംബുലന്‍സ് സംഘവും എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് പിന്‍ഭാഗത്തിനും കൈകള്‍ക്കും കാലുകള്‍ക്കും പരിക്കേറ്റു.

സംഭവത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പാര്‍ക്കിലെ ജീവനക്കാര്‍ക്ക് പിഴവ് പറ്റിയതായി കണ്ടെത്തി. സുരക്ഷാ ബെല്‍റ്റ് ധരിപ്പിക്കാതെയാണ് കുട്ടികളെ റൈഡില്‍ ഇരുത്തിയത്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ബന്ധപ്പെട്ട ജീവനക്കാര്‍ സ്വീകരിച്ചിരുന്നില്ലെന്നും കണ്ടെത്തി.