Saturday
16 Feb 2019

മരണമുഖത്തുനിന്നും വിജയക്കുതിപ്പിലേക്ക്

By: Web Desk | Sunday 10 February 2019 7:04 AM IST

ഇളവൂര്‍ ശ്രീകുമാര്‍

വിശ്വസിക്കുന്നതെങ്ങനെയാണ്? എന്നാല്‍ കണ്‍മുന്നിലെ യാഥാര്‍ത്ഥ്യം വിശ്വസിക്കാതിരിക്കുന്നതെങ്ങനെയാണ്? സത്യം കെട്ടുകഥയെക്കാള്‍ വിചിത്രമാണെന്ന് നാം തീര്‍ച്ചയായും വിശ്വസിച്ചുപോകുന്ന ചില സംഭവങ്ങളുണ്ട്. സാമാന്യ യുക്തികൊണ്ട് എത്ര വിശകലനം ചെയ്താലും പിന്നെയും നമ്മുടെ മനസ്സില്‍ അത്ഭുതങ്ങള്‍ ബാക്കിനിര്‍ത്തുന്ന ചില സംഭവങ്ങളും ജീവിതങ്ങളും. അത്തരം ചില ജീവിതങ്ങള്‍ക്കു മുന്നില്‍ ലോകം അത്ഭുതാദരങ്ങളോടെ ശിരസ് കുനിക്കാറുണ്ട്. വൈദ്യശാസ്ത്രം വിസ്മയത്തോടെ നോക്കി നില്‍ക്കാറുണ്ട്. ആമി പര്‍ഡി എന്ന യുവതിയുടെ ജീവിതത്തിനു മുന്നില്‍ നാം നമ്രശീര്‍ഷരാകുമ്പോള്‍, മനുഷ്യന്റെ ഇച്ഛാശക്തിക്ക് ഇത്രയും കരുത്തുണ്ടോ എന്ന് സന്ദേഹിച്ചുപോകും.
പത്തൊമ്പതാമത്തെ വയസ്സുവരെ ആമി പര്‍ഡിക്ക് യാതൊരുവിധ ആരോഗ്യ പ്രശ്‌നങ്ങളുമില്ലായിരുന്നു. പത്തൊമ്പതാമത്തെ വയസ്സില്‍ ബാക്ടീരിയല്‍ മെനിഞ്‌ജൈറ്റിസ് എന്ന രോഗത്തിന്റെ പിടിയിലാകുന്നു ആമി. ഒരു ചികിത്സയ്ക്കും രക്ഷപ്പെടുത്താന്‍ കഴിയാത്തവിധം രോഗം ഗുരുതരമായി.

Amy Purdy janayugom

ജീവന്‍ നിലനിര്‍ത്താനുള്ള അവസാന ശ്രമമെന്ന നിലയില്‍ ഡോക്ടര്‍മാര്‍ കടുത്ത ചില തീരുമാനങ്ങളിലേക്ക് നീങ്ങി. അങ്ങനെ ആമിയുടെ രണ്ടു കാലുകളും മുട്ടിനു താഴെ വച്ചു മുറിച്ചുമാറ്റി! അതേ സമയത്തു തന്നെ രണ്ടു കിഡ്‌നികളും തകറാറിലായി. ഒപ്പം പ്ലീഹയും തകരാറിലായി. അവള്‍ രക്ഷപ്പെടാനുള്ള ചാന്‍സ് വെറും രണ്ടു ശതമാനം മാത്രമാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. മരണത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നേര്‍ത്ത നിശ്വാസം മാത്രം അവശേഷിക്കുമ്പോഴും പ്രത്യാശയുടെ നക്ഷത്രങ്ങളെ എത്തിപ്പിടിക്കാന്‍ അവളുടെ മനസ്സ് കൊതിച്ചു. മൃത്യുവിനും ജീവിതത്തിനും ഇടയിയുള്ള നേര്‍ത്ത രേഖയിലൂടെ രണ്ടു വര്‍ഷത്തോളമാണ് ആമി പര്‍ഡി യാത്ര ചെയ്തത്. ഒടുവില്‍ അവളുടെ അച്ഛന്റെ കിഡ്‌നി, ട്രാന്‍സ്പ്ലാന്റേഷനിലൂടെ അവള്‍ സ്വീകരിച്ചു. അതേസമയം പ്ലീഹ ശരീരത്തില്‍നിന്നും മുറിച്ചുമാറ്റി. ഇനിയുള്ള കാലം കഠിനമായ ജോലികള്‍ ചെയ്യാതെ, വിശ്രമവുമായി കഴിയാന്‍ ഡോക്ടര്‍മാര്‍ ഉപദേശിച്ചു. അവള്‍ എല്ലാം ശിരസ്സാ വഹിച്ച് ആശുപത്രി വിട്ടു. എന്നാല്‍ ആരുമറിയാതെ അവളുടെ ഉള്ളില്‍ ഒരു ചിന്ത അനുദിനം വളരുന്നുണ്ടായിരുന്നു. ജീവിതം ഉള്‍വലിയാനുള്ളതല്ല, കുതിച്ചുപായാനുള്ളതാണ്, കീഴടങ്ങാനുള്ളതല്ല, കീഴടക്കാനുള്ളതാണ് എന്ന ചിന്തയായിരുന്നു അത്.
തീവ്രമായ സ്വപ്നങ്ങള്‍ മനസ്സില്‍ വേരുറച്ചിട്ടുണ്ടെങ്കില്‍ അവയെ എത്തിപ്പിടിക്കുവാന്‍ ശാരീരിക പരിമിതി തടസമേയല്ല എന്നു തെളിയിക്കുന്നതായിരുന്നു ആമിയുടെ പില്‍ക്കാല ജീവിതം.

ഇന്നവള്‍ എത്തിനില്‍ക്കുന്നതെവിടെയെന്ന് നോക്കൂ; പാരാലിമ്പിക്‌സിലെ മെഡല്‍ ജേതാവ്, അഭിനേതാവ്, മോഡല്‍, മോട്ടിവേഷണല്‍ സ്പീക്കര്‍, സ്‌നോ ബോര്‍ഡര്‍, ഭിന്നശേഷിക്കാര്‍ക്കുവേണ്ടിയുള്ള അഡാപ്റ്റീവ് ആക്ഷന്‍ സ്‌പോര്‍ട്ട്‌സ് എന്ന ചാരിറ്റി സ്ഥാപനത്തിന്റെ സഹസ്ഥാപക, ലോകപ്രശസ്ത ടെലിവിഷന്‍ ഷോകളിലെ താരം, നര്‍ത്തകി, മിസ് അമേരിക്ക പോലുള്ള അതിവാശിയേറിയ മത്സരങ്ങളിലെ വിധികര്‍ത്താവ്, എഴുത്തുകാരി, വിവിധ കമ്പനികളുടെ മാര്‍ക്കറ്റിംഗ് പാര്‍ട്ട്ണര്‍, ഫാഷന്‍ ഡിസൈനര്‍….അങ്ങനെ ആമിയുടെ സാഹസികതയുടെയും നേട്ടങ്ങളുടെയും പട്ടിക നീളുകയാണ്. ”അവസരങ്ങള്‍ക്ക് കാത്തുനില്‍ക്കുകയല്ല വേണ്ടത്. അവസരങ്ങള്‍ സൃഷ്ടിക്കുകയാണ്. നിങ്ങള്‍ക്ക് ആവശ്യമുള്ളതിലല്ല മനസ്സുറപ്പിക്കേണ്ടത്, നിങ്ങള്‍ എന്താകാനാഗ്രഹിക്കുന്നുവോ അതിലാണ്. പ്രായത്തെക്കുറിച്ചും പരിമിതികളെക്കുറിച്ചുമോര്‍ക്കാതെ ലക്ഷ്യങ്ങളില്‍ മനസ്സുറപ്പിക്കുക. അവിടെ നിങ്ങളെ തടയാന്‍ നിയമങ്ങളൊന്നുമില്ല. വര്‍ത്തമാനകാലത്തില്‍ മനസ്സുറപ്പിച്ച് മുന്നോട്ട് പോവുക” – ആമി പര്‍ഡി തന്റെ വിജയരഹസ്യം ഇങ്ങനെ വിശദീകരിക്കുന്നു.
അമേരിക്കയിലെ നെവാഡയിലെ ലാസ് വെഗാസില്‍ 1979 നവംബര്‍ 7 നാണ് ആമി പര്‍ഡി ജനിച്ചത്. കാലുകള്‍ മുറിച്ചു മാറ്റിയ ശേഷം തന്റേതുമാത്രമായ ഒരു വിലാസം ഏതെങ്കിലും മേഖലയില്‍ ഉണ്ടാക്കിയെടുക്കണമെന്ന ചിന്തയിലായിരുന്നു അവള്‍.

Amy Purdy janayugom

കിഡ്‌നികൂടെ നഷ്ടപ്പെടുന്ന അവസ്ഥയിലായിട്ടും തന്റെ ആത്മവിശ്വാസം കൈവിടാന്‍ അവള്‍ തയ്യാറായില്ല. പിതാവില്‍നിന്ന് ലഭിച്ച കിഡ്‌നിയുമായി സ്‌നോബോര്‍ഡര്‍ പരിശീലനത്തിനിറങ്ങുമ്പോള്‍ ബന്ധുക്കള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഭയമായിരുന്നു. മഞ്ഞുപാളികള്‍ക്കു മുകളിലൂടെ ശരവേഗത്തില്‍ തെന്നിപ്പായുമ്പോള്‍ പക്ഷേ, അവള്‍ അല്പവും ഭയപ്പെട്ടില്ല. മറിച്ച് സാഹസികതയുടെയും ആവേശത്തിന്റെയും തിരതല്ലലായിരുന്നു അവളുടെ ഉള്ളിലാകെ. ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത ആത്മവീര്യത്തിന്റെ പര്യായമായിരുന്നു ആമി. ജീവിതം കീഴടങ്ങാനുള്ളതല്ലെന്നും അതിജീവിക്കുവാനുള്ളതാണെന്നും അവള്‍ വിശ്വസിച്ചു. അല്പമൊന്നറച്ചുനിന്നാല്‍ പിന്തള്ളപ്പെട്ടുപോകുന്നതാണ് ലോകമെന്ന് അവള്‍ക്കറിയാമായിരുന്നു.

കാലുകള്‍ മുറിച്ചുമാറ്റി വളരെകുറച്ചു നാളത്തെ വിശ്രമത്തിനുശേഷം അവള്‍ സ്‌നോ ബോര്‍ഡിംഗ് പരിശീലനം ആരംഭിച്ചു. മാമത്ത് പര്‍വ്വതത്തില്‍ നടന്ന സ്‌നോ ബോര്‍ഡിംഗ് പരിശീലനത്തില്‍ അവള്‍ മൂന്നാം സ്ഥാനം നേടുമ്പോള്‍ കാലുകള്‍ മുറിച്ചു മാറ്റിയിട്ട് ഒരു വര്‍ഷം തികയുന്നതേ ഉണ്ടായിരുന്നുള്ളു! 2014 ല്‍ നടന്ന പാരാലിമ്പിക്‌സില്‍ വെങ്കലവും 2018 ലെ പാരാലിമ്പിക്‌സില്‍ വെള്ളിമെഡലും നേടിയതോടെ ആമിയുടെ ജീവിതവും നേട്ടങ്ങളും ലോകശ്രദ്ധയിലേക്ക് വന്നു. വിവിധ മത്സരങ്ങളില്‍ തുടര്‍ച്ചയായി തന്റെ കഴിവു തെളിയച്ചതോടെ ലോകത്തെ മുന്‍നിര ചാനലുകള്‍ ആമിക്കുവേണ്ടി ക്യാമറകള്‍ തുറന്നു. അവരുടെ ഇന്റര്‍വ്യൂകളിലും റിയാലിറ്റി ഷോകളിലും ആമി സെലിബ്രിറ്റിയായി.

Amy-Purdy janayugom

മരണത്തിന്റെ കണ്‍വെട്ടത്തുനിന്നും നേട്ടങ്ങളുടെ കൊടുമുടിയിലേക്കുള്ള അവളുടെ കുതിച്ചുചാട്ടം ലോകത്തിനുതന്നെ അത്ഭുതമായിരുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച പാരാലിമ്പിക് അത്‌ലറ്റുകളിലൊരാളായാണ് ആമി പര്‍ഡി പരിഗണിക്കപ്പെടുന്നത്.
ആള്‍ക്കൂട്ടത്തിനൊപ്പം നടന്നുപോകുന്നയാള്‍ക്ക് ഒരിക്കലും തന്റേതായ വ്യക്തിത്വം സ്ഥാപിച്ചെടുക്കാനാകില്ല. വ്യത്യസ്തമായി ചിന്തിക്കുകയും വ്യത്യസ്തമായി ജീവിക്കുകയും ചെയ്യുമ്പോഴാണ് നമ്മുടേതു മാത്രമായ ഐഡന്റിറ്റി രൂപപ്പെടുന്നത്. സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന പരിമിതികളെ അതിലംഘിച്ചു പോകുന്നവര്‍ക്കു മാത്രമേ ചരിത്രത്തില്‍ വലിയ അധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കാനാകൂ. അതിന് തളരാത്ത മനോവീര്യം വേണം. തിരിച്ചടികളെ അതിജീവിക്കാനുള്ള മനക്കരുത്ത് വേണം. കീഴടങ്ങാത്ത മനസ്സ് വേണം. സര്‍വ്വോപരി കൃത്യമായ ലക്ഷ്യവും അത് സാക്ഷാത്ക്കരിക്കാനുള്ള അതിതീവ്രമായ ഇച്ഛാശക്തിയും വേണം. ഈ ഗുണങ്ങള്‍ വേണ്ടുവോളം ഉണ്ടായിരുന്നതാണ് ആമി പര്‍ഡിയെ ലോകത്തെ വിസ്മയ ജീവിതങ്ങളിലൊന്നാക്കി മാറ്റിയത്.

Amy-Purdy janayugom