2016ല്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ കാണാതായ വ്യോമസേന എഎൻ-32 യുദ്ധ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ചെന്നൈ തീരത്തുനിന്നാണ് വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. വിമാനം കണ്ടെത്തുന്നതിന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. വിമാനത്തെകുറിച്ച് അവസാനം വിവരം ലഭിച്ച ബംഗാള്‍ ഉള്‍ക്കടല്‍ മേഖല കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. 3,400 അടി താഴ്ചയില്‍ മള്‍ട്ടി ബീം സോണാര്‍ ഉപയോഗിച്ചും ഹൈ റസല്യൂഷൻ കാമറ ഉപയോഗിച്ചുമായിരുന്നു അന്വേഷണം നടത്തിയത്. ചെന്നൈ തുറമുഖത്തിന് 310 കിലോമീറ്റര്‍ അകലെയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മറ്റൊരു വിമാനങ്ങളും അവിടെ വച്ച് കാണാതായിട്ടില്ല എന്നതിനാല്‍ അവശിഷ്ടം എഎൻ-32ന്റേതെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ വിമാനം തകരാനുള്ള കാരണം കണ്ടെത്താനായിട്ടില്ല.
കെ-2743 എന്ന എഎൻ-32 വിമാനം 2016 ജൂലൈ 22ന് ചെന്നൈ വ്യോമതാവളത്തില്‍ നിന്ന് രാവിലെ 8.30ന് പുറപ്പെടുകയായിരുന്നു. രാവിലെ 11.45ഓടെ ആൻഡമാൻ നിക്കോബറില്‍ എത്തുമെന്ന് പ്രതീക്ഷിച്ച വിമാനം എട്ട് സാധാരണക്കാരുള്‍പ്പെടെ 29 പേരുമായി കാണാതാകുകയായിരുന്നു. വിമാനം പറന്നുയര്‍ന്ന് ആറ് മിനിറ്റുകള്‍ക്ക് ശേഷം എല്ലാം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി പൈലറ്റ് അറിയിച്ചിരുന്നു. ചെന്നൈ തുറമുഖത്തുനിന്ന് 280 കിലോമീറ്റര്‍ അകലെ 23,000 അടി ഉയരത്തില്‍ രാവിലെ 9.12 ഓടെയാണ് വിമാനം കാണാതായത്.
വിമാനം കണ്ടെത്തുന്നതിനായി വ്യോമ- നാവിക സേനകള്‍ വലിയ തോതില്‍ പരിശോധനകള്‍ നടത്തിയിരുന്നു. നാവിക സേനയുടെ ഡ്രോണിയര്‍ എയര്‍ക്രാഫ്റ്റ്, 11 കപ്പലുകള്‍ എന്നിവയേയും ഇതിനായി വിന്യസിച്ചിരുന്നു. ഒരു വിമാനം കണ്ടെത്തുന്നതിനായുള്ള ഏറ്റവും വലിയ പരിശോധനയായിരുന്നു ഇത്. അപകടമുണ്ടായാല്‍ രക്ഷപ്പെടാനുള്ള അത്യാവശ്യ ഉപകരണങ്ങള്‍ വിമാനത്തിലുണ്ടായിരുന്നില്ല എന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
English Summary; AN-32 aircraft wreckage found
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.