കുരീപ്പുഴ ശ്രീകുമാർ

വർത്തമാനം

May 12, 2022, 5:33 am

കേരളത്തിൽ ഒരു ആസിഡ് ഗ്രാമം

Janayugom Online

ചിറ്റൂർ എന്ന നാട്ടുപേര് കേരളത്തിൽ പലയിടങ്ങളിലുമുണ്ട്. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ പാലക്കാട്ടെ ചിറ്റൂർ മുതൽ എറണാകുളത്തെ ചിറ്റൂർ വരെ. കൂടാതെ ഈ ദ്രാവിഡനാമം തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും ഉണ്ട്. എന്നാൽ ആസിഡ് ഗ്രാമം എന്ന പേര് സ്വീകരിക്കേണ്ടിവന്ന ഒരേയൊരു ഗ്രാമമേയുള്ളൂ. അത് കൊല്ലം ചവറയിലുള്ള ചിറ്റൂരാണ്.
ചിറ്റൂർ പ്രദേശം ആസിഡ്ഗ്രാമമാകുമ്പോൾ അതിനു പിന്നിൽ ഹനിക്കപ്പെട്ട മാനുഷിക മൂല്യങ്ങളുടെ ഞെട്ടിക്കുന്ന സത്യാവസ്ഥയുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉദയകിരണങ്ങളോളം നീളുന്ന ചരിത്രവുമുണ്ട്. ജ്ഞാനപീഠ പുരസ്കാര ജേതാവ് ഒ എൻ വി ഒരു കവിതയിലൂടെ ഈ ചരിത്രം പറഞ്ഞിട്ടുണ്ട്.
കയറുകൊണ്ടുള്ള ചവിട്ടിയിലൂടെ ജർമ്മനിയിലെത്തിയ മിനുക്കം ഒരു വിലപ്പെട്ട ധാതുവാണെന്ന് ഡോ. സി ഡബ്ല്യു ഷോംബെർഗ് കണ്ടെത്തുന്നു. അത് അപൂർവവും അമൂല്യവുമായ മോണോസൈറ്റിന്റെ അംശം ആയിരുന്നു. ഈ ധാതു പദാർത്ഥങ്ങളുടെ വൻ നിക്ഷേപം അറബിക്കടലിന്റെ കിഴക്കൻ തീരത്തുള്ള കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഉണ്ടെന്ന തിരിച്ചറിവിനെ തുടർന്ന് വലിയ നിരീക്ഷണങ്ങളും പരീക്ഷണങ്ങളും ഉണ്ടായി. തോറിയം യുറേനിയം തുടങ്ങിയ ധാതുക്കൾ അടങ്ങിയ ഈ മണ്ണ് കപ്പൽ മാർഗം വൻതോതിൽ യൂറോപ്പിലേക്ക് കൊണ്ടുപോയി. പിന്നീടിത് സ്വദേശസംരംഭങ്ങളായി മാറുകയും ക്രമേണ ഇന്ത്യൻ റെയർ ഏർത്ത്സ് കേന്ദ്ര സർക്കാരിന്റെ കീഴിലും മറ്റുള്ളവ കേരള സർക്കാരിന്റെ മേൽനോട്ടത്തിലുമായി.

 


ഇതുകൂടി വായിക്കൂ:  മനുഷ്യരെ ഇഞ്ചിഞ്ചായി കൊല്ലുന്ന രാസപദാർത്ഥ പ്രയോഗം


 

ജനകീയ ശാസ്ത്രജ്ഞൻ വി ടി പത്മനാഭൻ, ഈ പ്രദേശത്ത് നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ, കരിമണലിൽ നിന്നും ഉണ്ടാകുന്ന അണുപ്രസരണം വിവിധ രോഗങ്ങൾക്ക് കാരണമാകുന്നതായി കണ്ടെത്തി. തുടർന്ന് യുവകലാസാഹിതിയും മറ്റും ഉണർന്ന് പ്രവർത്തിക്കുകയും കേരളത്തിലെ ആദ്യത്തെ പരിസ്ഥിതിജലയാത്ര നടത്തുകയും ചെയ്തു. എൻ സി മമ്മൂട്ടി, പെരുമ്പുഴ ഗോപാലകൃഷ്ണൻ, ആര്യാട് ഗോപി, ചവറ കെ എസ് പിള്ള, വള്ളിക്കാവ് മോഹന്‍ദാസ്, പി ആർ കർമ്മചന്ദ്രൻ തുടങ്ങിയവർ നേതൃത്വം കൊടുത്ത ആ പരിസ്ഥിതി ജലയാത്ര, ആയിരംതെങ്ങിൽ വച്ച് വന്ദ്യവയോധികനായ സഖാവ് പുതുപ്പള്ളി രാഘവൻ ഉദ്ഘാടനം ചെയ്തു. ഈ യാത്രയിൽ വച്ചാണ് ഇഞ്ചക്കാട് ബാലചന്ദ്രന്റെ നാവിലൂടെ, പിന്നീട് പ്രസിദ്ധിയാർജ്ജിച്ച ആ പരിസ്ഥിതിഗാനം ഉരുത്തിരിഞ്ഞത്. ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?
കാലം പിന്നിട്ടപ്പോൾ കരിമണ്ണ് ശേഖരിച്ചിടം അഗാധ ഗർത്തങ്ങളായി. കടലുകയറി. ഗ്രാമവാസികൾ ഒഴിഞ്ഞുപോയി. ഗ്രാമങ്ങൾ തന്നെ ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷമായി. കുറെ പേർക്ക് നഷ്ടപരിഹാരവും ചികിത്സാസഹായവും കിട്ടി. പ്രശ്നം പൂർണമായി പരിഹരിക്കപ്പെട്ടില്ല. ടൈറ്റാനിയം എന്ന പേരിലറിയപ്പെടുന്ന കേരള മിനറൽസ് ആന്റ് മെറ്റൽസ് ഫാക്ടറിയുടെ കൂറ്റൻ മതിലിനോടു ചേർന്നു കിടക്കുന്ന ചിറ്റൂർ ഗ്രാമത്തിലെ മുഴുവൻ ജലസ്രോതസുകളിലും ആസിഡിന്റെ സാന്നിധ്യമുണ്ടായി.

 


ഇതുകൂടി വായിക്കൂ:  ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്; രാസമലിനീകരണം പരിധികടന്നു


 

കിണറുകളിലെ കുടിവെള്ളം കൊഴുത്ത മഞ്ഞ ദ്രാവകമായി. ഗ്രാമവാസികളിൽ കാൻസര്‍ അടക്കമുള്ള രോഗങ്ങൾ പ്രത്യക്ഷപ്പെട്ടു. ചർമ്മരോഗങ്ങൾ ചിറ്റൂർ ഗ്രാമത്തിൽ സ്ഥിരതാമസമാക്കി. കാസർകോട്ടെ എൻഡോസൾഫാൻ ദുരിതത്തിന് സമാനമായ പ്രശ്നങ്ങൾ ചിറ്റൂരിലും ഉണ്ടായി.
വാസയോഗ്യമല്ലാതാക്കി മാറ്റിയ അവരുടെ സ്ഥലം ഏറ്റെടുക്കുമെന്ന് സര്‍ക്കാർ വാഗ്ദാനം ഉണ്ടായി. റവന്യു വകുപ്പിന്റെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. പക്ഷേ എല്ലാ പ്രതീക്ഷകളുടെയും മുഖത്തേക്ക് ആസിഡ് വലിച്ചെറിയപ്പെട്ടു. ഭൂമി ഏറ്റെടുക്കൽ പ്രക്രിയ നിലച്ചു. വഞ്ചിക്കപ്പെട്ട ആ ജനത സമാധാനപരമായ സമരത്തിലാണ്. അവർ മിന്നാംതോട്ടിൽ ക്ഷേത്രമുറ്റത്തുനിന്നും പ്ലക്കാർഡുകളേന്തി സഹിഷ്ണുതയുടെ പ്രതീകങ്ങളായി പോസ്റ്റ് ഓഫീസിലേക്ക് നടന്നു പോയി. മുഖ്യമന്ത്രിക്കുള്ള ആവലാതിക്കത്തുകൾ നിശബ്ദം പോസ്റ്റ് ചെയ്തു കാത്തിരിക്കുകയാണ്.
ഭൂമി ഏറ്റെടുക്കുന്നതിനെതിരെയുള്ള സമരങ്ങൾക്ക് സാക്ഷിയാകുന്ന ഇക്കാലത്ത് ഒരു ഗ്രാമം ഈ ഭൂമി ഏറ്റെടുത്ത് ഞങ്ങളെ രക്ഷിക്കണേയെന്ന അപേക്ഷയുമായി നിൽക്കുകയാണ്. മരിക്കുന്നേരം നാവിലിറ്റിക്കാൻ ഒരു തുള്ളി ശുദ്ധജലത്തിനായി, കാത്തുനിൽക്കുകയാണ്. ദാഹിക്കുന്ന കുഞ്ഞിനു ഒരു കുമ്പിൾ വെള്ളം കിട്ടണേയെന്ന അഭ്യർത്ഥനയുമായി നാനൂറിലധികം കുടുംബങ്ങൾ കൈനീട്ടുകയാണ്. അതെ, ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന ഒരു സമരരംഗത്താണ് ചിറ്റൂർ എന്ന ആസിഡ് ഗ്രാമത്തിലെ നിരപരാധികളായ മനുഷ്യർ.