അജ്ഞാത സ്രോതസുകളില്‍ നിന്നും ബിജെപിക്ക് 553 കോടി രൂപ

Web Desk
Posted on January 23, 2019, 10:56 pm

ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തികവര്‍ഷം അജ്ഞാത സ്രോതസുകളില്‍ നിന്നും ബിജെപി 553 കോടി രൂപ സമാഹരിച്ചതായി റിപ്പോര്‍ട്ട്. മറ്റ് അഞ്ച് ദേശീയ പാര്‍ട്ടികളുടെ വരുമാനത്തിന്റെ നാല് മടങ്ങാണെന്നും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പേരുവെളിപ്പെടുത്താത്ത സ്രോതസുകളില്‍ നിന്നും ദേശീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത് 689.44 കോടി രൂപയാണ്. ഇതില്‍ ബിജെപിക്ക് ലഭിച്ചത് 553 കോടി രൂപയും. ആദായനികുതി റിട്ടേണില്‍ വരുമാനം കാണിക്കുകയും 20,000 രൂപയില്‍ കുറച്ച് സംഭാവന നല്‍കിവരെയുമാണ് അജ്ഞാത സ്രോതസായി കണക്കാക്കുന്നത്.
തെരഞ്ഞെടുപ്പ് ബോണ്ടുകള്‍, കൂപ്പണ്‍ വില്‍പ്പന, ദുരിതാശ്വാസ നിധി, സംഭാവനകള്‍, കമ്മിറ്റികളില്‍ നിന്നും ലഭിക്കുന്ന വരുമാനം തുടങ്ങിയവയാണ് അജ്ഞാത സ്രോതസില്‍ ഉള്‍പ്പെടുന്നത്. നിലവിലുള്ള ചട്ടങ്ങള്‍ പ്രകാരം 20,000 രൂപയില്‍ കുറവ് സംഭാവനകള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തേണ്ട ആവശ്യമില്ല. അതുകൊണ്ടുതന്നെ സംഭാവനകളുടെ സിംഹഭാഗവും 20,000 രൂപയില്‍ കുറവായാണ് രേഖപ്പെടുത്തുന്നത്. ദേശീയ പാര്‍ട്ടികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയിലാണെന്ന് 2013ല്‍ കേന്ദ്ര വിവരാവകാശ കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് പലപ്പോഴും പാര്‍ട്ടികള്‍ പാലിക്കാറില്ല. 20,000 രൂപയില്‍ കൂടുതലുള്ള സംഭാവനകളില്‍ 93 ശതമാനവും ലഭിച്ചത് ബിജെപിക്കാണ്. കോര്‍പ്പറേറ്റുകള്‍ ആകെ സംഭാവന ചെയ്ത 469.89 കോടി രൂപയില്‍ 437.04 കോടി രൂപയും ലഭിച്ചത് ബിജെപിക്കാണെന്നും എഡിആര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.