20 April 2024, Saturday

തൊഴിലുറപ്പ് പദ്ധതി പൊളിച്ചടുക്കുന്നു; വിഹിത നിര്‍ണയത്തിന് ആളോഹരി വരുമാനം മാനദണ്ഡമാക്കും

Janayugom Webdesk
ന്യൂഡല്‍ഹി
November 26, 2022 10:21 pm

ഗ്രാമീണ ഇന്ത്യയിലെ ദരിദ്ര കുടുംബങ്ങള്‍ക്ക് വരുമാനലഭ്യതയ്ക്കായി ആവിഷ്കരിച്ച മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് (എന്‍ആര്‍ഇജി) പദ്ധതി പൊളിച്ചടുക്കുന്നു. നിലവിലുള്ള നടപടിക്രമങ്ങളും ഫണ്ട് വിനിയോഗവും വിലയിരുത്തി പുനഃക്രമീകരിക്കുന്നതിനുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. കേന്ദ്ര ഗ്രാമീണ വികസന വകുപ്പ് മുന്‍‍ സെക്രട്ടറിയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഉപദേഷ്ടാവുമായ അമര്‍ജീത് സിന്‍ഹ അധ്യക്ഷനും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരന്‍ അംഗവുമായ സമിതി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് നല്കുന്നതിന് തീരുമാനിക്കുകയും ചെയ്തു. ഘടനാപരമായ മാറ്റങ്ങളും മറ്റു പരിഷ്കാരങ്ങളും നിര്‍ദ്ദേശിക്കുന്നതിനാണ് സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും അര്‍ഹതയുള്ള സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്കിക്കൊണ്ട് പ്രാദേശിക അസന്തുലിതാവസ്ഥ ഇല്ലാതാക്കുന്നതിനുള്ള നടപടികള്‍ നിര്‍ദ്ദേശിക്കുകയെന്നതാണ് സമിതിയെ ഏല്പിച്ചിരിക്കുന്ന പ്രധാന ഉത്തരവാദിത്തം. അതുകൊണ്ടുതന്നെ ഇപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് വിഹിതം നല്കുന്ന രീതിയില്‍ മാറ്റങ്ങള്‍ ഉണ്ടാകും. സംസ്ഥാനങ്ങളുടെ ആളോഹരി വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഫണ്ട് അനുവദിക്കുന്നതിനുമുള്ള നടപടിക്രമങ്ങളും നിര്‍ദ്ദേശിക്കണം. നേരത്തെ തന്നെ പദ്ധതി പൊളിച്ചടുക്കുമെന്ന സൂചനകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉന്നതരില്‍ നിന്നുണ്ടായിരുന്നു. ദരിദ്രര്‍ക്ക് വരുമാനം നല്കുന്നതിന് ഫലപ്രദമല്ലാത്ത പദ്ധതിയാണിതെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടിരുന്നതുമാണ്. സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന എന്‍ആര്‍ഇജി ഫണ്ട് വിനിയോഗം കൃത്യമായ ഏകോപിപ്പിക്കാത്തതിന് ഗ്രാമീണ വികസനവുമായി ബന്ധപ്പെട്ട പാര്‍ലമെന്റിന്റെ സ്ഥിരം സമിതി കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.

2020–21 സാമ്പത്തിക വര്‍ഷം 1,11,169 കോടി തൊഴിലുറപ്പ് പദ്ധതിക്കായി വകയിരുത്തിയ കേന്ദ്രം അടുത്ത വര്‍ഷം അത് 98,000 കോടിയും നടപ്പുവര്‍ഷം 73,000 കോടി രൂപയുമായി കുറച്ചിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം പശ്ചിമ ബംഗാളിന് 7,000 കോടി, ബിഹാറിന് 2,600 കോടി രൂപയും കുടിശികയിനത്തില്‍ നല്കാനുണ്ട്. പാര്‍ലമെന്റിന്റെ കഴിഞ്ഞ സമ്മേളനത്തില്‍ നല്കിയ മറുപടി പ്രകാരം മുന്‍കാല വേതനം നല്കുന്നതിനുള്ള കുടിശിക മാത്രം 18,380 കോടി രൂപയായിരുന്നു. 2005ല്‍ നടപ്പിലാക്കിയ പദ്ധതി ഗ്രാമീണ മേഖലയില്‍ പ്രതിവര്‍ഷം നൂറു തൊഴില്‍ ദിനങ്ങളാണ് ഉറപ്പുനല്കിയിരുന്നത്. 15.51 കോടി സജീവ അംഗങ്ങളാണ് നിലവില്‍ പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളത്.

കേരളത്തിന് ഫണ്ട് കുറയും

സമിതിയോട് ആവശ്യപ്പെട്ടതുപ്രകാരം ആളോഹരി വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിഹിതം തീരുമാനിക്കുന്നെതെങ്കില്‍ കേരളം പോലെ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന തുകയില്‍ കുറവുണ്ടാകും. പദ്ധതി നടത്തിപ്പില്‍ വീഴ്ച വരുത്തുന്ന ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ് തുടങ്ങി ആളോഹരി വരുമാനം കുറവുള്ള സംസ്ഥാനങ്ങളെന്ന നിലയില്‍ കൂടുതല്‍ വിഹിതം ലഭിക്കുന്നതിനുള്ള സാഹചര്യവുമുണ്ടാകും.

ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ദാരിദ്ര്യത്തിന്റെ തോതില്‍ ബിഹാര്‍ മുന്നിലാണെങ്കിലും വേണ്ടത്ര തൊഴില്‍ സൃഷ്ടിക്കുന്നില്ല. അതേസമയം സാമ്പത്തികമായി മെച്ചപ്പെട്ട കേരളം പദ്ധതി ഫലപ്രദമായി ഉപയോഗിക്കുകയും അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ബീഹാറിന് കൂടുതൽ വിഹിതം ആവശ്യമാണെങ്കിലും നിലവിലെ ഘടന കാരണം കേരളത്തിന് നല്കുന്ന പണം നിഷേധിക്കാനാവില്ല’ എന്ന് സമിതിയിലെ ഒരംഗം അഭിപ്രായപ്പെട്ടതായി വാര്‍ത്തയില്‍ വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry: An attempt to destroy the NREGA
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.