ഇന്ത്യയിൽ രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങളുടെ പേരിൽ ചുമത്തപ്പെടുന്നത് ഒരു വർഷം ശരാശരി 8533 കേസുകളാണെന്ന് കണക്കുകൾ. നാഷണൽ ക്രൈം റെക്കോഡ്സ് ബ്യുറോയുടെ 2019ലെ കണക്കനുസരിച്ച് 2017–19 കാലയളവിൽ രാജ്യവിരുദ്ധ കുറ്റകൃത്യത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത് 25,118 കേസുകളാണ്. 2019ൽ രാജ്യത്താകെ രജിസ്റ്റർ ചെയ്തവയിൽ 27.8 ശതമാനം കേസുകളും ഉത്തർപ്രദേശിൽ നിന്ന് മാത്രമാണെന്നതും ശ്രദ്ധേയം. ലോകത്ത് മറ്റൊരു രാജ്യവും സ്വന്തം പൗരൻമാർക്കെതിരെ ഇത്രയധികം രാജ്യദ്രോഹകുറ്റം ചുമത്തുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
124എ വകുപ്പ് പ്രകാരം രാജ്യദ്രോഹകുറ്റത്തിന് 93 കേസുകളും 121 വകുപ്പ് പ്രകാരം രാജ്യത്തിനെതിരെ യുദ്ധം നടത്തിയെന്ന കുറ്റത്തിന് 73 കേസുകളും ദേശീയോദ്ഗ്രഥനത്തിന് വിഘാതമായെന്ന കുറ്റത്തിന് 153ബി വകുപ്പ് പ്രകാരം 58 കേസുകളും യുഎപിഎ പ്രകാരം 1226 കേസുകളുമാണ് 2017 മുതൽ 2019 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ ചുമത്തപ്പെട്ടിരിക്കുന്നത്. രാജ്യത്ത് എവിടെയും ഒരു തീവ്രവാദി ആക്രമണം പോലും നടന്നിട്ടില്ലാത്ത ഇക്കാലയളവിലാണ് ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതെന്നും രാജ്യദ്രോഹകുറ്റത്തിന് 95 പേരും യുഎപിഎ വകുപ്പ് പ്രകാരം 1900 പേരും അറസ്റ്റിലാവുകയും ചെയ്തതെന്നും ഏറെ ഗൗരവതരമാണെന്നും നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ പ്രധാന സർവകലാശാലകളിലെ പിഎച്ച്ഡി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ രാജ്യദ്രോഹകുറ്റം ചുമത്തി തുറുങ്കിലടക്കുന്നതിലൂടെ ഇത് കേന്ദ്രഗവൺമെന്റ് സ്വീകരിച്ചുപോരുന്ന ഗുരുതരമായ അധികാരദുർവിനിയോഗത്തിന്റെ തെളിവുകളാണെന്നും അവർ സൂചിപ്പിക്കുന്നു.
ചുരുങ്ങിയ വാക്കുകളിലുള്ള ട്വീറ്റുകളും വാട്സ് ആപ്പ് മെസേജുകളും ഫേസ്ബുക്ക് പോസ്റ്റുകളും ലേഖനങ്ങളും കവിതകളും പാട്ടുകളും സിനിമകളുമെല്ലാം രാജ്യസുരക്ഷയെ ഭീഷണിയിലാക്കുന്നുവെന്ന് ഭരണകൂടം അവകാശപ്പെടുന്നതിന്റെ പരിഹാസ്യതയാണ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. മുസ്ലിങ്ങളെയും ദളിതരെയും ഇടതുപക്ഷ പ്രവർത്തകരെയും സാമൂഹ്യപ്രവർത്തകരെയും വിദ്യാർത്ഥികളെയുമെല്ലാം ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തിയതിന്റെ പേരിൽ രാജ്യദ്രോഹികളെന്ന് മുദ്രകുത്തി തുറുങ്കിലടയ്ക്കാനും നിശബ്ദരാക്കാനും ശ്രമിക്കുന്ന ഭരണകൂടത്തിന്റെ ഊർജ്ജിത പ്രവർത്തത്തിന്റെ സാക്ഷ്യമാവുകയാണ് ഈ കണക്കുകൾ.
English summary: anti-national crimes
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.