Saturday
16 Feb 2019

മോഹന്‍ലാല്‍ ‘ എസ്സെന്‍സ്, ഒരു അസാധാരണ റിവ്യൂ

By: Web Desk | Monday 23 April 2018 2:09 PM IST

 ദീപക് അനന്തൻ 
എമ്പ്രാന്‍റെ വിളക്കത്തെ (മഞ്ജു )വാര്യരുടെ ഊണാണ് മോഹന്‍ലാല്‍ എന്ന സിനിമ!
പാർട്ടിപത്രത്തിന്റെ  മുന്‍പേജ് പരസ്യത്തിലൂടെ സഖാവ് പടങ്ങള്‍ക്ക് ആളേക്കൂട്ടുന്നത് പോലൊരു ഒടിവിദ്യ.
 ലാലിന്‍റെ കടുത്ത ആരാധികയാണത്രേ മീനുക്കുട്ടി. തിയേറ്ററില്‍ പോയിരുന്നുള്ള വിസിലടിയാണ് ആരാധനയുടെ ആകെ പുറത്തു കാണിക്കുന്ന ലക്ഷണം.റിലീസ് ദിവസങ്ങളില്‍ ആരാധന മൂര്‍ച്ഛിക്കുന്നു. അനീതിക്കെതിരെ ചുരിദാര്‍ മടക്കിക്കുത്തിയുള്ള തല്ലുമുണ്ട്. വിവാഹത്തിന് ശേഷവുമുള്ള മീനുക്കുട്ടിയുടെ വിസിലടികള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളും അതിന്‍റെ പരിഹാരക്രിയയുമാണ് സിനിമ.
 ഒാംശാന്തി ഒാശാനയില്‍ ഗിരിയോടുള്ള ആരാധന നായികയില്‍ ഉണ്ടാക്കിയ  സ്വാധീനം പോലും മീനുക്കുട്ടിയില്‍ മോഹന്‍ലാല്‍ സൃഷ്ടിക്കുന്നതായി പ്രതിഫലിക്കുന്നില്ല. ആരാധന സാമാന്യയുക്തിക്ക് നിരക്കാത്ത ലെവലിലുള്ള ഫാന്‍സ് രോഗത്തോടാണ്  കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നത്. കുഞ്ഞുപ്രായത്തില്‍ മീനുക്കുട്ടിയുടെ ഹൃദയത്തില്‍ ലാല്‍ ഇടം നേടുന്നത് വിട്ടുപിരിഞ്ഞ അച്ഛന്‍റെ പകരക്കാരനായാണ്. എന്നിട്ടും ലാലിന്‍റെ കല്യാണവാര്‍ത്ത കേട്ട് മീനുക്കുട്ടി തകര്‍ന്നുപോയത് എന്തിനെന്ന് തിരകഥാകൃത്തിനോട് തന്നെ ചോദിക്കണം.!
 ട്രെയിനിന് തലവയ്ക്കാന്‍ നില്‍ക്കുന്ന മീനുക്കുട്ടിയുടെ ഭര്‍ത്താവിന്‍റെ വാക്കുകള്‍ സിനിമയുടെ ആകെത്തുകയാണ് –
 എല്ലാത്തിനും കാരണം മോഹന്‍ലാലാണ്.! മീനുക്കുട്ടിയെന്ന പെണ്‍കുട്ടിയുടെ പെരുമാറ്റ വൈകല്യത്തിന് മോഹന്‍ലാല്‍ സമാധാനം പറയേണ്ട സ്ഥിതി. ഇന്ദ്രജിത്തെങ്ങാനും ചത്തിരുന്നെങ്കില്‍ മോഹന്‍ലാല്‍ പ്രേരണാകുറ്റത്തിന് അകത്താകുന്നതും കാണേണ്ടി വന്നേനേ സിനിമയില്‍.!
ഒരുത്സവപ്പറമ്പിലെ സ്റ്റേജില്‍ കളിക്കാവുന്ന ചതുരവടിവിലുള്ള ബെന്നി.പി.നായരമ്പലം മോഡല്‍ തിരക്കഥ. കോമഡി സ്കിറ്റ് പോലുള്ള ചിരിക്കൂട്ടുകളുടെ സങ്കലനമാണ് ആദ്യപകുതി. കട്ടപ്പനയില്‍ നാദിര്‍ഷാ വിട്ടുപോയതെന്ന് തോന്നിപ്പിക്കുന്ന സ്കൂള്‍കാല കോമഡികളില്‍ പുതുമയുണ്ട്., നൊസ്റ്റാള്‍ജിയയും.
കല്യാണ്‍ പരസ്യത്തിന്‍റെ ഹാങ്ങ് ഒാവറില്‍ തുടരുന്ന മഞ്ജുവിന്‍റെ ഒാവറാകുന്ന അഭിനയത്തില്‍ , പ്രായവും ഒാവറാകുന്നതിന്‍റെ അസ്കിതകള്‍ കാണാം. ഭര്‍ത്താവായ ഇന്ദ്രജിത്തിന്‍റെ ശരീരഭാഷ ബാബാകല്യാണിയിലെ ബോംബ് കൊണ്ടു നടക്കുന്ന പ്രൊഫസറുടേത് തന്നെ ഇപ്പോഴും. ഇതില് ബാങ്ക് മാനേജരുടെ ഗെറ്റപ്പു കൂടിയുണ്ടെന്ന് മാത്രം.!
മോഹന്‍ലാലിന്‍റെ  സ്ഥാനത്ത് സന്തോഷ് പണ്ഡിറ്റിനെ പ്രതിഷ്ഠിച്ചാലും മീനുക്കുട്ടിയെന്ന  കഥാപാത്രത്തിനോ കഥയ്ക്ക് തന്നെയോ യാതൊരു മാറ്റവും സംഭവിക്കില്ല എന്നതാണ് സത്യം. പക്ഷേ പണ്ഡിറ്റിന് ഫാന്‍സില്ലല്ലോ.! സസ്പെന്‍സ് പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. മൂക്കിന്‍റെ കാര്യം  പറയുകയേ വേണ്ട എന്ന പോലാണ്  ട്വിസ്റ്റിന്‍റെ കാര്യം. മീനുക്കുട്ടിയിലേക്ക് സദാ തിരിച്ചുവെച്ച ക്യാമറ വല്ലപ്പോഴും അജുവര്‍ഗീസിലേക്കും ബിജുക്കുട്ടനിലേക്കും സലിംകുമാറിലേക്കും തിരിയുന്നിടത്തെല്ലാം സിനിമയും കാണികളും ചിരിക്കുന്നു. സൗബിന്‍ഷാഹിറിന്‍റെ ഡയലോഗുകള്‍ കൂടെയുള്ള ഭാസ്ക്കരനെന്ന പട്ടിക്ക് എന്തായാലും വ്യക്തമാകുന്നുണ്ട്. 
ടൈറ്റില്‍ സോങ്ങടക്കം പാട്ടെന്ന് നിര്‍വചിക്കാന്‍ പാകത്തിലൊന്നുമില്ല. പുട്ടിന് പീരപോലെയെത്തുന്ന ലാലേട്ടന്‍റെ സീനുകളും ഡയലോഗുകളും ഫാന്‍സിന് കുളിരേകും. പരാജയപ്പെട്ടാല്‍ കുളിരും പനിയും ലാലേട്ടനാണെന്ന് കരുതി തിയേറ്ററില്‍ ആള് കയറിയാല്‍ കൊള്ളാം. അവശ്യം ചിരിയ്ക്കാനുള്ള വകയുണ്ട്. സീരിയല്‍ കാണുന്ന പെണ്ണുങ്ങള്‍ക്ക് ഒട്ടും മുഷിയില്യ. കുടുംബമായി കാണാവുന്ന സിനിമയാണ്. ആവറേജിലും മുകളില്‍ മാര്‍ക്ക് നല്‍കാം.
എങ്കിലും താരാരാധനയും പാലഭിഷേകവും ഫാന്‍സ് അസോസിയേഷനുകളും രാജ്യപുരോഗതിക്ക്  മുതല്‍ക്കൂട്ടാണെന്നാണ് സിനിമ പറഞ്ഞു വെയ്ക്കുന്നത്.!