ടി കെ അനിൽകുമാർ

March 15, 2020, 7:30 am

ഇന്ദ്രിയങ്ങളെ തഴുകുന്ന ഇലഞ്ഞിപ്പൂമണം

Janayugom Online

മലയാളികളുടെ മനസ്സിൽ പ്രണയമഴ പെയ്യുകയാണ്. ശ്രീകുമാരൻ തമ്പിയുടെ വരികളിലൂടെ. പ്രണയിനികളുടെ മനസ്സിലെ മധുവും വിധുവും വിരഹവുമെല്ലാം തമ്പിയുടെ വരികളിലൂടെ പെയ്തിറങ്ങിയപ്പോൾ കൈരളിക്കത് നവ്യാനുഭവമായി. ആ പ്രണയ പുഷ്പങ്ങളെ അവർ ആവോളം നുകർന്നു. അതിന്റെ മാസ്മരികതയിൽ തലമുറകൾ ആനന്ദലഹരിയിലമർന്നു. കാലഘട്ടത്തെ അടയാളപ്പെടുത്തിയ ആ ഗാനങ്ങൾക്ക് ഇന്നും പതിനാറിന്റെ ചെറുപ്പമാണ്. മനുഷ്യനെ മാത്രമല്ല, പ്രകൃതിയേയും പ്രണയിക്കാൻ പഠിപ്പിച്ച അദ്ദേഹത്തിന് ആസ്വാദകരുടെ മനസ്സിൽ ‘ഹൃദയഗീതങ്ങളുടെ കവി’ എന്ന വിളിപ്പേരുമുണ്ടായി. 1970 കളിൽ നസീർ‑ഷീല ജോഡി അഭിനയിച്ച സിനിമകളുടെ വിജയ ചരിത്രത്തിന് പിന്നിൽ ശ്രീകുമാരൻതമ്പിയുടെ പ്രണയപുഷ്പങ്ങളുമുണ്ടായിരുന്നു. മാർച്ച് 16ന് എൺപതിന്റെ നിറവിലെത്തുമ്പോഴും തമ്പിമാഷിന്റെ മനസ്സിൽ പെയ്തിറങ്ങുന്നത് പ്രണയത്തിന്റെ ഹൃദയതാളം. ‘ഇലഞ്ഞിപൂമണമൊഴുകി വരുന്നു, ഇന്ദ്രിയങ്ങളിലതുപടരുന്നു’. അയൽക്കാരി എന്ന ചിത്രത്തിന് വേണ്ടി ശ്രീകുമാരൻതമ്പി രചിച്ച ഈ ഗാനത്തിന് ഈണമിട്ടത് ദേവരാജനായിരുന്നു. ഇലഞ്ഞി പൂവിന്റെ ഗന്ധത്തിന് മനുഷ്യമനസ്സുകളിൽ പ്രണയം മാത്രമല്ല കാമവും ജനിപ്പിക്കുവാൻ കഴിയുമെന്ന് കവി തെളിയിച്ചു. ഹൃദയസരസ്സിലെ പ്രണയപുഷ്പമേ, ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം, അകലെ അകലെ നീലാകാശം, ഏഴിലം പാലപൂത്തൂ പൂമരങ്ങൾ കുടപിടിച്ചു, എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണമി വിടർന്നേനേ, ഇന്നുമെന്റെ കണ്ണുനീരിൽ, മിഴിപൂക്കൾ വാടിയാലെന്റോമനേ, ഒന്നാം രാഗം പാടി, കൂത്തമ്പലത്തിൽ വെച്ചോ കുറുമിഴി കുന്നിൽവെച്ചോ. . ശ്രീകുമാരൻ തമ്പിയുടെ ആവനാഴിയിൽ നിന്നും പ്രണയ ശരങ്ങൾ അനുസ്യൂതം പ്രവഹിക്കുകയാണ്.

സിനിമ കീഴടക്കിയ എഞ്ചിനീയർ

കണക്കിൽ മിടുക്കനായ തമ്പിയെ ഒരു ഐഎഎസുകാരൻ ആക്കണമെന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം. എന്നാൽ ഹരിപ്പാട് കളരിക്കൽ കൃഷ്ണപിള്ള‑ഭവാനിയമ്മ ദമ്പതികളുടെ മകൻ എത്തിച്ചേർന്നത് എഞ്ചിനീയറിംഗ് രംഗത്ത്. തൃശൂർ എ‍ഞ്ചിനീയറിംഗ് കോളജിൽ നിന്നും സിവിൽ എഞ്ചിനീയറിംഗ് പാസായ തമ്പിക്ക് മദ്രാസ് കോർപ്പറേേഷനിൽ ടൗൺ പ്ലാനറായി ജോലി ലഭിച്ചു. മദ്രാസ് അന്ന് ഇന്ത്യൻ സിനിമയുടെ സ്വപ്നലോകമായിരുന്നു. ആറുവയസ്സ് മുതൽ കവിതയെ നെഞ്ചേറ്റുകയും പതിനൊന്നാം വയസ്സിൽ കവിത രചിക്കുകയും ചെയ്ത തമ്പിയുടെ മനസ്സിലെ സിനിമാ മോഹം പൂത്തുവിടർന്നു. അതോടെ ജോലി ഉപേക്ഷിച്ച് സിനിമയിൽ സജീവമായി. അന്ന് മുതൽ ഇന്നുവരെ ഈ പ്രതിഭ മലയാള സിനിമയിൽ കയ്യൊപ്പ് ചാർത്താത്ത മേഖലകൾ അപൂർവ്വം. 770 സിനിമകളിലായി 2000 ലേറെ ഗാനങ്ങൾ, ആയിരത്തോളം ലളിതഗാനങ്ങൾ, അഞ്ഞൂറോളം കവിതകൾ, 29 സിനിമകളുടെ സംവിധാനം, 25 സിനിമകളുടെ നിർമാണം, 85 സിനിമകളുടെ തിരക്കഥകൾ, 45 ഡോക്യുമെന്ററികൾ, 13 സീരിയലുകൾ. ഇന്ത്യൻ ചലച്ചിത്ര രംഗത്ത് തന്നെ പകരം വെയ്ക്കാനില്ലാത്ത വടവൃക്ഷമായി ശ്രീകുമാരന്‍ തമ്പി പടർന്ന് കയറുന്നതാണ് പിന്നീട് മലയാളികൾ കണ്ടത്.

കാട്ടുമല്ലിക പൂക്കുന്നു

മെരിലാന്റ് സുബ്രഹ്മണ്യം എന്ന നിർമാതാവാണ് ശ്രീകുമാരൻ തമ്പിയുടെ കഴിവ് ആദ്യം തിരിച്ചറിഞ്ഞത്. 1966 ൽ അദ്ദേഹം നിർമിച്ച ‘കാട്ടുമല്ലിക’ എന്ന ചിത്രത്തിലെ പത്ത് ഗാനങ്ങൾ എഴുതുവാൻ തമ്പിക്ക് അവസരം ലഭിച്ചു. ‘താമരത്തോണിയിൽ താലോലമാടി’ എന്ന ഗാനമാണ് ആദ്യം രചിച്ചത്. ഈ ഗാനം സംഗീത സംവിധായകനായിരുന്ന എം എസ് ബാബുരാജിന്റേയും സുബ്രഹ്മണ്യത്തിന്റേയും മനസ്സ് നിറച്ചു. പിന്നീട് ‘പ്രിയതമ’ എന്ന ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കാനുള്ള അവസരവും തമ്പിയെ തേടിയെത്തി. 1966 ൽ റിലീസ് ചെയ്ത കൊച്ചിൻ എക്സ്പ്രസ്, ചിത്രമേള എന്നീ സിനിമകളിലെ ഗാനങ്ങളും വൻ ഹിറ്റായി. ഇതോടെ മലയാള ചലചിത്ര ലോകത്ത് ശ്രീകുമാരൻ തമ്പി എന്ന ഗാനരചയിതാവിന്റെ സർഗവൈഭവം ചർച്ചയായി. വയലാറും ഒ എൻ വിയും പി ഭാസ്ക്കരനുമെല്ലാം തീർത്ത വഴിയിലൂടെ തികച്ചും വ്യത്യസ്തമായ ശൈലിയുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ കടന്ന് വരവ്. അന്ന് മലയാള സിനിമയുടെ വിധി നിർണയിക്കുന്നത് വയലാർ‑ദേവരാജൻ, പി ഭാസ്ക്കരൻ‑ബാബുരാജ് ടീമായിരുന്നു. എന്നാൽ ഇതിനിടയിൽ കവിതയിൽ ചാലിച്ച ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്കും ആസ്വാദകവൃന്ദം കാതോർത്തു. മലയാള ചലച്ചിത്രശാഖയിലെ ഘടനാപരമായ ഒരു മാറ്റമായി അവ പ്രതിഫലിച്ചു.

 

ദേവരാജനുമായി അകലുന്നു

വയലാർ‑ദേവരാജൻ ടീമെന്നപോലെ തന്നെ ശ്രീകുമാരൻ തമ്പി ദേവരാജൻ ടീമും ഹിറ്റുകൾ വാരിക്കൂട്ടി. മദം പൊട്ടി ചിരിക്കുന്ന, മംഗളം നേരുന്നു ഞാൻ, മലയാളഭാഷതൻ, കേരളം കേരളം കേളികൊട്ടുണരുന്ന കേരളം, സ്വർഗപുത്രീ തുടങ്ങിയ ഗാനങ്ങൾ ആ കൂട്ടുകെട്ടിൽ വിടർന്ന മന്ദാരപുഷ്പങ്ങളായിരുന്നു. മലയാളികളുടെ ഹൃദയത്തെ പിടിച്ചുകുലുക്കിയ ഇരുന്നൂറോളം പാട്ടുകൾ അവരുടെ കയ്യൊപ്പിൽ പിറവികൊണ്ടു. എന്നാൽ ആ ബന്ധത്തിന് അധികം ആയുസുണ്ടായിരുന്നില്ല. ‘നീ വലിയ ധിക്കാരിയാണ്’ — ഇത്തിരി മുൻകോപക്കാരനായ തമ്പിയുടെ മുഖത്ത് നോക്കി ദേവരാജൻ പറഞ്ഞു. ഇത്രയും വലിയ ധിക്കാരി ജീവിക്കുന്ന ഭൂമിയിൽ ഒരു ചെറിയ ധിക്കാരിക്കും ജീവിക്കാൻ പറ്റില്ലേ? — തമ്പിയുടെ മറുചോദ്യം. ‘നിങ്ങൾക്ക് നിങ്ങളുടെ സംഗീതം വലുതാണെങ്കിൽ, എനിക്ക് എന്റെ പാട്ടുകളും വലുതാണ്. നിങ്ങളുടെ ഹാർമോണിസ്റ്റ് സംഗീതം ചെയ്താലും എന്റെ പാട്ടുകൾ നന്നാകും’. കോപം അടങ്ങാതെ തമ്പി തുടർന്നു. അപ്പോഴുള്ള ദേഷ്യത്തിന് തമ്പി പറഞ്ഞ വാക്കുകൾ പിന്നീട് അറം പറ്റിയതു പോലെയായി. തമ്പിക്ക്മുൻപരിചയമില്ലാതിരുന്ന ദേവരാജൻ മാസ്റ്ററുടെ ഹാർമോണിസ്റ്റ് എം കെ അർജ്ജുനൻ പിന്നീട് അദ്ദേഹത്തിന്റെ ഏറ്റവും കൂടതൽ ഗാനങ്ങൾക്ക് ഈണമൊരുക്കിയത് ചരിത്രം.

ദക്ഷിണാമൂർത്തിയുടെ സന്നിധിയിൽ

ശ്രീകുമാരൻ തമ്പി എന്ന ഇരുപത്തിയെട്ടുകാരന്റെ മനസ്സിൽ പാട്ടിന്റെ സുഗന്ധം പൂമരം പോലെ പെയ്യുകയാണ്. ‘ഭാര്യമാർ സൂക്ഷിക്കുക’ എന്ന ചിത്രത്തിന് വേണ്ടി എഴുതിയ ഗാനങ്ങളുമായി നിർമാതാവ് ടി ഇ വാസുദേവനെ കാണുവാൻ വന്നതായിരുന്നു. അപ്പോഴാണ് മലയാള സംഗീത ലോകത്തെ കുലപതി ദക്ഷിണാമൂർത്തിയും അവിടെ ഉണ്ടെന്ന് അറിഞ്ഞത്. എഴുതിയ ഗാനങ്ങൾ വാസുദേവന് കൈമാറി. അദ്ദേഹത്തിന്റെ മുഖം തിരിനാളമണഞ്ഞ നിലവിളക്കുപോലെ ആയപ്പോൾ തമ്പി നിരാശനായി. പാട്ടുകൾ വായിച്ച ദക്ഷിണാമൂർത്തി അവ ചുരുട്ടിയെറിഞ്ഞു. ‘തന്റെ പാട്ട് കൊള്ളത്തില്ല’- സ്വാമിയുടെ വാക്കുകൾ തമ്പിയുടെ ഹൃദയത്തിൽ തീകോരിയിട്ടു. ഏറെ നേരത്തിന് ശേഷം ഒന്നു വെറ്റില മുറുക്കി തിരിച്ചുവന്ന ദക്ഷിണാമൂർത്തി ചുരുട്ടിയെറിഞ്ഞ കടലാസ് സാവധാനം കയ്യിലെടുത്തു. മനസ്സിൽ മോഹനരാഗം നിറച്ച് ഈണമിട്ടു. ‘ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം’. കാലദേശ ഭേദമന്യേ മലയാളികൾ നെഞ്ചേറ്റിയ ഒരു ഗാനം അവിടെ പിറന്നുവീഴുകയായിരുന്നു. 1968 ൽ സേതുമാധവൻ സംവിധാനം ചെയ്ത ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. വൈക്കത്തഷ്ടമി നാളിൽ, മാപ്പുതരൂ മാപ്പൂതരൂ തുടങ്ങിയ തമ്പി എഴുതിയ ഗാനങ്ങളും വൻ ഹിറ്റായി. പ്രേംനസീർ, ഷീല, അടൂർഭാസി തുടങ്ങി മലയാള സിനിമയിലെ സൂപ്പർതാരങ്ങൾ അണിനിരന്ന ആ ചിത്രത്തിന് തിരക്കഥ രചിച്ചത് എസ് എൽ പുരം സദാനന്ദനായിരുന്നു. ഉത്തരാസ്വയംവരം, ആറാട്ടിനാനകൾ, ഗോവർധനഗിരി, സന്ധ്യയ്ക്ക് എന്തിന് സിന്ദൂരം, പൊൻവെയിൽ മണിക്കച്ച തുടങ്ങി മലയാളികളുടെ മനസ്സിൽ തത്തിക്കളിക്കുന്ന ഇരുന്നൂറോളം ഗാനങ്ങൾക്കാണ് ശ്രീകുമാരൻതമ്പി-ദക്ഷിണാമൂർത്തി ടീം രൂപം നൽകിയത്.

ശ്രീകുമാരൻ തമ്പി — എം കെ അർജുനൻ കൂട്ടുകെട്ട്

കറുത്ത പൗർണമി എന്ന ചിത്രത്തിലെ ‘മാനത്തിൻ മുറ്റത്ത്’ എന്ന ഗാനം ശ്രീകുമാരൻ തമ്പിക്ക് ഏറെ ഇഷ്ടമായി. ദേവരാജൻ മാസ്റ്ററായിരുന്നു അതിന് സംഗീതമൊരുക്കിയത് എന്നായിരുന്നു തമ്പിയുടെ ധാരണ. എന്നാൽ എം കെ അർജുനൻ എന്ന പുതുമുഖ സംവിധായകനാണ് ഈ ഗാനത്തിന് ഈണമിട്ടത് എന്നറിഞ്ഞപ്പോൾ അടുത്ത ചിത്രമായ റസ്റ്റ് ഹൗസിൽ അദ്ദേഹത്തെ വിളിക്കുവാൻ നിർമാതാവായ കെ പി കൊട്ടാരക്കരയോട് തമ്പി ശുപാർശ ചെയ്തു. ഹൃദയത്തിൽ നിന്നുവീണ തമ്പിയുടെ ഒരു പാഴ് വാക്ക് യാഥാർത്ഥ്യമായ നിമിഷമായിരുന്നു അത്. താനുമായി പിണങ്ങിപിരിഞ്ഞ ദേവരാജൻ മാസ്റ്ററുടെ ഹാർമോണിസ്റ്റ് എം കെ അർജുനനുമായി തമ്പി റസ്റ്റ് ഹൗസ് എന്ന ചിത്രത്തിൽ ഒന്നിച്ചു. പിന്നെ മലയാള സിനിമ കണ്ടത് അവരുടെ ജൈത്രയാത്രയായിരുന്നു. വാൽക്കണ്ണെഴുതി, ചെമ്പക തൈകൾ പൂത്ത, പാലരുവി കരയിൽ, മല്ലികപൂവിൽ മധുരഗന്ധം, ആയിരം അജന്താ ചിത്രങ്ങളിൽ തുടങ്ങി 250 ഓളം ഗാനങ്ങൾ ഇരുവരും ചേർന്ന് കൈരളിക്ക് സമർപ്പിച്ചു. ഹൃദയരാഗങ്ങളിലൂടെ സംഗീതത്തിന്റെ തേന്മഴ നുകർന്ന മലയാളികളുടെ മനസ്സിൽ തമ്പിയുടെ വരികൾ ഇന്നും പൗർണമിയായി വിടർന്നു പരിലസിക്കുന്നു