9 November 2025, Sunday

ബിർളാ ഹൗസിലെ ഇറ്റാലിയൻ പിസ്റ്റളും സുപ്രീം കോടതിയിലെ ഹിന്ദുത്വ ഷൂവും

അനിൽകുമാർ എ വി 
October 8, 2025 4:15 am

ജാക് ബൂട്ടുകൾ ഫാസിസവുമായി അഭേദ്യ ബന്ധമുള്ളതാണ്. ഫാസിസ്റ്റ് ഭരണകൂടങ്ങൾ സൈനികത, കർക്കശമായ ക്രമസമാധാനം, വിയോജിപ്പുകളെ അടിച്ചമർത്തൽ എന്നിവയിൽ ഊന്നൽ നൽകുന്നതിൽ നിന്നാണ് ഈ പ്രതീകാത്മകത ഉരുത്തിരിഞ്ഞത്. ജർമ്മൻ കാലാൾപ്പട ധരിച്ചിരുന്ന ആണി പതിച്ച സൈനിക ജാക് ബൂട്ട് ഒന്നും രണ്ടും ലോകയുദ്ധങ്ങളിൽ ഏകാധിപത്യ രാജ്യങ്ങളുടെ ക്രൂരമായ സൈനിക ദളങ്ങളുടെ ദൃശ്യനാമമായി. മാർട്ടൻസ് ബൂട്ടുകൾക്ക് സങ്കീർണ ചരിത്രമുണ്ട്. 1940കളിൽ കരുത്തന്മാർക്കായി രൂപകല്പന ചെയ്ത അവ 1960–70 പതിറ്റാണ്ടിൽ വ്യാപക പ്രചാരം നേടി; ബ്രിട്ടനിയിലെ നിയോ നാസികളായ സ്കിൻഹെഡുകൾക്കിടയിൽ ഉൾപ്പെടെ. ഷൂ ഇന്ത്യൻ ഫാസിസ്റ്റ് നാൾവഴികളിലും ഒരു പ്രതീകമായി നിലനിന്നുപോരുന്നു. സ്വാതന്ത്ര്യ സമര കാലയളവിൽ ത്രികോണ യുദ്ധത്തിന്റെ സൂത്രവാക്യം മുന്നോട്ടുവച്ച് രാജ്യത്തെ ഒറ്റുകൊടുത്ത ആർഎസ്എസ് നേതാവ് വി ഡി സവർക്കർ ബ്രിട്ടീഷുകാരുടെ ഷൂ നക്കി പലവട്ടം മാപ്പിരക്കുകയായിരുന്നല്ലോ. ഏറ്റവുമൊടുവിലിതാ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഭൂഷൻ രാമകൃഷ്ണ ഗവായിക്കുനേരെ അതേ ഷൂ ചീറിപ്പാഞ്ഞു. 1956 ഒക്ടോബർ 14ന് നാഗ്പൂരിൽ ഡോ. ബി ആർ അംബേദ്കറും ഭാര്യയും അഞ്ച് ലക്ഷം അനുയായികളും ബുദ്ധമതത്തിൽ ചേർന്നു. അക്കൂട്ടിൽപ്പെട്ട, മുന്‍ കേരള ഗവർണർ കൂടിയായ രാമകൃഷ്ണൻ സൂര്യഭാൻ ഗവായിയുടെ മകനാണ് ബി ആര്‍ ഗവായ്. 2025 സെപ്റ്റംബറിൽ പരമോന്നത നീതിപീഠത്തിന് മുമ്പാകെ വന്ന കേസിൽ നടത്തിയ പരാമർശമാണ് സനാതന ഗോഡ്സെ രണ്ടാമന് ചെരിപ്പെറിയാൻ പ്രകാേപനമായത്. 

ഒരു ക്ഷേത്രത്തിൽ വിഷ്ണുവിന്റെ വിഗ്രഹം പുനഃസ്ഥാപിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ‘നിങ്ങൾ പോയി ദേവനോടുതന്നെ എന്തെങ്കിലും പരിഹാരം ചെയ്യാൻ ആവശ്യപ്പെടൂ’ എന്ന് അദ്ദേഹം ഹർജിക്കാരനോട് നിർദേശിച്ചത്. കേസ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എഎസ്ഐ)യുടെ അധികാരപരിധിയിൽ വരുന്ന കാര്യമാണെന്ന് പറഞ്ഞ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹർജി പരിഗണിക്കാൻ വിസമ്മതിക്കുകയും ചെയ്തു. 2014ൽ നരേന്ദ്ര മോഡി പ്രധാനമന്ത്രി പദവിയിലെത്തിയ ശേഷം ചീഫ് ജസ്റ്റിസാവുന്ന പതിനൊന്നാമനാണ് ഗവായ്. ആ ശ്രേണിയിലെ ആർക്കുനേരെയും ഹീനമായ അപമാന ശ്രമം ഉണ്ടായിരുന്നില്ല. രാജ്യത്തെ ഏറ്റവും ഉയർന്ന ന്യായാധിപനാണെങ്കിലും ദളിതനാണെങ്കിൽ ബഹുമാനത്തിന് അർഹനല്ലെന്ന സംഘപരിവാര മനഃശാസ്ത്രമാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നത്. ദളിതനായി പിറന്ന ആ ബുദ്ധമതാനുയായിയുടെ അമ്മ കമൽ ഗവായ്, ആര്‍എസ്എസ് പരിപാടിയിൽ ഭാഗഭാക്കാവുന്നത് അംബേദ്കറെ അപഹസിക്കലാണെന്ന് ദൃഢനിശ്ചയത്തോടെ പ്രഖ്യാപിച്ച ധീരയാണ്. ഒക്ടോബർ അഞ്ചിന് മഹാരാഷ്ട്രയിലെ അമരാവതിയിൽ ആർഎസ്എസ് ശതാബ്ദി പരിപാടിയിൽ താൻ പോയിരുന്നെങ്കിൽ അതിന്റെ വാർത്തയും ചിത്രവും പുറത്തുവിട്ട് പ്രചരണായുധമാക്കുമായിരുന്നെന്നും അവർ പ്രതികരിച്ചു. ഒക്ടോബർ ആറിന് പകൽ 11.35ന് ഒന്നാം നമ്പർ കോടതി നടപടിക്രമങ്ങൾക്കിടെയാണ് അഭിഭാഷകനായ രാകേഷ് കിഷോർ പെട്ടെന്ന് ഉയർന്ന പ്ലാറ്റ്ഫോമിലെ വേദിയിലേക്ക് ഇരച്ചെത്തി തന്റെ ഷൂ ഊരി ചീഫ് ജസ്റ്റിസിനുനേരെ എറിഞ്ഞത്. സുരക്ഷാ സൈനികർ ഉടൻ ഇടപെടുകയും അയാളെ പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. കോടതിയിലെ ഉന്നതോദ്യോഗസ്ഥർ സംഭവത്തെക്കുറിച്ച് നിർദേശം തേടിയപ്പോൾ അവഗണിക്കാനാണ് ചീഫ് ജസ്റ്റിസ് ഗവായ് അവരോട് പറഞ്ഞത്. മുന്നറിയിപ്പ് നൽകി വിട്ടയയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. 

കിഷോറിന് കോടതി മുറിയിലേക്ക് പ്രവേശനം അനുവദിക്കുന്ന ബാർ കൗൺസിൽ ഓഫ് ഇന്ത്യ കാർഡും താല്‍ക്കാലിക സുപ്രീം കോടതി ബാർ അസോസിയേഷൻ (എസ്‌സിബിഎ) അംഗത്വവുമുൾപ്പെടെ സാധുവായ യോഗ്യതാ പത്രങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ഗാന്ധിജിയെ വധിച്ച ഹിന്ദുത്വ ഭീകരൻ നാഥുറാം വിനായക് ഗോഡ്സെ കോടതിയിൽ വ്യക്തമാക്കിയത് കൃത്യത്തിൽ തരിമ്പും കുറ്റബോധമില്ലെന്നും അദ്ദേഹം കൊല്ലപ്പെടേണ്ടയാള്‍ തന്നെയാണ് എന്നുമായിരുന്നു. ‘വൈ ഐ അസാസിനേറ്റഡ് ഗാന്ധി’ എന്ന മൊഴിയുടെ വിശദാംശങ്ങൾ പിന്നീട് പുസ്തമായി ഇറക്കിയത് സംഘപരിവാര സംഘടനകൾ രാജ്യമാകെ പ്രചരിപ്പിക്കുകയുണ്ടായി.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു നേരെ ഷൂ എറിഞ്ഞ രാകേഷ് കിഷോർ അതേനിലയിലും സമാന ഭാഷയിലുമാണ് പ്രതികരിച്ചത്. തന്റെ പ്രവൃത്തിയിൽ പശ്ചാത്താപമില്ലെന്ന് അയാൾ തുറന്നടിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ‘ഞാൻ ജയിലിൽ പോകാൻ തയ്യാറാണ്. ഒരു രാഷ്ട്രീയ പാർട്ടിയുമായും എനിക്ക് ബന്ധമില്ല. കുടുംബം എന്റെ പ്രവൃത്തിയിൽ അസന്തുഷ്ടരാണ്. അവർക്കത് മനസിലാക്കാൻ കഴിയുന്നില്ല. ഖജുരാഹോയിലെ ജവാരി ക്ഷേത്രത്തിൽ കഴുത്തറ്റ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വാദം കേൾക്കുമ്പോൾ ചീഫ് ജസ്റ്റിസ് നടത്തിയ പരാമർശങ്ങൾ ഏറെ പ്രകോപിപ്പിച്ചു. ആ വിധിന്യായം കേട്ട എനിക്ക് ഉറങ്ങാൻ സാധിച്ചില്ല. ഒക്ടോബർ മൂന്നിന് ചീഫ് ജസ്റ്റിസ് മൗറീഷ്യസിൽ നടത്തിയ പ്രസംഗം വായിച്ച ശേഷം ഞാൻ കൂടുതൽ അസ്വസ്ഥനായി. അദ്ദേഹം വിദേശത്ത് ചെന്ന് രാജ്യം ബുൾഡോസർ ഉപയോഗിച്ച് ഓടില്ലെന്ന് പറയുന്നു. സനാതന ധർമ്മവുമായി ബന്ധപ്പെട്ട വിഷയങ്ങളോടുള്ള കോടതിയുടെ സമീപനത്തിൽ നിരാശ തോന്നി’ എന്നാണ് വാർത്താ ഏജൻസിയായ എഎൻഐയോടുള്ള രാകേഷ് കിഷോറിന്റെ വിശദീകരണം. ഇന്ത്യൻ നിയമവ്യവസ്ഥ ബുൾഡോസർ രാജിന്റെ ഭാഗമല്ല, മറിച്ച് നിയമവാഴ്ചയുടെ കീഴിലാണ് പ്രവർത്തിക്കുന്നത് എന്നാണ് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് മൗറീഷ്യസിൽ വ്യക്തമാക്കിയത്. ‘ഏറ്റവും വലിയ ജനാധിപത്യത്തിലെ നിയമവാഴ്ച’ എന്ന വിഷയത്തിൽ നടന്ന സർ മൗറീസ് റൗൾട്ട് സ്മാരക പ്രഭാഷണം-2025ൽ സംസാരിക്കവേയായിരുന്നു അത്. ബുൾഡോസർ നീതിയെ അപലപിച്ച 2024 നവംബറിലെ സ്വന്തം വിധിയും ഉദ്ധരിച്ചു. 

യുപിയില്‍ ബറേലി വികസന അതോറിട്ടി ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ ബുൾഡോസറുകൾ വിന്യസിച്ച് ഒക്ടോബർ മൂന്നിന് ജാഖിര പ്രദേശത്തെ ഡോ. നഫീസ് അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള റാസ പാലസ് കല്യാണ മണ്ഡപം തകർത്തു. സംഭാലിലെ ബുസുർഗ് ഗ്രാമത്തിൽ മുസ്ലിം പള്ളിയും അതോട് ചേർന്നുള്ള വലിയ ഹാളും പൊളിച്ചുമാറ്റി. വിജയദശമി ദിനത്തിൽ ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഗോധ്രയിൽ അതിദരിദ്രർ വസിക്കുന്ന 35 കെട്ടിടങ്ങളാണ് നിലംപരിശാക്കിയത്. മോഡിയുടെ ഇഷ്ട പ്രതീകമായ ബുൾഡോസർ രാജിന്റെ തുമ്പിക്കൈകൾ ഒളിമ്പിക് സ്വർണമെഡൽ ജേതാവ് മുഹമ്മദ് ഷാഹിദിന്റെ പൂർവിക ഭവനവും പൊളിച്ചുമാറ്റി. വാരാണസിയിൽ റോഡ് വീതി കൂട്ടൽ പദ്ധതിയുടെ മറവിൽ സെപ്റ്റംബർ 28നായിരുന്നു നടപടി. 1920 കളിൽ പണിതതും പ്രാദേശിക കായിക പ്രേമികളുടെ അഭിമാന പ്രതീകവുമായ വീട് തകർത്തതിൽ വ്യാപക പ്രതിഷേധമുയർന്നു. രാജ്യം കണ്ട ഏറ്റവും മികച്ച ഹോക്കി കളിക്കാരിൽ ഒരാളായിരുന്ന അദ്ദേഹം ഡ്രിബ്ലിങ് പാടവത്താലും ശ്രദ്ധേയനാണ്. 1980 ലെ മോസ്കോ ഒളിമ്പിക്സിൽ സ്വർണം നേടിയ ടീമിലെ പ്രധാന അംഗം. 1985–86ൽ ടീമിനെ നയിച്ചു. 1981ൽ അർജുന അവാർഡും 1986ൽ പത്മശ്രീയും നൽകി ആദരിച്ചു. ‘ബുൾഡോസർ നീതി’യെ സുപ്രീം കോടതി ശാസിച്ചിട്ടും ഏകപക്ഷീയ പൊളിക്കലുകൾ തുടരുകയാണ്. മധ്യപ്രദേശിലെ ഇൻഡോറില്‍ സീതാല മാതാ മാർക്കറ്റിൽ 150 മുസ്ലിം വ്യാപാരികളെ ലൗ ജിഹാദ് ആരോപിച്ച് ഒഴിപ്പിച്ചു. ഇസ്ലാംമത വിശ്വാസികളെ കച്ചവടക്കാരായോ വില്പനക്കാരെയോ അനുവദിക്കില്ലെന്നും അവർ കടകൾ ഒഴിയണമെന്നും എംഎൽഎ മാലിനി ലക്ഷ്മൺ സിങ് ഗൗറിന്റെ മകൻ ഏകലവ്യ സിങ് ഗൗറിന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘം ദിവസങ്ങൾക്കു മുമ്പെ ഭീഷണി കലർന്ന മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നായിരുന്നു വ്യാപാരികൾക്കെതിരായ നടപടി.

സെപ്റ്റംബർ ആദ്യ ആഴ്ച സീതാല മാതാ ബസാർ വ്യാപാരി അസോസിയേഷൻ അംഗങ്ങളുടെ യോഗം വിളിച്ചുചേർത്ത് മുസ്ലിം വ്യാപാരികൾ വാടക കടകൾ ഒഴിയണമെന്നും ആ മതത്തിൽപ്പെട്ട ജീവനക്കാരെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു. നമ്മുടെ വിപണിയെ ജിഹാദികളിൽ നിന്ന് മുക്തമാക്കിയതിന് നന്ദി എന്നെഴുതിയ പോസ്റ്ററുകൾ ഉൾപ്പെടെ മുസ്ലിം വിരുദ്ധ സന്ദേശങ്ങൾ പ്രബലമാണിപ്പോൾ.
മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിന് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തതിന് 36 ദിവസങ്ങൾക്ക് ശേഷം ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് ജയിൽ മോചിതനായ ഗുജറാത്തിൽനിന്നുള്ള സ്റ്റാന്‍ഡ് അപ്പ് കൊമേഡിയൻ മുനവർ ഫാറൂഖിക്കും മറ്റ് അഞ്ച് പേർക്കുമെതിരെ കള്ളപ്പരാതി നൽകിയതും ഹിന്ദ് രക്ഷക് സംഗാതൻ സംഘടനയുടെ ഭാരവാഹികൂടിയായ ഏകലവ്യ സിങ് ഗൗറാണ്.
സൊഹ്റാബുദ്ദീൻ ഷേഖ് വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ചിരുന്ന, സിബിഐ പ്രത്യേക കോടതിയിലെ ജസ്റ്റിസ് ബ്രിജ്ഗോപാൽ ഹർകിഷൻ ലോയയുടെ ദുരൂഹ മരണം (2014 ഡിസംബർ ഒന്ന്) ഒരു സൂചനയായിരുന്നു. അതിന്റെ ഏറ്റവും പുതിയ അധ്യായമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഉന്നംവച്ച് സനാതനി എറിഞ്ഞ ചെരിപ്പ്. ബിർളാ മന്ദിരത്തിൽ നാഥുറാം ഗോഡ്സെ കാഞ്ചിവലിച്ച ഇറ്റാലിയന്‍ നിര്‍മ്മിത ബരേറ്റ സെമി ഓട്ടോമാറ്റിക്ക് തോക്കിൽ നിന്നും ചെരിപ്പിലേക്കുള്ള ദൂരം തീവ്രദേശീയതയുടെയും ഹിന്ദുത്വത്തിന്റെയും ശത്രുനിർമ്മിതിയുടെയും ബഹുസ്വരതാ നിഷേധത്തിന്റെയുമാണ്. ഭരണഘടനയോടുള്ള സവർണ, സനാതന, മനുവാദ അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും പ്രതിഫലനമായിരുന്നു ചീഫ് ജസ്റ്റിസിനെതിരായ ചെരിപ്പേറ്. ആ കൃത്യത്തിന് തുനിഞ്ഞ കർസേവകന്റെ പോലും നിലവാരമില്ലാത്ത അഭിഭാഷകൻ ഉപകരണംമാത്രം. ആ അശ്ലീല രംഗം കണ്ട് ആസ്വദിച്ച് ചിരിക്കുന്നത് നാഗ്പൂരിലെ നിക്കർ ധാരികളാണ്. അവർ തീന്മേശയിലിരുന്ന് അടുത്ത പ്രച്ഛന്നവേഷത്തിന്റെ പരിശീലനത്തിന് ഒരുങ്ങുന്നുണ്ടാവണം. ആ പാദരക്ഷ, മോഹൻ ഭാഗവതിന്റെയും പ്രഗ്യാസിങ് ഠാക്കൂറിന്റെയും ആദിത്യനാഥിന്റെയും കെ പി ശശികലയുടെയും വികൃത മനസിന്റെ ഫാക്ടറിയിൽ നിർമ്മിച്ചതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.