മോഡി സര്‍ക്കാരിനെ പരാജയപ്പെടുത്തുക: എ എന്‍ രാജന്‍

Web Desk
Posted on March 13, 2019, 7:16 pm

തൃശൂര്‍ : അദാനിമാരുടെയും അംബാനിമാരുടെയും കോര്‍പ്പറേറ്റുകളുടെയും താല്പര്യം മാത്രം സംരക്ഷിക്കപ്പെടുകയും ജനവിരുദ്ധവും തൊഴിലാളി ദ്രോഹപരവുമായ വൈദ്യുതി നിയമഭേദഗതി പാര്‍ലമെന്റില്‍ പുനര്‍ അവതരിപ്പിക്കാതിരിക്കാന്‍ മോഡി സര്‍ക്കാരിനെ ലോക സഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തണമെന്ന് ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് അഡീഷണല്‍ ജനറല്‍ സെക്രട്ടറി എ എന്‍ രാജന്‍ അഭിപ്രായപ്പെട്ടു. ഫെഡറേഷന്‍ തൃശൂര്‍ ഡിവിഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകസഭയില്‍ ബിജെപി സര്‍ക്കാര്‍ അവതരിപ്പിച്ച വൈദ്യുതി നിയമഭേദഗതി 2018 വൈദ്യുതി ജീവനക്കാരുടെ ദേശീയ തലത്തില്‍ നടന്ന തുടര്‍ച്ചയായ പോരാട്ടത്തിന്റെ ഫലമായി പാസാക്കാന്‍ കഴിയാതെ അസാധുവായി. ഇന്ത്യയിലെ 15 ലക്ഷം വൈദ്യുതി തൊഴിലാളികള്‍ മോദിഗവണ്‍മെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ വ്യാപകമായ പ്രചാരണം നടത്തും. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിന് വൈദ്യുതി തൊഴിലാളികള്‍ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

സമ്മേളനത്തില്‍ ജയിംസ് റാഫേല്‍, ഭൂപേഷ്, മുകുന്ദന്‍ മഹേഷ് കുമാര്‍, വേണുഗോപാല്‍, ജോയ് കെ എ, ആന്റോ വര്‍ഗീസ്, ഷോയ് എന്‍ വി, റിജോ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികളായി മഹേഷ്‌കുമാര്‍ കെ എസ് (പ്രസിഡന്റ്), രാജേന്ദ്രന്‍ ഇ ആര്‍ (സെക്രട്ടറി), വേണുഗോപാല്‍ പി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.