August 17, 2022 Wednesday

യാഥാസ്ഥിതികതയെ വെല്ലുവിളിച്ച ഉണര്‍വ് മുന്നേറ്റജാഥ

Janayugom Webdesk
July 27, 2022 5:00 am

സാമൂഹിക മുന്നേറ്റത്തെപ്പറ്റിയും ലിംഗ സമത്വത്തെക്കുറിച്ചുമുള്ള മലയാളികളുടെ എല്ലാ അവകാശവാദങ്ങളുടെയും മേനിപറച്ചിലുകളുടെയും മുനയൊടിക്കുന്ന സംഭവവികാസങ്ങളാണ് കേരളത്തിൽ വീണ്ടും വീണ്ടും ആവർത്തിക്കുന്നത്. ഏറ്റവും പുതിയ തലമുറയിൽപ്പെട്ട ആൺപെൺ വിദ്യാർത്ഥികൾ അടുത്ത് ഇടപഴകുന്നതും അവർ തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അടുത്തുള്ള ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിൽ ഒരുമിച്ച് ഇരിക്കുന്നതുപോലും അംഗീകരിക്കാൻ കഴിയാത്തത്ര കടുത്ത യാഥാസ്ഥിതികത കേരളത്തിൽ അങ്ങോളമിങ്ങോളം ഇപ്പോഴും സജീവമാണെന്നാണ് സമീപകാല സംഭവവികാസങ്ങൾ ബോധ്യപ്പെടുത്തുന്നത്. തലസ്ഥാന നഗരിയിലെ ഒരു പ്രമുഖ എൻജിനീയറിങ് കോളജിന് മുന്നിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടങ്ങൾ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചു ഇരിക്കുന്നത് തടയാൻ ഇരിപ്പിടങ്ങൾ വെട്ടിമുറിച്ച സംഭവം അടുത്ത ദിവസങ്ങളിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിന്റെ മാറ്റൊലി എന്നോണം പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് കരിമ്പയിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഒരുമിച്ചിരുന്നതിന്റെ പേരിൽ വിദ്യാർത്ഥികളെയും അക്രമം തടയാൻ ശ്രമിച്ച അധ്യാപകനെയും സംഘടിച്ചെത്തിയ ചിലർ കയ്യേറ്റം ചെയ്ത വാർത്തയും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടു. മേല്പറഞ്ഞ സംഭവങ്ങൾ അസാധാരണമോ ഒറ്റപ്പെട്ടതോ ആണെന്ന് കരുതാനാവില്ല. സ്ത്രീപുരുഷ തുല്യത, എല്ലാ ജീവിതതുറകളിലും സമഭാവനയോടെ അടുത്ത് ഇടപഴകാനുള്ള അവരുടെ സ്വാതന്ത്ര്യം എന്നിവയെപ്പറ്റിയുള്ള അജ്ഞതയോ കാലാനുസൃതമായി സ്ത്രീപുരുഷ ബന്ധങ്ങളിൽ വന്ന പുരോഗമനപരമായ മാറ്റം തിരിച്ചറിയാതെയോ അല്ല പ്രതിലോമകരമായ മേൽവിവരിച്ച തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നത്. അത് കേവലം സാമൂഹ്യവിരുദ്ധരുടെ ചെയ്തികളായും അവഗണിക്കാനാവില്ല. അത് നഖശിഖാന്തം എതിർക്കപ്പെടേണ്ട യാഥാസ്ഥിതികതയും പ്രതിലോമതയും തന്നെയാണ്.


ഇതുകൂടി വായിക്കൂ:  ചില നവോത്ഥാന ചിന്തകൾ


സുദീർഘങ്ങളായ ചെറുത്തുനില്പുകളിലൂടെയും പോരാട്ടങ്ങളിലൂടെയും കേരളം കൈവരിച്ച സാമൂഹ്യ നവോത്ഥാന പ്രക്രിയയുടെ നേട്ടങ്ങളെ അട്ടിമറിക്കാനും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രതിലോമതകളെയും തിരികെ കൊണ്ടുവരാനും ബോധപൂർവമായ ശ്രമങ്ങൾ അടുത്തകാലത്ത് ശക്തിയാർജിക്കുന്നതിനു കേരളം സാക്ഷ്യംവഹിക്കേണ്ടി വന്നിട്ടുണ്ട്. അത്തരം പ്രതിലോമതകളിൽ ജാതി മതസംഘടനകളെ പ്രോത്സാഹിപ്പിക്കാൻ പുരോഗമനം ഉദ്ഘോഷിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങൾ പിന്തുണ നൽകുക മാത്രമല്ല നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങളോടെ മുൻനിരയിൽത്തന്നെ അണിനിരക്കാനും തയാറാവുന്നതിന് കേരളം അമ്പരപ്പോടെ നോക്കിനില്‍ക്കേണ്ടി വന്നിട്ടുണ്ട്. സ്ത്രീകളുടെ ജൈവിക സവിശേഷതയായ ആർത്തവത്തെ അശുദ്ധിയായും സ്ത്രീത്വത്തെതന്നെ അശുദ്ധിയുടെ പ്രതീകമായും വ്യാഖ്യാനിക്കാനും അവരെത്തന്നെ അണിനിരത്തിയ ലജ്ജാകരമായ ശ്രമങ്ങളും നമുക്കുമുന്നിലുണ്ട്. പഠനമികവിന്റെ പേരിൽ ആദരിക്കപ്പെടേണ്ട പെൺകുട്ടി അത് ഏറ്റുവാങ്ങാൻ വേദിയിൽ എത്തുന്നതു തടയുകയും അധിക്ഷേപിക്കുകയും, ലൗജിഹാദിന്റെ പേരിൽ സ്ത്രീത്വത്തെ പരസ്യമായി അധിക്ഷേപിക്കുകയും ചെയ്യുന്ന പൗരോഹിത്യത്തെയും മത യാഥാസ്ഥിതികതയെയും സംരക്ഷിക്കുന്നവരുടെ നാടായി നാം മാറിയിരിക്കുന്നു. ഈ പശ്ചാത്തലത്തിൽവേണം സമീപകാല സംഭവങ്ങൾ വിലയിരുത്തപ്പെടേണ്ടത്. പെൺകുട്ടികൾക്കും സ്ത്രീകൾക്കും എതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ തടയാനും സാമൂഹികജീവിതത്തിൽ തുല്യതയോടെ ഇടപെടാനുള്ള സ്ത്രീപുരുഷന്മാരുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്താനും ലിംഗസമത്വത്തിനു വേണ്ടി ശബ്ദമുയർത്താനും സ്ത്രീകൾ തന്നെ എല്ലാ വിലക്കുകളെയും അവഗണിച്ചു മുന്നോട്ടുവരേണ്ടതുണ്ട്.


ഇതുകൂടി വായിക്കൂ:  പൊട്ടിച്ചെറിയാൻ ചങ്ങലകൾ ബാക്കി


ഈ ദിശയിൽ സുപ്രധാനമായ ഒരു ചുവടുവയ്പിനാണ് സംസ്ഥാന സർക്കാർ സർവീസ് സംഘടനകളുടെ ജോയിന്റ് കൗൺസിലിന്റെ വനിതാ വിഭാഗം നേതൃത്വം നല്കാൻ മുതിർന്നത്. സർക്കാർ സർവീസിലടക്കം സംസ്ഥാനത്തെ ഏതാണ്ട് എല്ലാ തൊഴിൽമേഖലകളിലും സ്ത്രീകൾ ഭൂരിപക്ഷ സാന്നിധ്യം ഉറപ്പിക്കുമ്പോഴും സാമൂഹിക വിവേചനങ്ങൾക്കും അതിക്രമങ്ങൾക്കും ഇരകളാവുന്ന സ്ത്രീസമൂഹത്തിന്റെ വിമോചനത്തിനുള്ള ശക്തമായ പോർവിളിയായി ഈ മുന്നേറ്റജാഥ ചരിത്രത്തിൽ സ്ഥാനംപിടിക്കും. വിദ്യാഭ്യാസം, തൊഴിൽ, രാഷ്ട്രീയം, കല, സാഹിത്യം തുടങ്ങി മനുഷ്യജീവിതത്തിന്റെ സമസ്തതലങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച കേരളീയ വനിതകൾ സാമൂഹികരംഗത്ത് തങ്ങളുടെ ഇടം സ്ഥാപിച്ചെടുത്ത് ഉറപ്പിക്കാൻ നടത്തുന്ന ഐതിഹാസിക ശ്രമങ്ങളുടെ ഭാഗമായേ ഈ പ്രചാരണ ജാഥയെ വിലയിരുത്താനാവൂ. സ്ത്രീകളെ ജീവിതത്തിന്റെയും സമൂഹത്തിന്റെയും പിന്നാമ്പുറത്തേക്കു എക്കാലത്തും തളച്ചിടാനുള്ള പുരുഷാധിപത്യ സമൂഹത്തിന്റെ യാഥാസ്ഥിതികതയ്ക്കും പ്രതിലോമതയ്ക്കും എതിരെ കനത്ത വെല്ലുവിളിയാണ് ജോയിന്റ് കൗൺസിൽ വനിതാവിഭാഗം വിജയകരമാക്കി മാറ്റിയ ‘ഉണർവ്’ മുന്നേറ്റ ജാഥ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.