29 March 2024, Friday

Related news

March 26, 2024
March 24, 2024
March 24, 2024
March 19, 2024
March 18, 2024
March 17, 2024
March 17, 2024
March 16, 2024
March 16, 2024
March 14, 2024

അനബസ് മത്സ്യക്കുഞ്ഞുങ്ങളുടെ ഉത്പാദനം ഇനി കേരളത്തിലും

Janayugom Webdesk
തൃശൂർ
August 27, 2021 6:33 pm

അനബസ് മത്സ്യക്കുഞ്ഞുങ്ങളെ ഇനി ഇറക്കുമതി ചെയ്യേണ്ടതില്ല, വിത്തുത്പാദനം കേരളത്തിൽത്തന്നെ നടക്കും. പീച്ചിയിലെ ഗവ. ഫിഷ് സീഡ് ഹാച്ചറിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ അനബസ് മത്സ്യക്കുഞ്ഞുങ്ങളുടെ വിത്തുൽപാദനം വിജയം കണ്ടു. കേരളത്തിൽ ഈ ഇനം മത്സ്യങ്ങൾ കൃഷി ചെയ്യുന്നുണ്ടെങ്കിലും ഇതിന്റെ വിത്തുത്പാദനം വിജയിച്ചിരുന്നില്ല. കൽക്കട്ട, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നാണ് അനബസ് മത്സ്യങ്ങൾ എത്തിച്ചിരുന്നത്. എന്നാൽ കാർപ്പ് മത്സ്യങ്ങളുടെ വിത്തുത്പാദനം പോലെ ഇതും സാധ്യമാണെന്ന് പീച്ചി ഹാച്ചറിയിൽ നടത്തിയ പരീക്ഷണം തെളിയിച്ചു.

കാർപ്പ്, നാടൻ മത്സ്യ ഇനങ്ങളായ കടു, മുഷി, വരാൽ, കരിമീൻ, പച്ചിലവെട്ടി, ഇറ്റാ പച്ചില, പുലൻ, കരുപ്പിടി (കറുകുപ്പ്) എന്നിവ കൂടാതെ ഗിഫ്റ്റ് തിലാപ്പിയ, കരിമീൻ, കുയിൽ എന്നീ മത്സ്യങ്ങളുടെ വിത്തുൽപാദനവും നഴ്സറി പരിപാലനവും വിപണനവും ഇവിടെ നടക്കുന്നുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കർഷകർക്കും ഫിഷറീസ് ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കുമുള്ള പരിശീലന കേന്ദ്രവും ഇവിടെയുണ്ട്. 2016–17ൽ 8.64 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് ഹാച്ചറിയിൽ ഉൽപ്പാദിപ്പിച്ചതെങ്കിൽ 202021 ൽ ഉത്പാദനം 61 ലക്ഷമായി വർധിച്ചു.

ഈ വർഷം 80 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളുടെ വിത്തുൽപാദനവും 30 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളുടെ നഴ്സറി പരിപാലനവും നടത്തി. ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഹാച്ചറികളിൽ മികച്ച പ്രവർത്തനവും ഉൽപ്പാദനവും വരുമാനവും ലഭിക്കുന്നത് പീച്ചി ഹാച്ചറിയിൽ നിന്നാണ്. കഴിഞ്ഞ വർഷം 63 ലക്ഷം രൂപ വിറ്റുവരവ് ലഭിച്ചതായി അധികൃതർ പറയുന്നു. മത്സ്യകൃഷിയിൽ നൂതനമായ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി അതിസാന്ദ്രതാ മത്സ്യകൃഷി രീതിയാണ് പീച്ചി ഹാച്ചറിയിൽ അനുവർത്തിക്കുന്നത്. ആകെ 78 സെന്റ് വാട്ടർ ഏരിയയിലാണ് ഇത്രയും ഉൽപ്പാദനം കൈവരിക്കുന്നത്.

പീച്ചി റിസർവോയറിലെ മത്സ്യബന്ധനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 1969 ലാണ് സബ് ഇൻസ്പെക്ടർ ഓഫ് ഫിഷറീസ് കാര്യാലയം പീച്ചിയിൽ സ്ഥാപിക്കുന്നത്. 1992–98 കാലയളവിൽ ഇൻഡോ ജർമൻ പ്രോജക്ടിന്റെ ഭാഗമായി ചെറിയ രീതിയിൽ ഇന്ത്യൻ മേജർ കാർപ്പ് മത്സ്യങ്ങളുടെ പ്രജനനം ഇവിടെ ആരംഭിച്ചെങ്കിലും പതുക്കെ പ്രവർത്തനങ്ങൾ നിലച്ചു. കാലപ്പഴക്കം മൂലം നിലവിലുണ്ടായിരുന്ന കെട്ടിടവും ടാങ്കുകളും ഉപയോഗശൂന്യമായി. 2014 ൽ തൃശൂർ ഫിഷറീസിന്റെ നിരന്തരമായ ആവശ്യപ്രകാരം സംസ്ഥാനത്തെ ശുദ്ധജല മത്സ്യങ്ങളുടെ ആവശ്യം നിറവേറ്റാൻ 284 ലക്ഷം രൂപ ചെലവിൽ മൾട്ടി സ്പീഷ്യസ് ഫിൻ ഫിഷ് ഹാച്ചറിക്ക് ഭരണാനുമതി ലഭിച്ചു.

2015 മെയിലാണ് മത്സ്യത്തിന്റെ പ്രജനന പ്രവർത്തനങ്ങൾ ആരംഭിച്ചത്. 2016 ജൂലൈ മുതൽ മത്സ്യ കർഷകർക്ക് ഇവിടെ നിന്നും മത്സ്യ വിത്തുകൾ ലഭ്യമാക്കുകയും ചെയ്തു. ഇതോടെ കേരളത്തിലെ നമ്പർ വൺ ഹാച്ചറിയായി പീച്ചിയിലെ ഗവ. ഫിഷ് സീഡ് ഹാച്ചറി പേരെടുത്തു. ഇപ്പോഴിതാ അനബസ് നേട്ടവും.

തൃശൂർ ഫിഷറീസ് വകുപ്പിന് കീഴിലാണ് നിലവിൽ ഹാച്ചറിയുടെ പ്രവർത്തനം നടക്കുന്നത്. തൃശൂർ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഫിഷറീസ് മാജാ ജോസിനാണ് ജില്ലാതല നിയന്ത്രണം. തിരുവനന്തപുരം അക്വാ കൾച്ചർ ഫിഷറീസ് ഡയറക്ടറേറ്റിലെ ഫിഷറീസ് ഹാച്ചറി കൺസ്ട്രക്ഷൻ സംസ്ഥാന തല ജോയിന്റ് ഡയറക്ടർ ഇഗ്നേഷ്യസ് മൺട്രോ, ഹാച്ചറി ഇൻ ചാർജ് ഓഫീസർ ജോമോൾ സി ബേബി എന്നിവരുടെ മേൽനോട്ടത്തിലാണ് ഹാച്ചറിയുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.