18 April 2024, Thursday

പുലിയുടെ സാന്നിദ്ധ്യം ഭയന്ന് അണക്കര നിവാസികള്‍

Janayugom Webdesk
നെടുങ്കണ്ടം
October 21, 2021 8:12 pm

ജനങ്ങളെ ഭീതിയിലാഴ്ത്തി അണക്കര മേഖലയില്‍ പുലിയുടെ സാന്നിധ്യം തുടര്‍കഥയാവുന്നു. അണക്കരക്ക് സമീപം വീടിനോടു ചേര്‍ന്ന് കൂട്ടിനുള്ളില്‍ ഉണ്ടായിരുന്ന ഏഴ് മുയലുകളെ ആണ് അജ്ഞാതജീവി ഭക്ഷിച്ചത്. ഇതിനു സമീപം മറ്റൊരു വീട്ടില്‍നിന്നും മുയലിനെ കൊന്ന് ഭക്ഷിച്ചതായും പുലിയുടെ കാല്‍പാടും കഴിഞ്ഞദിവസം കാണപ്പെട്ടിരുന്നു. വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ചക്കുപള്ളം പഞ്ചായത്ത് ആറാം വാര്‍ഡില്‍ പെട്ട അണക്കര ചാഞ്ഞപ്ലാക്കല്‍ ജയേഷിന്റെ വീടിനോട് ചേര്‍ന്ന് ഉള്ള കൂട്ടില്‍നിന്നും ആണ് 7 മുയലുകളെ കഴിഞ്ഞ രാത്രി പുലി എന്ന് സംശയിക്കപ്പെടുന്ന ജീവി കൊന്ന് ഭക്ഷിച്ചത്. രാവിലെയാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. 

ചക്കുപള്ളം പഞ്ചായത്തിലെ വിവിധ മേഖലകളില്‍ പുലിയും കരടിയും അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം വര്‍ധിച്ചു ഇതിനു സമീപത്തുള്ള മറ്റൊരു വീട്ടിന് സമീപത്ത് നിന്നും കഴിഞ്ഞ ദിവസം മുയലിനെ കൊന്ന് ഭക്ഷിക്കുകയും മുയല്‍ക്കൂടിന് സമീപത്ത് പുലിയുടെ കാല്‍പാട് കാണപ്പെടുകയും ചെയ്തിരുന്നു. തൊട്ടടുത്ത വീട്ടിലെ സിസിടിവി ക്യാമറയില്‍ പുലിയുടെ ദൃശ്യം പതിയുകയും ചെയ്തിരുന്നു. ഇവിടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി മുയലിനെ പിടിച്ചത് പൂച്ചപ്പുലി ആകാന്‍ സാധ്യതയുള്ളതായി വീട്ടുകാരെ അറിയിച്ചശേഷം ഉദ്യോഗസ്ഥര്‍ മടങ്ങുകയും ചെയ്തതോടെ തുടര്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലായെന്ന ആക്ഷേപവും നാട്ടുകാര്‍ ഉയര്‍ത്തുന്നു.

ചെല്ലാര്‍കോവില്‍, ആറാം മൈല്‍ മേഖലകളില്‍ തുടര്‍ച്ചയായി കരടി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം പതിവായിരിക്കുകയാണ്. ആട്, പശു ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങള്‍ ധാരാളമായുള്ള ഈ മേഖലയില്‍ വന്യജീവി ശല്യം പതിവായതോടെ ആളുകള്‍ ഏറെ ഭീതിയിലാണ് കഴിയുന്നത്. അടിയന്തരമായി വനംവകുപ്പ് അധികൃതര്‍ ഈ വിഷയത്തില്‍ തുടര്‍ നടപടി സ്വീകരിക്കുകയും കെണി സ്ഥാപിച്ച് പുലിയെ പിടികൂടുകയും ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.