Janayugom Online
ആനന്ദ് തെൽതുംബ്ഡെ ഗൗതം നവ്‌ലഖെ

ആനന്ദ് തെൽതുംബ്ഡെയും ഗൗതം നവ്‌ലഖെയും അറസ്റ്റിൽ

Web Desk

മുംബൈ:

Posted on April 15, 2020, 9:47 pm

പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ ആനന്ദ് തെൽതുംബ്ഡെയും എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ഗൗതം നവ്‌ലഖെയും എന്‍ഐഎക്ക് മുന്നില്‍ കീഴടങ്ങി. ഭീമാ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി ജാമ്യം നിഷേധിക്കുകയും കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇരുവരും കീഴടങ്ങിയത്‌. യുഎപിഎ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്. ദക്ഷിണ മുംബൈയിലെ എന്‍ഐഎയുടെ ഓഫീസിലെത്തിയാണ് തെല്‍തുംദെ കീഴടങ്ങിയത്.

ഗൗതം നവ്‌ലഖെ ഡല്‍ഹി ഓഫീസിലാണ് കീഴടങ്ങിയത്. ആനന്ദ് തെൽതുംബ്ഡെയുടെ ഭാര്യ ഭരണഘടനാ ശിൽപി ഡോ. ബി ആർ അംബേദ്ക്കറിന്റെ കൊച്ചുമകളാണ്. ഇവരോടൊപ്പമാണ് തെൽതുംബ്ഡെ കീഴടങ്ങാനായി എത്തിയത്. രാജ്യത്തെ ഏറ്റവും പ്രമുഖനായ ദളിത് ചിന്തകരിലൊരാളാണ് ആനന്ദ് തെൽതുംബ്ഡെ. വിവിധ പൗരാവാകാശ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനാണ് ഗൗതം നവ്‌ലഖെ.

ആക്ടിവിസ്റ്റുകളായ സുധാ ഭരദ്വാജ്, റോണ വില്‍സണ്‍, സുരേന്ദ്ര ഗാഡ്‌ലിങ്, ഷോമ സെന്‍, മഹേഷ് റൗത്ത്, അരുണ്‍ ഫെരേര, വരവരറാവു തുടങ്ങിയവരെ ഇതേ കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ മൂന്നുവർഷത്തോളമായി ജയിലിൽ കഴിയുകയാണ്. ഭീമ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ടു നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത ചില രേഖകളാണ് ആനന്ദ് തെൽതുംബ്ഡെയുടെ പങ്കാളിത്തത്തിന് തെളിവായി പൂനെ പൊലീസ് പറയുന്നത്. അഞ്ച് കത്തുകളാണ് തെളിവായി പൂനെ പൊലീസ് ഹാജരാക്കിയത്. ഇതില്‍ ഒന്നിലും തെൽതുംബ്ഡെയെകുറിച്ച് നേരിട്ട് പരമാര്‍ശിക്കുന്നില്ല. മറിച്ച് കോമ്രേഡ് ആനന്ദ്, ആനന്ദ് ടി എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ ആനന്ദ് തെല്‍തുംഡെയെക്കുറിച്ചുള്ളതാണെന്നാണ് പൊലീസിന്റെ വാദം.

കീഴടങ്ങുന്നതിന് മുമ്പ് തെൽതുംബ്ഡെ പ്രസിദ്ധീകരിച്ച തുറന്ന കത്ത് ഏറെ ചര്‍ച്ചയായിരുന്നു. എന്റെ ഇന്ത്യ നശിപ്പിക്കപ്പെടുകയാണ്. നിങ്ങളോട് ഇനി എന്ന് സംസാരിക്കാന്‍ കഴിയുമെന്ന് അറിയില്ല. നിങ്ങള്‍ എനിക്ക് വേണ്ടി സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം എഴുതി. തന്റെ വിധി ആര്‍ക്കുമുണ്ടാകാമെന്നും ഭരണകൂടത്തിന്റെ പ്രചാരണങ്ങളെ ചെറുക്കാന്‍ താന്‍ അശക്തനാണെന്നും തെൽതുംബ്ഡെ പറഞ്ഞു. അറസ്റ്റിൽ മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച് പ്രതിഷേധിച്ചു.

ENGLISH SUMMARY: Anand Tel­tumbde and Gau­tam Navlak arrest­ed

YOU MAY ALSO LIKE THIS VIDEO