Tuesday
17 Sep 2019

ആനന്ദ്: തളരാത്ത കലാബോധം

By: Web Desk | Sunday 26 May 2019 7:41 AM IST


ശാസ്താംകോട്ട ഭാസ്

ഇത് ഡാന്‍സര്‍ ആനന്ദ്. ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് ജീവിതത്തിലേയ്ക്ക് തിരിച്ചുവന്ന നൃത്ത അധ്യാപകനാണ് പി സദാനന്ദന്‍ എന്ന ആനന്ദ്. ആകസ്മികമായുണ്ടായ ഒരു വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും വലതു കൈ നഷ്ടപ്പെട്ട് ജീവിതം പ്രതിസന്ധിയിലാകുകയും ചെയ്ത ഈ കലാകാരന്‍ തന്റെ ഇച്ഛാശക്തിയും കലയോടുള്ള അടങ്ങാത്ത അര്‍പ്പണ മനോഭാവവും കൊണ്ടുമാത്രമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
1980 കാലഘട്ടത്തില്‍ കേരളത്തിലെ ഉത്സവപ്പറമ്പുകളെ ഇളക്കിമറിച്ച കലാരൂപമായിരുന്നു പുണ്യപുരാണ കഥകളെ അടിസ്ഥാനപ്പെടുത്തി, നൃത്തത്തിന് പ്രാധാന്യം നല്‍കികൊണ്ട് അരങ്ങുവാണിരുന്ന ബാലെ. ഓച്ചിറ കേരളീയ നൃത്തരംഗം കലാസമിതിയിലെ പ്രധാന നടനായിരുന്നു ആനന്ദ്. നിരവധി പ്രൊഫഷണല്‍ നാടകസംഘങ്ങളിലെ സ്ഥിരം അഭിനേതാവായി തിളങ്ങിനിന്നിരുന്ന ഒരു സുവര്‍ണ്ണകാലം ആനന്ദിനുണ്ടായിരുന്നു. നിരവധി പുരാണ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അഭിനയിച്ചു വിജയിപ്പിച്ചിട്ടുണ്ട്. മൈനാഗപ്പള്ളി സരസ്വതി നൃത്തകലാനിലയത്തിലെ ശാകുന്തളം ബാലെയില്‍ അഭിനയിച്ചുകൊണ്ടാണ് ഈ രംഗത്തേക്ക് കടന്നുവന്നത്. തുടര്‍ന്ന് മൈനാഗപ്പള്ളി ത്രിവേണി നൃത്തവേദി എന്ന കലാസമിതിയിലെ ഹരിഛന്ദ്ര എന്ന ബാലെയില്‍ വസിഷ്ഠനായും ഓച്ചിറ നൃത്തസംഘത്തിന്റെ ‘കര്‍ണ്ണ പര്‍വ്വം’ നൃത്തനാടകത്തില്‍ കര്‍ണ്ണനായും ‘ശ്രീരാജാ ഹരിഛന്ദ്രയില്‍’ ഹരിഛന്ദ്രനായും ‘ഭഗവത് ദൂത്’എന്ന നാടകത്തില്‍ ഭീമനായും, ‘ദേവാസുരം’ നാടകത്തില്‍ വൃഷപര്‍വ്വനായും, ‘അസുരപുത്രി’യില്‍ നാട്ടുരാജാവായും, ‘മതിലേരികന്നി’യില്‍ വേണാട് അരചനായും, ‘അല്ലി അര്‍ജ്ജുന’ എന്ന നാടകത്തില്‍ അര്‍ജ്ജുനനായും, ‘വള്ളുവനാടന്‍ കന്നി’യില്‍ രാജാവായും, ഡാന്‍സര്‍ പി കെ ഗോപാലിന്റെ ഓച്ചിറ കേരളീയ സമിതിയുടെ ‘ത്രിവേണി സംഗമം’ എന്ന നാടകത്തില്‍ വിക്രമ സിംഹന്‍ എന്ന ദുഷ്ടനും ചതിയനുമായ കഥാപാത്രത്തേയും തന്മയത്തത്തോടെ അഭിനയിച്ച് പ്രശംസ നേടിയ അനുഗ്രഹീത കലാകരനാണ് ആനന്ദ്.
കൊല്ലം ജയാ തീയറ്റേഴ്‌സിന്റെ ആറ്റുകാലമ്മ, ഓം നമഃശിവായ, ശ്രീഭദ്രകാളി തുടങ്ങിയ നൃത്തനാടകങ്ങളിലും പ്രധാന വേഷം ചെയ്തിട്ടുണ്ട്. ചിത്തിര തമ്പുരാട്ടി എന്ന നാടകത്തില്‍ ദുഷ്ടനായ മന്ത്രി, ഗുരുവായൂരപ്പന്‍ എന്ന നാടകത്തില്‍ പൂന്താനം, പരീഷത്ത്, വേലന്‍ചിറ ഉര്‍വ്വശി കലാക്ഷേത്രസമിതിയുടെ രാവണന്‍ നാടകത്തില്‍ രാവണനായും, മാല്യവനായും, ചാത്തന്നൂര്‍ കേരള നൃത്തരംഗത്തില്‍ രാജാഭദ്രസേനന്‍ എന്ന നാടകത്തിലും, സത്യമേവ ജയതേ എന്ന നാടകത്തില്‍ ഹരിചന്ദ്രനായും ഓച്ചിറ പാര്‍വ്വതി കമ്മ്യൂണിക്കേഷന്‍ അവതരിപ്പിച്ച മലയാലപ്പുഴ അമ്മ, സ്‌നേഹ കമ്മ്യൂണിക്കേഷന്റെ ഓം നമഃശിവായ എന്നീ നൃത്തനാടകങ്ങളിലും അഭിനയിച്ചു പ്രശംസ നേടിയിട്ടുണ്ട്.
ഇങ്ങനെ തിരക്കിലും പ്രശസ്തിയിലും നിറഞ്ഞു നില്ക്കുന്ന സന്ദര്‍ഭത്തിലാണ് ഡാന്‍സര്‍ ആനന്ദിന്റെ ജീവിതത്തിലെ ആ ദാരുണമായ അപകടം നടക്കുന്നത്. ഓച്ചിറ കേരളീയ നൃത്തരംഗം കലാസമിതിയില്‍ അഭിനയിച്ചുകൊണ്ടിരിക്കെ 1990 ഏപ്രില്‍ 8-ാം തീയതി കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡം ശിവക്ഷേത്രത്തിലെ പരിപാടി കഴിഞ്ഞ് തിരികെ വരുമ്പോള്‍ നെടുമങ്ങാട് വച്ചാണ് വാഹനാപകടം ഉണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും വലതുകൈ നഷ്ടപ്പെടുകയും ചെയ്തു. വാഹനത്തിന് ഇന്‍ഷ്വറന്‍സ് ഇല്ലാത്തതിനാല്‍ സാമ്പത്തിക സഹായങ്ങള്‍ ലഭിച്ചില്ല. ഡ്രൈവര്‍ തന്നെയായിരുന്നു വാഹന ഉടമയും. അയാള്‍ പിന്നീട് ആത്മഹത്യ ചെയ്തു.
കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കില്‍ തെക്കന്‍ മൈനാഗപ്പള്ളിയില്‍ വലിയവിള മീനത്തതില്‍ വീട്ടില്‍ പത്മനാഭന്റേയും കാര്‍ത്യായനിയുടേയും ഏഴാമത്തെ മകനായി ജനിച്ച പി സദാനന്ദന്‍ എന്ന ആനന്ദ് ഡാന്‍സര്‍ ആനന്ദ് ആയി രൂപാന്തരപ്പെടുന്നത് ഈ അപകടശേഷമായിരുന്നു. വളരെ ചെറുപ്പം മുതല്‍ നൃത്തത്തില്‍ തല്പരനായിരുന്ന ആനന്ദ് രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ നൃത്തം അഭ്യസിപ്പിച്ചു തുടങ്ങിയിരുന്നു. പ്രശസ്ത ഡാന്‍സര്‍ പത്മന്‍, പി കെ ഗോപാല്‍ എന്നീ നര്‍ത്തകരുടേയും, പ്രശസ്ത സംഗീതജ്ഞനായ കോടമ്പള്ളി ഗോപിയുടേയും ശിക്ഷണത്തില്‍ നൃത്തവും സംഗീതവും അഭ്യസിച്ചു. സ്‌കൂളില്‍ പഠിക്കുന്ന കാലഘട്ടത്തില്‍ സ്‌കൂള്‍ യൂത്ത് ഫെസ്റ്റുവലില്‍ ജില്ലാ സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
വാഹനാപകടത്തിനുശേഷം പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയാതെ വരികയും ജീവിതം വഴിമുട്ടി നില്‍ക്കുകയും ചെയ്ത അവസരത്തിലാണ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും വീടുവീടാന്തരം കയറിയും കുട്ടികളെ ഡാന്‍സ് പഠിപ്പിക്കുന്ന അധ്യാപകന്റെ വേഷം സ്വീകരിച്ചത്. അങ്ങനെ തന്റെ ശാരീരിക വൈകല്യങ്ങളെ മനഃശക്തികൊണ്ട് തോല്പിച്ചാണ് ഡാന്‍സര്‍ ആനന്ദ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. സര്‍ക്കാരില്‍ നിന്നും കിട്ടുന്ന തുച്ഛമായ വികലാംഗ പെന്‍ഷനും, കുട്ടികള്‍ക്ക് ഡാന്‍സ് പഠിപ്പിക്കുന്നതില്‍ നിന്നും കിട്ടുന്ന നാമമാത്രമായ വരുമാനവും കൊണ്ട് മാത്രമാണ് സഹോദരങ്ങള്‍ അടങ്ങുന്ന കുടുംബത്തെ പോറ്റുന്നത്.
നിരവധി സംഘടനകളുടെ പുരസ്‌കാരങ്ങളും ആദരവും ഡാന്‍സര്‍ ആനന്ദിന് ലഭിച്ചിട്ടുണ്ട്. മലയാള സിനിമയിലെ അതുല്യ നടന്‍ തിലകന്‍ പൊന്നാടയണിയിച്ച് ആദരിച്ചതും, മലയാള സിനിമയിലെ പ്രശസ്ത സംവിധായകന്‍ ഷാജി എന്‍ കരുണ്‍, കവി കുരീപ്പുഴ ശ്രീകുമാര്‍, നടനും സംവിധായകനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ എന്നിവരില്‍ നിന്നും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയതും ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവമായി മനസ്സില്‍ സൂക്ഷിക്കുകയാണ്. ഡാന്‍സര്‍ ആനന്ദ്.