അനന്തരം

Web Desk
Posted on September 15, 2019, 10:12 am

എം. സങ്
മതിയാകുവോളം പ്രണയിക്കുക
വിഷം പുരട്ടിയ ചുണ്ടുകളില്‍ നിന്ന്
ഉമ്മ പകരുക
മരണം മരണം എന്ന്
ആര്‍ത്തലയ്ക്കുക
പിരിയുന്നതിന്‍ മുമ്പ് നല്കുക
ഒരു ചുംബനം കൂടെ!

കാറ്റങ്ങനെ പിടഞ്ഞു വീഴും
പേരറിയാത്ത
ഏതോ മരത്തില്‍ നിന്ന്
ഒരു ഇല കൊഴിയും പോല്‍.

കൂട്ടുകാരാ
എന്നെ മറന്നതു നീയാണ്
ഗോപുരങ്ങള്‍ കീഴക്കി നീ മുന്നേറുമ്പോള്‍
ഒരിക്കലും നിന്റെ
വിഷം പുരണ്ട വാക്കുകളെന്നെ
അസ്വസ്ഥനാക്കാറേയില്ല,
ഇലയനക്കള്‍ നശിച്ച മുറ്റത്തു ഞാനൊരു
തുമ്പ നടും
പെങ്ങളുടെ പുഴക്കരയില്‍ നിന്ന്
പിഴുതെടുത്ത
കാശിത്തുമ്പ!

ലഹരിയുടെപെരുമഴയില്‍
വീണുപോയ
ഏതോ ഒരു രാവിന്റെ ഓര്‍മ്മയ്ക്ക്
ഞാനതിന്
അവളുടെ പേരിടും,
കണ്ടിട്ടും കാണാതെ പോയ
ഏതോ സ്വപ്‌നത്തിന്,
പക്ഷേ
ഒരിക്കലും
ചതിയന്റെ കുപ്പായം അണിയില്ല
വെറുപ്പിന്റെയും.

ക്ഷമിക്കുക
എന്നിക്കുറങ്ങാന്‍
നേരമായി!

ഈ മുന്തിരിച്ചാറ്
നിനക്കായ്
മാറ്റി വയ്ക്കുന്നു!