14 October 2024, Monday
KSFE Galaxy Chits Banner 2

ആനയാംകുന്ന് രക്തസാക്ഷികൾ

Janayugom Webdesk
കോഴിക്കോട്
May 1, 2022 8:24 am

മുക്കം രക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓർമ്മകൾ നിറയുന്ന ചുവന്ന മണ്ണാണ് കോഴിക്കോട്ടെ ആനയാംകുന്ന്. 1972 ജനുവരി 21നായിരുന്നു ആ സംഭവം നടന്നത്. സിപിഐ ആനയാംകുന്ന് ബ്രാഞ്ച് സെക്രട്ടറി എം കെ സുകുമാരൻ നായരും പാർട്ടിയുടെ ഉറച്ച അനുഭാവിയും ആദിവാസി നേതാവുമായ പി കെ രാമനും ജന്മി ഗുണ്ടകളുടെ കൊലക്കത്തിക്കിരയായി. ചെങ്കൊടി ഉയർത്തിപ്പിടിച്ച് ആവേശകരമായ മുദ്രാവാക്യങ്ങൾ മുഴക്കി മുന്നോട്ട് നീങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ജാഥയ്ക്ക് നേരെ ജന്മിമാരുടെ ഗുണ്ടകൾ ഒളിച്ചിരുന്ന് അക്രമം നടത്തുകയായിരുന്നു. അതിനുശേഷം അവർ ഓടി രക്ഷപ്പെടുകയും ചെയ്തു.

സി അച്യുതമേനോൻ മന്ത്രിസഭ 1970 ജനുവരി ഒന്ന് മുതൽ കേരളത്തിൽ ജന്മിത്വമവസാനിച്ചതായി വിളംബരം ചെയ്തുകൊണ്ട് ഭൂപരിഷ്കരണം നടപ്പിലാക്കി. കൈവശ കുടിയാൻമാർക്കും കുടികിടപ്പുകാർക്കും തങ്ങളുടെ കൈവശത്തിലുള്ള ഭൂമിയിൽ ജന്മാവകാശം സിദ്ധിക്കുന്നതിനുള്ള പട്ടയവിതരണ നടപടികളും മിച്ച ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യുന്ന നടപടികളുമായി സർക്കാർ മുന്നോട്ട് പോയി. പുതിയ സാമൂഹ്യവിപ്ലവം വലിയ മാറ്റമാണ് കേരളീയ സമൂഹത്തിൽ ഉണ്ടാക്കിയത്.

എന്നാൽ ജന്മിദല്ലാൾ വിഭാഗവും തോട്ടമുടമകളും രാഷ്ട്രീയ പ്രതിയോഗികളുമെല്ലാം ഇതിനെതിരെ ജനവിരുദ്ധ താല്പര്യങ്ങളുമായി മറുഭാഗത്ത് അണിനിരന്നു. സർക്കാരിനെ അട്ടിമറിക്കാനും ഭൂപരിഷ്കാര നിയമത്തെ തകർക്കാനുമുള്ള നീക്കങ്ങളാണ് അവരെല്ലാം നടത്തിക്കൊണ്ടിരുന്നത്. കൈവശഭൂമിയിൽ നിന്ന് കുടിയാൻമാരെയും കുടികിടപ്പുകാരെയും പിടിച്ചിറക്കിയും പറിച്ചെറിഞ്ഞും ഭൂമി കയ്യടക്കുന്നതിൽ ഭൂവുടമകളും നാട്ടുപ്രമാണിമാരും തോട്ടമുടമകളുമൊക്കെ വ്യാപൃതരായി. ഉള്ള ഭൂമിയിൽ ഉറച്ചു നിൽക്കാനും പട്ടയത്തിനപേക്ഷിച്ചുകൊണ്ട് ജന്മാവകാശം സ്ഥാപിച്ചെടുക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയും നേതൃത്വം നൽകി.

കാരശേരി പഞ്ചായത്തിലെ തോട്ടക്കാട് പൈക്കാടൻ മലവാരത്തുള്ള കൊയപ്പത്തൊടി മുതലാളിമാരുടെ അടിയാളരായ ആദിവാസികളുടെ ഇടയിലേക്കും മൈസൂർ കമ്പനിയുടെ ഭൂമിയിൽ താമസക്കാരായ കുടിയാന്മാരുടെ ഇടയിലേക്കും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ കടന്നുചെന്നു. ഭൂപ്രമാണിമാരായ സ്ഥാപിത താല്പര്യക്കാർക്കെതിരെ എല്ലായിടത്തും സമരമുഖം തുറക്കപ്പെട്ടു. ഈ അവസരത്തിലാണ് ഒരു ഭൂവുടമ ആദിവാസിയായ കോപ്പാളി ചൈരൻ പരമ്പരാഗതമായി കൈവശം വച്ചനുഭവിക്കുന്നതും താമസിച്ചുവരുന്നതുമായ ഭൂമി ചൈരനറിയാതെ മൈസൂർ കമ്പനിയുടെ മുക്ത്യാർമാരോട് മേൽചാർത്ത് വാങ്ങുകയും ചൈരനെയും കുടുംബത്തെയും ആട്ടിയോടിക്കുകയും ചെയ്തു.

ഈ സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐ ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയപാർട്ടികളും ഒന്നിച്ചണിനിരക്കുകയും കുടിയിറക്കലിൽ പ്രതിഷേധിച്ച് പ്രക്ഷോഭ സമരങ്ങൾ സംഘടിപ്പിച്ച് മുന്നോട്ട് പോവുകയും ചെയ്തു. മറ്റു പാർട്ടികളെല്ലാം പിന്നീട് സമരത്തിൽ നിന്ന് പിന്മാറിയെങ്കിലും സിപിഐ ഒറ്റയ്ക്ക് തന്നെ സമരവുമായി മുന്നോട്ട് പോയി. പാർട്ടിയും ബഹുജന സംഘടനകളും ശക്തിയാർജ്ജിക്കുന്നത് പലരെയും അലോസരപ്പെടുത്തി.

അതിനെത്തുടർന്നാണ് തോട്ടുമുക്കത്തെ ഒരു പൊതുയോഗ സ്ഥലത്തേക്ക് പോവുകയായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ജാഥയ്ക്ക് നേരെ ആസൂത്രിതമായി മിന്നലാക്രമണം നടന്നത്. ജാഥ നയിച്ചിരുന്ന എം കെ സുകുമാരൻ നായരും ജാഥയുടെ മുന്നിൽ കൊടിപിടിച്ചു നീങ്ങുകയായിരുന്ന പി കെ രാമനും ഗുണ്ടാ സംഘത്തിന്റെ വെട്ടേറ്റുവീണു. നിരവധി പേർക്ക് മാരകമായി പരിക്കേറ്റു. സുകുമാരൻ നായർ സംഭവസ്ഥലത്തുവച്ചും രാമൻ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കും മരിച്ചു. സംഭവം നടന്നിട്ട് ആണ്ട് ഏറെയായെങ്കിലും സഖാക്കളുടെ ജ്വലിക്കുന്ന ഓർമ്മകൾ ഈ മണ്ണിൽ നിറയുന്നുണ്ട്.

Eng­lish summary;Anayamkunnu Martyrs

You may also like this video;

TOP NEWS

October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.