Janayugom Online
anchal lynching- janayugam

അന്യസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

Web Desk
Posted on July 17, 2018, 10:31 am

അഞ്ചല്‍: അജ്ഞാതനായിരുന്നില്ല, എന്നിട്ടും ക്രൂര പീഡനം,കൊല്ലത്ത് അന്യസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസില്‍ രണ്ടാം പ്രതിയായ അഞ്ചല്‍ സ്വദേശി ആസിഫാണ് കീഴടങ്ങിയത്. കേസില്‍ പനയഞ്ചേരി സ്വദേശി ശശിധരക്കുറുപ്പിനെ (48) പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

യൂത്ത് കോൺഗ്രസ് പ്രാദേശിക പ്രവർത്തകനാണ് ഇപ്പോൾ കീഴടങ്ങിയ ആസിഫ്. ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. കൂടുതൽ പ്രതികൾ ഉണ്ടോ എന്ന് പൊലീസ്  അന്വേഷിക്കുകയാണ്.

കൊല്ലം അഞ്ചലിനു സമീപം പനയഞ്ചേരിയില്‍ മര്‍ദനമേറ്റ് പശ്ചിമ ബംഗാള്‍ സ്വദേശി മണിക് റോയി (32) ആണ് കഴിഞ്ഞ ദിവസം അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ 25ന് വൈകുന്നേരമാണ് മണിക് റോയിക്ക് മര്‍ദനമേല്‍ക്കുന്നത്. കോഴിയെ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മര്‍ദനം. പന്ത്രണ്ട് വര്‍ഷമായി അഞ്ചലില്‍ താമസിച്ചു വന്നിരുന്ന മണികിനെ കോഴിയെ വാങ്ങി വരുന്നതിനിടെ ചിലര്‍ മര്‍ദ്ദിക്കുകയായിരുന്നു.  കോഴിയെ വിറ്റയാൾ വിലക്കിയിട്ടും മർദ്ദനം നടന്നു. കണ്ടു നിന്ന ജനക്കൂട്ടം പ്രോത്സാപ്പിച്ചതല്ലാതെ വിലക്കിയില്ല.

ജൂൺ 24 നാണു മണിക്കിന് മർദനമേറ്റത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മണിക്കിനെ ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ ആരോഗ്യ നില വഷളാവുകയും മരണപ്പെടുകയും ചെയ്തു. മര്‍ദ്ദനമേറ്റാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മണിക് റോയിയുടെ മൃതദേഹം ഇന്ന് ബംഗാളിലേക്ക് കൊണ്ടുപോകും. ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളോട് ഇവിടേക്ക് എത്താൻ പൊലീസ്  അഭ്യർത്ഥിച്ചിട്ടുണ്ട്.