28 March 2024, Thursday

അഞ്ചാംവാർഡ്

രാജേഷ് തെക്കിനിയേടത്ത്
May 28, 2023 1:29 am

നെഞ്ചുരോഗാശുപത്രിയിൽ ആകെ ഇരുപത്തിനാലു കട്ടിലുകളായിരുന്നു. ആമാശയത്തിലും തലയിലും തൊണ്ടയിലും അർബുദം പിടിപ്പെട്ട് ചികിത്സയിൽ കഴിയുന്നവരായിരുന്നു കിടപ്പുകാർ. ജീവിതത്തിൽ ഏറ്റെടുത്ത നിരവധി ഉത്തരവാദിത്തങ്ങൾ മുന്നിലുണ്ടായിരുന്നിട്ടും, വേദനയിൽ നിന്ന് രക്ഷപ്പെടാൻ മരണത്തിന്റെ തീച്ചൂടിൽ എരിയാനാഗ്രഹിക്കുന്നവർ. ഒന്ന് മരിച്ചുകിട്ടിയാൽ മതിയെത്രേ. ശാപത്തിനും മോക്ഷത്തിനുമിടയിൽ കിടക്കുന്നവർ വേറെന്തു ചിന്തിക്കാനാണ്? പറയാനാണ്? ജീവിച്ചതും ഇനി ജീവിക്കാനുള്ള പലതും വാക്കുകളിൽ ഉണ്ടെങ്കിലും ഇരപിടിയനായ കാലനോട് രാവെന്നോ പകലെന്നോ ഇല്ലാതെ യാചിക്കുകയാണവർ. വെറുതേ മോഹിച്ച് ഉള്ള ഉണർച്ചകൊടുത്താമെന്നല്ലാതേ? അനേകം അർത്ഥതലങ്ങളുള്ള ആ വാക്ക് ആരോ പറഞ്ഞു.
ഇരുട്ട് വ്യാപിച്ചു. രോഗികളെയും കൂട്ടിരിപ്പുകാരെയും ബാക്കിവച്ച് സന്ദർശകർ ഓരോരുത്തരായി സ്ഥലം വിടാൻ തുടങ്ങി. ആകപ്പാടെ വേർപാടിന്റെ ഒരു പിടയൽ. പോകാതെ വഴിയില്ലല്ലോ? എത്ര വലിയ രക്തബന്ധമായാലും സന്ധ്യകഴിഞ്ഞാൽ ഒരാളിൽ കൂടുതൽ അനുവദിക്കില്ല. അതാ നിയമം.
സന്ദർശകരുടെ തിരക്കൊഴിഞ്ഞതും സൗജന്യ ആഹാരമുള്ളവർക്ക് കൊടുക്കാനുള്ള മുട്ടയും പാലും എത്തപ്പഴവും എത്തി. എല്ലാവർക്കും ഉള്ളതെന്നുകരുതി ഒരു ദിവസം വരിയിൽ നിന്ന ഗോപിക്ക് കേൾക്കാൻകൊള്ളാത്ത വാക്കുകൾ കേട്ട് ചെവിപൊത്തേണ്ടിവന്നു. അന്ന് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു കാര്യം ചെയ്ത തോന്നലിൽ അയാൾ തലതാഴ്ത്തിയിരുന്നു.
“നിനക്കെന്താ ഇതൊന്നും വേണ്ടേ?” അനക്കമില്ലാതിരിക്കുന്ന ഗോപിയെ നോക്കി തൊട്ടടുത്ത കട്ടിലിൽ കൂട്ടിരുപ്പിനുവന്ന ആമിനത്തുമ്മ ഒരു കണ്ണിറുക്കലോടെ ചോദിച്ചു. തൊണ്ട കീറി മുക്കാലും കുടൽ എടുത്തുമാറ്റിയ വീശുകാരൻ അലിക്കയുടെ ആകെയുള്ള സഹായി സഹോദരിയായിരുന്നു ആമിനത്തുമ്മ. അതെങ്ങനെയാ ഇക്കാക്ക് ബീടിയൊഴിഞ്ഞ നേരമില്ലെല്ലോ ചുണ്ടിൽ? ഒരിക്കൽ ഉമ്മ പറഞ്ഞത് ഗോപി ഓർത്തു.
അവരുടെ ചോദ്യം കേട്ട് സങ്കടപ്പെട്ടാണെങ്കിലും അയാൾ ചിരിച്ചു. പിന്നെ തലയിണക്കടിയിൽ നിന്ന് വെളുത്തനിറമുള്ള റേഷൻകാർഡ് എടുത്ത് അവരെ കാണിച്ചു. ഇപ്പോൾ അവരാണ് ചിരിക്കുന്നത്. മുഖത്ത് ഒരു കലി ഒളിഞ്ഞുകിടപ്പുമുണ്ട്.
“ഇവിടെയുമുണ്ടോ വേർതിരിവ്?” അവർ ഗോപിയുടെ കവിളിൽ പതിയനെ ഒന്ന് തട്ടിയതിനുശേഷം നീരസത്തോടെ ചോദിച്ചു.
“അഞ്ചാറുകൊല്ലം ഗൾഫിലായിരുന്നു. കിട്ടുന്നതിൽ ഒരു പങ്ക് മിച്ചംവെച്ച് കുറച്ച് കൃഷിഭൂമിവാങ്ങി. ഒരു പൂതി. അതോടെ ഞാൻ നാട്ടിലെ ജന്മിയായി. പിന്നെ കുടുംബനാഥനൊരു അഭിഭാഷകനാണല്ലൊ? ക്രിമിനൽ ലോയർ ഗോവിന്ദ മേനോൻ.” ഗോപി പറയുന്നതുകേട്ട് എല്ലാവരും ചിരിച്ചു. ആ ചിരികൾക്കുള്ളിൽ വേദന കടിച്ചമർത്തുന്നവരും ഉണ്ടായിരുന്നു. സാധാരണക്കാരനുള്ളതും കൂടി വേണമായിരിക്കും? ആരോ ചോദിച്ചു. ചിരികൾ പിന്നെയും തുടർന്നു. ഗോപി പറയാൻ തുടങ്ങുന്ന വാക്കുകൾ ആർക്കും ചെവിയിലൊതുങ്ങില്ലെന്ന് ഗോപിക്ക് മനസിലായി. അവരുടെ മുഖത്തുള്ള തെളിച്ചവും ആഹാരം വാങ്ങുന്നതിന്റെ തിടുക്കവും കണ്ട് അയാൾ ചിരിച്ചു. ആമിനത്തുമ്മ അവർക്കുകിട്ടിയ മുട്ടയും പകുതി പാലും ഗോപിക്കുനേരെ നീട്ടി.

“വേണ്ട. അച്ഛന് എന്തെങ്കിലും കഴിക്കാൻ പോയിട്ട് ഒരിറ്റ് വെള്ളമിറക്കാൻ സാധിക്കില്ല.” ഔദാര്യം വച്ചുനീട്ടിയ ഉമ്മയോട് ഗോപി പറഞ്ഞു.
“എങ്കിൽ മോൻ കഴിച്ചോ.” മുട്ട നീട്ടിപ്പിടിച്ച് നിൽക്കുന്ന അവരുടെ കണ്ണിലെ മഞ്ഞപ്പാട കെട്ടിയ തിളക്കം നോക്കി ഗോപി അല്പനേരം ഇരുന്നു. പിന്നെ, മുട്ടവെള്ളയിൽ ഒരു കഷ്ണം വാങ്ങി വായിലേക്കിട്ടു. അതിനിടയിൽ വക്കീലിന്റെ ചുണ്ടുകളകറ്റി ഒരിറക്ക് പാല് ഉമ്മ ഒഴിച്ചുകൊടുത്തു. ഇറക്കാനും തുപ്പാനും കഴിയാതെ പാലെല്ലാം അയാളുടെ കവിളിലൊഴുകി.
ഗോവിന്ദൻ വക്കീലിന് കൂട്ടിരിക്കാൻ വന്നതായിരുന്നു മകൻ ഗോപി. നെഞ്ചുരോഗാശുപത്രിയിലെ ആ ഇരിപ്പിന് നാലുമസം തികഞ്ഞു. ചികിത്സ തുടങ്ങുമ്പോഴേക്കും അസുഖം കുടലിലാകെ പടർന്നിരുന്നു. ആദ്യ ദിവസം തന്നെ സ്കാൻ റിപ്പോർട് പരിശോധിച്ച ഡോക്ടർ പറഞ്ഞത് അങ്ങനെയാണ്. അറിയാൻ വൈകിയതാണ് കാരണം. അതെങ്ങനെയാ ഗോവിന്ദൻ വക്കീലിന് ഇല്ലാത്ത ശീലങ്ങളുണ്ടോ? അത്യാവശ്യം കുടിക്കും. നല്ലോണം വലിയുമുണ്ട്. രോഗവിവരം അറിഞ്ഞവർ പറഞ്ഞു. മൈലാഞ്ചി പുരട്ടി ചുവപ്പിച്ച തലമുടിയും നീണ്ട മൂക്കുമാണ് വക്കീലിന്. സംസാരത്തിലെപ്പോഴും ഇംഗ്ലീഷ് കലരും. ശിഷ്യന്മാരായി മൂന്നാല് പേര് എപ്പോഴും കൂടെയുണ്ടാകണം. ഗോവിന്ദൻ വക്കീലിന്റെ കൂടെ പ്രാക്ടീസ് ചെയ്തവരൊക്ക വലിയ നിലയിൽ എത്തിയവരാണ്. ഒരവസരം കാത്ത് നിരവധിപേർ കാത്തുനിൽക്കുന്നുമുണ്ട്. രോഗം വന്നതുമുതൽ ആരും ഇല്ലെന്ന അവസ്ഥയാണ്. പകരക്കാരായി കുടുംബത്തിൽ ആരും ഇല്ലാത്തതുകൊണ്ട് എല്ലാം ശിഷ്യന്മാർക്ക് ഏല്പിച്ചുകൊടുത്തു. നാല്പത് കൊല്ലത്തോളം കോടതിക്കുള്ളിൽ പ്രസംഗിച്ച ലോ പോയിനന്റ്സുകളൊന്നും ഇപ്പോൾ അയാളുടെ ഓർമ്മയിൽപോലും ഇല്ല.
ഏഴുമണിക്കു മുമ്പ് കൊടുക്കുന്ന മരുന്നുകളുടെ വീര്യം പാതിരയോടെ തീരും. പിന്നെ വാർഡിനുള്ളിൽ ചിലമ്പിച്ച നിലവിളികളുടെ കവിത പരന്നൊഴുകാൻ തുടങ്ങും. കല്ലുരുകിയ ലാവ കോരിക്കുടിച്ചവരുടെ കുടലുകരിഞ്ഞ വേദന. കേൾക്കുന്നവർക്ക് അങ്ങനെയാണ് തോന്നുക. ഇതെല്ലാം കണ്ടും കേട്ടും തുടക്കക്കാരുടെ വേവലാതികളും പ്രാർത്ഥനകളും വേറെ കേൾക്കാം. അതിനിടയിൽ അച്ഛന് കൂട്ടിരിക്കുന്ന ഗോപിക്ക് ഒരു കവിതയ്ക്കുള്ള ചുണ്ടുകളുണ്ടോ എന്ന സംശയമായിരുന്നു. നരകം മറ്റൊരിടത്തല്ലെന്ന് പറഞ്ഞവരുടെ വാക്കുകൾ അയാളോർക്കുക പതിവായി. വാർഡിൽ വന്നെത്തുന്ന ഒരുവിധക്കാരൊക്കെ കരഞ്ഞു പോകുന്നുണ്ട്. ചുറ്റും കിടക്കുന്നത് മരണത്തിന്റ തൊട്ടിലാണെന്നേ തോന്നു. പ്രസവവാർഡ് പോലെ അതൊരു മരണവാർഡാണെത്രേ. ഏതാനും മാസങ്ങളായി കേട്ടുമടുത്ത നേഴ്സിന്റെ വാക്കുകൾ. എല്ലാം അറിഞ്ഞിട്ടും കരയാതിരിക്കാൻ അച്ഛൻ ശ്രമിക്കുന്നത് ഗോപി ശ്രദ്ധിക്കാറുണ്ട്. വേദനയില്ലേ എന്ന് ചോദിച്ചാൽ അരിശപ്പെട്ടാണെങ്കിലും വക്കീല് പറയും.
”എന്തോ അങ്ങനെയൊക്കെ സംഭവിച്ചുപോയി ഇനി സഹിക്കുക.”
ഒരു ദിവസം നഴ്‌സ് പറഞ്ഞു. “പ്രസവാർഡിനുമുന്നിൽ ഉലാത്തുന്നവരെപ്പോലെ ആത്മാക്കളെ സ്വീകരിക്കാനും ഒരു നിര ഇവിടെയുണ്ട്.” അതുകേട്ട ഗോപി ചിരിച്ചു. അവർക്ക് പല അനുഭവങ്ങളുമുണ്ടെന്ന് ഒരു ദിവസം കാന്റീൻ കുക്ക് പറഞ്ഞു. ക്യാൻസർ വാർഡുമായി പൊരുത്തപ്പെടും മുൻപ് ഓരോ നഴ്സിനും കടുത്ത പരീക്ഷണങ്ങൾ നേരിടേണ്ടി വരാറുണ്ട്. അയാൾ തെല്ലൊരു ഭയത്തോടെയാണ് അത് പറഞ്ഞത്.
അഞ്ചാംവാർഡിൽ അന്നൊരു സ്ത്രീ മരിച്ചു. നെഞ്ചിലായിരുന്നു അവർക്ക് രോഗം. അറിഞ്ഞിട്ടും മൂടിവെച്ചു. രോഗം ചികിത്സിച്ചാലും മാറില്ലെന്ന് ആരോ പറഞ്ഞു. കാശുകൊണ്ടു തുലയ്ക്കാന്നെല്ലാതെ. ഒരു ദിവസം പെട്ടെന്ന് വലിവ് കൂടി ശ്വാസം കിട്ടാതായി. രോഗം അറിഞ്ഞ ഭർത്തവും മക്കളും നിലവിളിച്ചു. ഇനി കരഞ്ഞിട്ടെന്താവാനാ? നേരത്തെ ചികിത്സ തുടങ്ങാണമായിരുന്നു. ഡോക്ടർ പറഞ്ഞു. അന്ന് സ്ത്രീയുടെ പരാക്രമം കണ്ട് ഗോവിന്ദൻ വക്കീലിന് ദേഷ്യം വന്നു. “ഇനിയും ബുദ്ധിമുട്ടിക്കാതെ അങ്ങ് കൊണ്ടുപൊയ്ക്കൂടേ? ” ജനൽ വിടവിലൂടെ പുറത്തേക്കു നോക്കി അയാൾ അഭ്യർത്ഥിച്ചു.
നിലവിളികൾക്കിടയിലെങ്കിലും എപ്പഴോ ഉറങ്ങിപ്പോയ ഗോപിയെ വിളിച്ചുണർത്തി നഴ്‌സ് പറഞ്ഞു. “വെളുക്കുംമുൻപ് അവസാനിച്ചു.” പത്തുവർഷത്തെ വേദനയിൽ നിന്ന് മുക്തിയായെന്ന് അവർ കൂട്ടിച്ചേർക്കുകയും ചെയ്തു. മക്കളുടെയും ഭർത്താവിന്റെയും മുഖത്തായിരുന്നു അതിന്റെ ആശ്വാസം.
“ഞങ്ങൾ പരമാവധി ശ്രമിച്ചു.” നഴ്സിന്റെ ശബ്ദം.
“എല്ലാം കരിഞ്ഞെന്നു കരുതിയതായിരുന്നു. പ്രതീക്ഷകൾ തെറ്റുന്നത് ഇവിടെയാണ്.” മരിച്ച സ്ത്രീയുടെ കട്ടിലിനരികിൽ തെല്ലിട മൗനിയായി നിന്ന ഡോക്ടർ പറഞ്ഞു. ലജ്ജയും അപമാനവും ദുഃഖവുംകൊണ്ട് അദ്ദേഹത്തിന്റെ മുഖം കുനിഞ്ഞു. ഡോക്ടർ ഉപയോഗിച്ച അവസാനത്തെ വാക്ക് മറ്റൊരു രോഗിയെ ചൊടിപ്പിച്ചു. അയാൾ ചാടിയെന്നേറ്റ് ഡോക്ടറിനുനേരെ വിരൽചൂണ്ടിക്കൊണ്ട് പറഞ്ഞു.
“പ്രതീക്ഷയില്ലെങ്കിൽ അങ്ങ് പറഞ്ഞയച്ചേക്കണം. വീട്ടിൽ കിടന്ന് ചാവാലോ?” ഡോക്ടർ ചിരിച്ചു. പിന്നെ അയാളുടെ തലയിലും തോളിലും തലോടി.
“ഒരു പ്രതീക്ഷ ഞങ്ങൾ അവസാനം വരെ നിലനിർത്തും. പിന്നെ അങ്ങേര് തീരുമാനിക്കും.” ഗോവിന്ദൻ വക്കീൽ നോക്കിയിരിക്കാറുള്ള ജനൽവിടവിൽ നോക്കി ഡോക്ടർ പറഞ്ഞു. അപ്പോൾ രോഗം ഭേദമായ നൂറുപേർ അദ്ദേഹത്തിന്റെ മനസിൽ ഉണ്ടായിരുന്നെങ്കിലും ഒരു കുറ്റബോധത്തോടെ മറ്റുജോലിയിലേക്ക് നടന്നു.
ഉച്ചയ്ക്കുള്ള റൗണ്ട് കഴിഞ്ഞുപോകുന്ന ഡ്യൂട്ടി ഡോക്ടർ ഗോവിന്ദൻ വക്കീലിനെ ഡിസ്ചാർജ് ചെയ്തു.
“മടക്കുകയാണോ ഡോക്ടർ?” ഗോപി ചോദിച്ചു.
“ഞങ്ങൾക്കിനി ഒന്നും ചെയ്യാനില്ല കുട്ടി.” അതുപറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ എല്ലാവരുടെയും മുഖങ്ങൾ പരിശോധിച്ചു. ചുണ്ടുകൾ വിറച്ചു. ഭാഗ്യം വക്കീൽ അതൊന്നും ശ്രദ്ധിക്കാതെ ജനലിന്റെ വെളിവിലൂടെ ആകാശം നോക്കിയിരിക്കുകയാണ്. പുറത്തെ വെളിച്ചം മാഞ്ഞുകഴിഞ്ഞിരിക്കണം. കണ്ണ് നല്ലപോലെ തുറന്നിരിക്കുന്നത് കണ്ട് ഗോപിക്കങ്ങനെ തോന്നി. വക്കീലിന്റെ നൈമിഷിക മൗനം ആശുപത്രി ജീവനക്കാർക്ക് ഒരനുഗ്രമായിരുന്നു. കീമോ ഞെരമ്പുകളിലോടുമ്പോഴും ചിരിക്കാൻ ശ്രമിക്കുന്ന അച്ഛനെ നോക്കി അവർ സഹതപിക്കുന്നത് ഗോപി കാണാറുണ്ട്.
“എങ്ങനെ സഹിക്കുന്നു ഈ അച്ഛൻ?” അവർ ചോദിക്കും. അപ്പോഴും വക്കീൽ ചിരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ സാധിച്ചിരുന്നില്ല.
അന്നു രാത്രി അച്ഛന് പകരം ഗോപിയായിരുന്നു കവിത ചൊല്ലിയത്. എന്തോ നെഞ്ചിൽ ഒരു വേദന അനുഭവപ്പെട്ടുത്രേ. ഗ്യാസിന്റെ ആകുമെന്ന് കൂട്ടിച്ചേർത്തു. അതിജീവനത്തിന്റെ വരികളായിരുന്നു എല്ലാം. താഴത്തെ നിലയിൽ കീമോതെറാപ്പിയോട് പടപൊരുതി പുരികം കൊഴിഞ്ഞവരും, മരണത്തിന്റ പടിയിറങ്ങാൻ തുടങ്ങിയവരും അതേറ്റു ചൊല്ലുന്നുണ്ടായിരുന്നു. എത്ര വേദനിച്ചാലും മനുഷ്യരുടെതായ എല്ലാ പ്രതീക്ഷകളും അവർക്കുണ്ട്. ഒടുങ്ങാത്ത അഭിലാഷങ്ങളും. സ്ത്രീയുടെ മരണവുമായി രാത്രിയിലെ രംഗങ്ങൾ പലതും പഠിപ്പിച്ചിരുന്നു. എല്ലാ മനുഷ്യരിലുമുണ്ട് അർബുദം. ഡോക്ടർ പറഞ്ഞതങ്ങനെയാണ്.
“ചുവന്ന ചോരക്കുള്ളിൽ പടവെട്ടിക്കയറാൻ അവസരം കാത്തുകഴിയുന്ന അർബുദം.” ഡോക്ടർ തുടരുന്നു. “എല്ലാം നിറച്ച അടപ്പിട്ട ഒരു പെട്ടിയാണ് ശരീരം.”
പെട്ടന്ന് അത്യാഹിത വിഭാഗത്തിൽ നിന്ന് നിലവിളികേട്ടു. അല്ല കൂട്ടനിലവിളിയാണ് കേൾക്കുന്നത്. ഒരു യന്ത്രത്തെപോലെ ഗോപി അവിടെക്കു നടന്നു. പാളയങ്ങളിലും പടക്കളത്തിലുമായി യൗവ്വനം ചിലവിട്ട പയ്യൻ നിശ്ചലമായി കിടക്കുന്നു. തലയിലായിരുന്നു രോഗം. തോല്പിച്ചുകളഞ്ഞെത്രേ.
“പാവം പയ്യൻ അല്ലേ?” വീട്ടിലേക്കുള്ള യാത്രക്കിടയിൽ വക്കീൽ മകനോട് ചോദിച്ചു. വീട്ടിൽ പോകുന്നതിന്റെ ആശ്വാസം അച്ഛന്റെ മുഖത്തുണ്ടായിരുന്നത് ഗോപി ശ്രദ്ധിച്ചു. ഒരിക്കലും ചിരിച്ചു കണ്ടിട്ടില്ലാത്ത ഗോവിന്ദൻ വക്കീൽ കാറിന്റെ മുൻ സീറ്റിലിരുന്ന് ചിരിക്കുകയാണ്. അച്ഛന്റെ മനസുമുഴുവൻ പഴകിക്കിടന്ന ഇരുട്ടിന്റെ വിഷാദം ഗോപിക്കിപ്പോൾ കാണാം. വക്കീലിന്നപ്പോൾ മുതൽ രോഗമില്ലാത്ത ദിവസങ്ങളായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.