Web Desk

ന്യൂഡല്‍ഹി

July 26, 2021, 7:44 pm

പെഗാസസ് നിരീക്ഷണ പട്ടികയില്‍ മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥനും

* കെജ്‌രിവാളിന്റെ സഹായി, പിഎംഒ, നിതി ആയോഗ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി
Janayugom Online

പെഗാസസ് ചാര സോഫ്‌റ്റ്‌വേറിന്റെ നിരീക്ഷണപട്ടികയില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും. വിവാദമായ ടുജി സ്പെക്ട്രം, എയര്‍സെല്‍-മാക്സിസ്, തുടങ്ങി നിരവധി സുപ്രധാന കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന രാജേശ്വര്‍ സിങ് പെഗാസസിന്റെ നിരീക്ഷണ പട്ടികയിലുണ്ടായിരുന്നതായി ദ വയര്‍ പുതുതായി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ സാമ്പത്തിക മന്ത്രി പി ചിദംബരവും മകന്‍ കാര്‍ത്തിയും പ്രതിയായ കേസാണ് എയര്‍സെല്‍-മാക്സിസ്. സിങ്ങിന്റെ രണ്ട് ഫോണ്‍ നമ്പരുകള്‍ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതോടൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിലെ മൂന്ന് സ്ത്രീകളുടെ നാല് ഫോണുകളും നിരീക്ഷണ പട്ടികയിലുണ്ട്.
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റുമായിരുന്ന വി കെ ജെയ്‌നിന്റെയും ഫോണ്‍ ചോര്‍ത്തി.

കെജ്‌രിവാളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് ജെയ്‌ന്‍. പ്രധാനമന്ത്രിയുടെ ഓഫീസിലെ ജൂനിയര്‍ ഉദ്യോഗസ്ഥന്റെയും നിതി ആയോഗിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും നിരീക്ഷണ പട്ടികയിലുണ്ട്. 2017ല്‍ പ്രധാനമന്ത്രിയുടെ വിദേശ യാത്രകളുടെ ഇന്‍ ചാര്‍ജ് ആയിരുന്നു ഈ ജൂനിയര്‍ ഉദ്യോഗസ്ഥന്‍. എന്നാല്‍ ഈ വ്യക്തികള്‍ നിരീക്ഷണത്തിലായിരുന്നു എന്ന ആരോപണം കേന്ദ്ര ഐടി മന്ത്രാലയം നിഷേധിച്ചു.
ഉത്തര്‍പ്രദേശ് സ്വദേശിയായ രാജ്‌വേശ്വര്‍ സിങ് 2009 മുതല്‍ ഇഡിയിലുണ്ട്. സഹാറ ഗ്രൂപ്പ് കേസ്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ കേസുകളും അന്വേഷിച്ച സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം.

സിബിഐ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയുടെ അടുത്ത സുഹൃത്തുമായിരുന്നു സിങ്. ഇദ്ദേഹത്തിന്റെ ഭാര്യയുടെ രണ്ട് ഫോണുകളും സഹോദരിമാരുടെ ഫോണുകളുമാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളായ ആഭ സിങ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷക ആണ്. ആഭ കൈകാര്യം ചെയ്യുന്ന കേസുകളില്‍ പലതും ബിജെപിയെ നിശിതമായി വിമര്‍ശിക്കുന്നതാണ്. എന്നാല്‍ ഇവരുടെയെല്ലാം ഫോണില്‍ പൂര്‍ണമായും സോഫ്റ്റേവേറിന് പ്രവേശിക്കാന്‍ കഴിഞ്ഞോ എന്നുള്ളത് ഫോറന്‍സിക് പരിശോധനയ്ക്കു ശേഷം മാത്രമേ മനസിലാകൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish sum­ma­ry; And a senior ED offi­cial on the Pega­sus watch list

You may also like this video;