February 8, 2023 Wednesday

പടിവാതില്‍ക്കല്‍ ഭക്ഷ്യ പ്രതിസന്ധിയും

അബ് ദുൾ ഗഫൂർ
April 24, 2022 7:00 am

ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങളില്‍ പലതും ഭക്ഷ്യപ്രതിസന്ധിയെ നേരിടുവാന്‍ സാധ്യതയുണ്ടെന്ന് അടുത്ത ദിവസങ്ങളില്‍ നിരവധി മുന്നറിയിപ്പുകളാണ് ഉണ്ടായിട്ടുള്ളത്. ആഗോളതലത്തിലും അതുവഴി ഓരോ രാജ്യങ്ങളിലും ഇന്ധന വിലയിലുണ്ടായ വന്‍ വര്‍ധന തന്നെയാണ് പ്രതിസന്ധിയുടെ മൂലകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിന്റെ കൂടെ ആഗോളതലത്തില്‍ ഭീഷണിയുയര്‍ത്തുന്ന പട്ടാളപ്പുഴു ആക്രമണ ഭീതി കാരണം ഉണ്ടായേക്കാവുന്ന കാര്‍ഷികോല്പാദന കുറവും. ഇന്ത്യയിലാണെങ്കില്‍ കാലാവസ്ഥാ വ്യതിയാനവും വളം, കീടനാശിനി എന്നിവയ്ക്കുണ്ടായ വിലക്കയറ്റവും ദൗര്‍ലഭ്യവും മൂലം ധാന്യോല്പാദനത്തില്‍ സംഭവിച്ചിരിക്കുന്ന ഉല്പാദന മാന്ദ്യവും പ്രതിസന്ധിയുടെ കാരണങ്ങളായി ഉന്നയിക്കപ്പെടുന്നുണ്ട്. ഇന്ധന വിലവര്‍ധനയുടെയും അതിന്റെ ഉപോല്പന്നമെന്ന നിലയില്‍ ഉണ്ടാകുന്ന ഭക്ഷ്യ വസ്തുക്കളുടെ വിലവര്‍ധനയും ഇപ്പോള്‍ത്തന്നെ പണപ്പെരുപ്പ നിരക്കില്‍ ഉയര്‍ച്ച പ്രകടമാക്കി കഴിഞ്ഞിട്ടുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ചൈന, ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, തായ്‌ലാൻഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ പണപ്പെരുപ്പ നിരക്ക് പ്രവചിക്കപ്പെടുന്നതിനെക്കാള്‍ ഉയര്‍ന്നു നില്ക്കുന്നത് വലിയ പ്രതിസന്ധിയുടെ മുന്നോടിയാണെന്നാണ് വിദഗ്ധ പക്ഷം. ഇത് ഏഷ്യയിലെ മാത്രം സ്ഥിതിയല്ല. യുഎസില്‍ 1981 അവസാനത്തിനുശേഷം 40 വര്‍ഷത്തിനിടയിലും ന്യൂസിലാന്‍ഡില്‍ 22 വര്‍ഷത്തിനുശേഷവുമുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണ് രേഖപ്പെടുത്തിയതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. യുഎസില്‍ 2011ല്‍ വാര്‍ഷിക പണപ്പെരുപ്പം 3.2 ശതമാനമായിരുന്നത് 2021ല്‍ 4.7 ശതമാനമായി. ഉപഭോക്തൃ വില സൂചിക ജനുവരിയില്‍ 7.5 ശതമാനമായിരുന്നത് ഫെബ്രുവരിയില്‍ 7.9 ശതമാനമായും ഉയര്‍ന്നു. പുതിയ പ്രവചനമനുസരിച്ച് അത് 8.6 ശതമാനമാണ്. ന്യൂസിലാന്‍ഡിലെ പണപ്പെരുപ്പ നിരക്ക് 6.9 ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നത്. ഇതെല്ലാം വന്‍ വിലക്കയറ്റത്തിന്റെയും സാമ്പത്തിക പ്രതിസന്ധി ആസന്നമായിരിക്കുന്നുവെന്നതിന്റെയും പ്രകടമായ സൂചനകളാണ്. ഇതോടൊപ്പമാണ് ഐക്യരാഷ്ട്രസഭയുടെ കാര്‍ഷിക ഭക്ഷ്യ സംഘടന (എഫ്എഒ) നല്കിയിരിക്കുന്ന മറ്റൊരു മുന്നറിയിപ്പ്. അത് ലോകത്തെ 70 ലധികം രാജ്യങ്ങളില്‍ കാര്‍ഷിക വിളകളുടെ ഗണ്യമായ നാശത്തിനു കാരണമാകുന്ന പട്ടാളപ്പുഴു ശല്യം ആസന്നമായിരിക്കുന്നുവെന്നാണ്. കാര്‍ഷിക വിളകളെ ഭക്ഷ്യവസ്തുവായി ഉപയോഗിക്കുന്ന പട്ടാളപ്പുഴു എല്ലാ ചെടികളെയും ആഹരിക്കുന്ന ജീവിയാണ്. പ്രധാന ഭക്ഷണം ചോളച്ചെടികളാണെങ്കിലും 80ലധികം ചെടികളെ നശിപ്പിക്കുന്ന പട്ടാളപ്പുഴു വ്യാപനത്തിലും നാശത്തിലും മുന്നിലുള്ള കീടജീവിയാണ്. ഭക്ഷ്യ ധാന്യോല്പാദനത്തില്‍ ഗണ്യമായ കുറവിനും അതുവഴി ഭക്ഷ്യധാന്യ ദൗര്‍ലഭ്യത്തിനും കാരണമാകുമെന്ന് ഉദാഹരണ സഹിതമാണ് എഫ്എഒ മുന്നറിയിപ്പു നല്കുന്നത്. പ്രധാനമായും യുഎസില്‍ സാന്നിധ്യമറിയിച്ചിരുന്ന പട്ടാളപ്പുഴു 2016ല്‍ നൈജീരിയയിലെത്തുകയും വളരെ ചുരുങ്ങിയ കാലംകൊണ്ട് ആഫ്രിക്കയിലെ 44 രാജ്യങ്ങളില്‍ നാശം വിതയ്ക്കുകയും ചെയ്തു. ചോളക്കൃഷിയുടെ 70 ശതമാനവും ഇവിടെ നാശോന്മുഖമായി. പട്ടാളപ്പുഴുവിന്റെ വ്യാപനം തടയുന്നതിന് ഇതിനകം തന്നെ എഫ്എഒ 120 ലക്ഷം ഡോളര്‍ ചെലവഴിച്ചു കഴിഞ്ഞിട്ടുണ്ട്. എങ്കിലും അതാത് രാജ്യങ്ങള്‍ ആവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൈക്കൊള്ളുന്നില്ലെങ്കില്‍ ഉണ്ടാകുവാന്‍ പോകുന്ന പ്രതിസന്ധി പറഞ്ഞറിയിക്കുവാനാകാത്തതാണ് എന്ന് എഫ്എഒ മുന്നറിയിപ്പ് നല്കുന്നുണ്ട്. ഭക്ഷ്യ പ്രതിസന്ധിയുടെ മറ്റൊരു കാരണമായിരിക്കുമെന്ന ഈ മുന്നറിയിപ്പ് അവഗണിക്കാവുന്നതല്ല. എല്ലാ രാജ്യങ്ങളുടെയും പ്രധാന വരുമാനമാര്‍ഗം ഉല്പാദനവും വിപണനവും കയറ്റിറക്കുമതികളും തന്നെയാണ്. ചെറുതും വലുതുമായ ലോകത്തെ എല്ലാ രാജ്യങ്ങളുടെയും ഈയിനത്തിലുള്ള ചെലവുകള്‍ ഇന്ധന വിലവര്‍ധനയെ തുടര്‍ന്ന് ഗണ്യമായി ഉയരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടുതന്നെ നന്നായി കയറ്റുമതി ചെയ്യാനാകുമ്പോഴും വരുമാനം ഇടിയുന്ന സാഹചര്യമാണുണ്ടാകുന്നത്.


ഇതുകൂടി വായിക്കാം;ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ: പെരുകിവരുന്ന വൈരുധ്യങ്ങള്‍


ഇറക്കുമതി ചെലവ് വര്‍ധിക്കുന്നത് ഉല്പന്നങ്ങളുടെ വിലവര്‍ധനയ്ക്കു കാരണമാകുകയും ചെയ്യുന്നു. ഉല്പാദനത്തിന്റെയും വിപണനത്തിന്റെയും സ്ഥിതിയും വ്യത്യസ്തമല്ല. അവിടെയും ചെലവിലുണ്ടാകുന്ന വര്‍ധന വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും തന്നെയാണ് കാരണമാകുന്നത്. ഈ രണ്ടു കാരണങ്ങള്‍ക്കുമൊപ്പം ഇന്ത്യയെ പ്രധാനമായും ഉറ്റുനോക്കുന്ന ഭീഷണി കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ ഉല്പാദനക്കുറവാണ്. പ്രധാന ഭക്ഷ്യ വിളകളായ അരി, ഗോതമ്പ് എന്നിവയിലും പയര്‍വര്‍ഗങ്ങളുടെ ഉല്പാദനത്തിലും വന്‍തോതിലുള്ള കുറവുണ്ടായെന്ന് വിവിധ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. കാര്‍ഷികോല്പാദനത്തില്‍ വര്‍ധനയും അതുവഴി ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എഫ്‌സിഐ)യില്‍ അധിക ഭക്ഷ്യധാന്യ സംഭരണവുമുണ്ടായെങ്കിലും അടുത്ത മാസങ്ങളില്‍ അതില്‍ കുറവുണ്ടാകുവാനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി തുടരുന്നുവെങ്കിലും കോവിഡ് കാലത്ത് ഭക്ഷ്യ ധാന്യോല്പാദനത്തില്‍ ഗണ്യമായ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2021ല്‍ 316.06 ദശലക്ഷം ടണ്‍ ആയിരുന്നു രാജ്യത്തെ ഭക്ഷ്യധാന്യോല്പാദനം. മുന്‍വര്‍ഷത്തെ 310.74 ദശലക്ഷം ടണ്ണില്‍ നിന്ന് 1.76 ശതമാനത്തിന്റെ വര്‍ധനയാണിത്. ഗോതമ്പുല്പാദനത്തിലാണ് വന്‍ വര്‍ധനയുണ്ടായത്. 2021ല്‍ മുന്‍വര്‍ഷത്തെ 109.59 ദശലക്ഷം ടണ്‍ എന്നതില്‍ നിന്ന് 1.58 ശതമാനം ഉയര്‍ന്ന് 111.32 ദശലക്ഷം ടണ്‍ എന്ന നിലയിലേയ്ക്ക് ഗോതമ്പിന്റെ ഉല്പാദനം ഉയര്‍ന്നു. എന്നാല്‍ കനത്ത വേനലും ശക്തമായ മഴയും മൂലമുണ്ടായ ഉല്പാദനക്കുറവ് ഗണ്യമാണെന്നാണ് റിപ്പോര്‍ട്ടുകളിലുള്ളത്. പ്രധാന ഗോതമ്പുല്പാദക സംസ്ഥാനങ്ങളിലെല്ലാം ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. അതുകൊണ്ടു ഭക്ഷ്യധാന്യോല്പാദനത്തില്‍ മുന്‍വര്‍ഷത്തെ 316.06 ദശലക്ഷം ടണ്‍ എന്ന നിലയില്‍ നിന്ന് 30 ശതമാനത്തിന്റെ കുറവുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഉല്പാദനത്തിലുണ്ടായിരിക്കുന്ന കുറവ് ഗോതമ്പിന്റെ വിപണി വിലയില്‍ ഇപ്പോള്‍ത്തന്നെ വര്‍ധനയുണ്ടാക്കിയിട്ടുണ്ട്, വരുംനാളുകളില്‍ ഇനിയും കൂടുമെന്ന നിഗമനമാണ് സാമ്പത്തിക വിദഗ്ധര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഗോതമ്പുല്പാദനത്തില്‍ 30 — 35 ശതമാനത്തിന്റെയെങ്കിലും കുറവുണ്ടായി. ഓരോ പ്രദേശത്തും ഇത് ദൃശ്യമാണ്. പഞ്ചാബിലെ പാടങ്ങളില്‍ ഒരു ഹെക്ടറില്‍ 48.68 ക്വിന്റല്‍ എന്നതായിരുന്നു ഉല്പാദന ക്ഷമതയെങ്കില്‍ ഇത്തവണ അത് 44.7 ക്വിന്റലായി. ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെല്ലാം ഈ നിലയില്‍ ഉല്പാദന ക്ഷമതയില്‍ ഇടിവുണ്ടായി. കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം സര്‍ക്കാര്‍ നയവും ഉല്പാദന ക്ഷമതയിലുണ്ടായ കുറവിനു കാരണമായി കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നുണ്ട്. അത് വളത്തിന്റെ ലഭ്യതക്കുറവും വിലക്കൂടുതലുമാണ്. കടുത്ത വേനലും വളപ്രയോഗം സാധിക്കാത്തതും കാരണം ധാന്യങ്ങളുടെ വലിപ്പം കുറഞ്ഞത് അളവില്‍ കുറവുണ്ടാക്കി. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ ഭക്ഷ്യ പ്രതിസന്ധിയെ കുറിച്ചുള്ള ആശങ്കകള്‍ ശക്തിപ്പെടുന്നത്. മുന്‍വര്‍ഷങ്ങളിലെ ഗണ്യമായ ഉല്പാദന വര്‍ധന കയറ്റുമതിയെ കുറിച്ച് പ്രതീക്ഷകളുണ്ടാക്കിയിരുന്നുവെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന് മങ്ങലേല്ക്കുകയാണ്. മാത്രവുമല്ല അധിക സംഭരണത്തില്‍ നിന്ന് ഭക്ഷ്യേതര ആവശ്യത്തിന് അരിയും ഗോതമ്പും വക മാറ്റുന്നതിനുള്ള തീരുമാനവും പ്രതിസന്ധി രൂക്ഷമാക്കും. ഈ മാസം നാലിന് ലോക്‌സഭയില്‍ നല്കിയ മറുപടി അനുസരിച്ച് 2020–21ല്‍ 81,044 മെട്രിക് ടണ്‍ അരി എഥനോള്‍ ഉണ്ടാക്കുന്നതിനായി കമ്പനികള്‍ക്ക് നല്കുവാന്‍ നീക്കിവച്ചിരുന്നു. 2021–22ല്‍ അത് 84,289 മെട്രിക് ടണ്‍ ആണ്. ഈ വിധത്തില്‍ അധിക ഭക്ഷ്യധാന്യങ്ങള്‍ ഇനിയും വക മാറ്റുകയാണെങ്കില്‍ പൊതുവിതരണ സംവിധാനത്തിലൂടെയുള്ള ഭക്ഷ്യധാന്യ വിതരണവും പ്രതിസന്ധിയെ നേരിടും. അതുകൊണ്ടുതന്നെ കേന്ദ്ര സര്‍ക്കാരിന്റെ കരുതലോടെയുള്ള സമീപനങ്ങള്‍ ഇല്ലാതാവുകയാണെങ്കില്‍ ലോകത്തെ പല രാജ്യങ്ങള്‍ക്കുമൊപ്പം നമ്മുടെ ഇന്ത്യയിലും ഭക്ഷ്യ പ്രതിസന്ധി ആസന്നമാണെന്ന് കണക്കുകളും റിപ്പോര്‍ട്ടുകളും മുന്നറിയിപ്പ് നല്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.