20 April 2024, Saturday

ആന്ധ്രപ്രദേശ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു: പുതുമുഖങ്ങളില്‍ നടി റോജ ശെല്‍വമണി ഉള്‍പ്പെടെ 13 പേര്‍

Janayugom Webdesk
അമരാവതി
April 11, 2022 2:47 pm

ആന്ധ്രപ്രദേശ് മന്ത്രിസഭ പുനഃസംഘടിപ്പിച്ച് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി. ആദ്യ മന്ത്രിസഭയില്‍ നിന്ന് 11 പേരും പുതുമുഖങ്ങളായി 13 പേരുമാണ് പുതുക്കിയ മന്ത്രിസഭയിലുള്ളത്. തലസ്ഥാന നഗരമായ അമരാവതിയിലെ സംസ്ഥാന സെക്രട്ടേറിയറ്റിന് സമീപം നടന്ന പൊതുചടങ്ങിൽ ഗവർണർ ബിശ്വ ഭൂഷൺ ഹരിചന്ദൻ 25 അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

മുതിർന്ന നിയമസഭാംഗമായ ധർമ്മന പ്രസാദ റാവുവിനെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തി. ജാതി, മേഖലാ സമവാക്യങ്ങൾ പാലിച്ചുകൊണ്ടുളളതാണ് പുതിയ മന്ത്രിസഭ. പിന്നാക്ക വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം രണ്ട് പേർ ന്യൂനപക്ഷ സമുദായത്തിൽ നിന്നും അഞ്ച് പട്ടികജാതി വിഭാഗത്തിൽ നിന്നും ഒരാൾ പട്ടികവർഗത്തിൽ നിന്നുമാണ്.

നാല് വനിതാ അംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്. സംസ്ഥാനത്തെ ആകെയുള്ള 26 ജില്ലകളിൽ ഏഴെണ്ണത്തിലെങ്കിലും പുതിയ മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിച്ചില്ല. ബിസി, എസ്‌സി, എസ്ടി, ന്യൂനപക്ഷ സമുദായങ്ങൾക്ക് 70 ശതമാനം പ്രാതിനിധ്യമുള്ള “സോഷ്യൽ കാബിനറ്റ്” എന്നാണ് ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് മന്ത്രിസഭയെ വിശേഷിപ്പിച്ചത്.
2019 ജൂണിൽ തന്റെ ആദ്യ മന്ത്രിസഭ രൂപീകരിച്ചപ്പോൾ, രണ്ടര വർഷത്തിനുശേഷം (ഡിസംബർ 2021) നവീകരണം നടത്തുമെന്നും 90 ശതമാനം പുതുമുഖങ്ങളെ കൊണ്ടുവരുമെന്നും 10 ശതമാനം (3 അംഗങ്ങൾ) മാത്രം നിലനിർത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിമാരായിരുന്ന അംസാത് ബാഷ ഷെയ്ക് ബേപ്പാരി, കെ നാരായണ സ്വാമി എന്നിവരെ വീണ്ടും ഉൾപ്പെടുത്തി. എസ് അപ്പല രാജു, സി എച്ച് വേണുഗോപാല കൃഷ്ണ, ജി ജയറാം, ടി വനിതാ എന്നിവർക്ക് ജാതി അടിസ്ഥാനത്തില്‍ വീണ്ടും അവസരം ലഭിച്ചു. ചലച്ചിത്രതാരം ആർ കെ റോജയും മന്ത്രിസഭയിലെത്തി.

Eng­lish Sum­ma­ry: Andhra Pradesh cab­i­net reshuf­fled: 13 new­com­ers, includ­ing actress Roja Selvamani

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.