സ്വകാര്യമേഖലയിലും സംവരണം; ചരിത്ര തീരുമാനവുമായി ആന്ധ്ര

Web Desk
Posted on July 23, 2019, 2:26 pm

അമരാവതി : സ്വകാര്യമേഖലയിലും സംവരണമെന്ന ചരിത്ര തീരുമാനവുമായി ആന്ധ്രപ്രദേശിലെ ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍. സംസ്ഥാനത്തെ 75 ശതമാനം സ്വകാര്യജോലികളിലും നാട്ടുകാരെ തന്നെ നിയോഗിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്ന നിയമം ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ പാസാക്കി. തിങ്കളാഴ്ചയാണ് നിയമം പാസാക്കിയത്.

വ്യാവസായിക യൂണിറ്റുകള്‍, ഫാക്ടറികള്‍, സംയുക്ത സംരംഭങ്ങള്‍, പൊതുസ്വകാര്യ പങ്കാളിത്തത്തോടെയുള്ള വന്‍ പദ്ധതികള്‍ എന്നിവയിലാണ് തൊഴില്‍ സംവരണം ഏര്‍പ്പെടുത്തിയത്.

അതെസമയം, നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു തരത്തിലുള്ള സര്‍ക്കാര്‍ സഹായവും നല്‍കില്ല. പെട്രോളിയം, ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികള്‍, കല്‍ക്കരി, വളം, സിമന്റ് തുടങ്ങി ഒന്നാം പട്ടികയില്‍ വരുന്ന കമ്പനികളെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തൊഴിലില്‍ വൈദഗ്ധ്യമില്ലാത്ത നാട്ടുകാര്‍ക്ക് പരിശീലനം കമ്പനികള്‍ തന്നെ നല്‍കണം. ഇതിനായി സര്‍ക്കാര്‍ സഹായവും ഉറപ്പാക്കണമെന്ന് നിയമത്തില്‍ പറയുന്നു. പരിചയക്കുറവ് കാരണമാക്കി തൊഴില്‍ നിഷേധിക്കുന്നത് തടയുന്നതിനാണ് നിയമത്തില്‍ ഈ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിയമം പാസാക്കിയതോടെ പ്രാദേശികമായി രാജ്യത്ത് സ്വകാര്യമേഖലയില്‍് ആദ്യമായി തൊഴില്‍ സംവരണം ഏര്‍പ്പെടുത്തുന്ന സംസ്ഥാനമായി ആന്ധ്രപ്രദേശ് മാറി.