Janayugom Online
idukki murder janayugom

ശക്തി കൂടാന്‍ ഗുരു ഇല്ലാതാവണം; അനീഷിനെ കോഴിവെട്ടും മന്ത്രവാദവും പഠിപ്പിച്ചത് കൃഷ്ണന്‍

Web Desk
Posted on August 06, 2018, 7:15 pm

അന്ധവിശ്വാസത്തിന്റെ മാന്ത്രികക്കളങ്ങള്‍ക്കുപിന്നാലെ പാഞ്ഞ മൂന്ന് പേര്‍. ഗുരുവായ കൃഷ്ണന്റെ മൂര്‍ധാവില്‍ത്തന്നെ തിരിഞ്ഞുകൊത്താന്‍ അനീഷിനെ പ്രേരിപ്പിച്ചത് ശക്തി കൂട്ടാനെന്ന വ്യര്‍ഥചിചാരം. അനീഷാണ് കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍. കഴിഞ്ഞ 3 വര്‍ഷമായി കൃഷ്ണന്റെ ശിഷ്യനായിരുന്നു അനീഷ്.
കൃഷ്ണനില്‍ നിന്നും കോഴിവെട്ട് ഉള്‍പ്പെടെയുള്ള ദുര്‍മന്ത്രവാദ വിദ്യകള്‍ പഠിച്ച അനീഷ് സ്വന്തമായി മന്ത്രവാദങ്ങള്‍ ചെയ്ത് വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ആറുമാസമായി തന്റെ മന്ത്രവാദ ശക്തി കുറയുന്നതായി തോന്നലുണ്ടായ അനീഷ് അതിന് കാരണക്കാരനായി കണ്ടത് ഗുരുവായ കൃഷ്ണനെയാണ്. തന്റെ മാന്ത്രിക ശക്തി കൂട്ടുവാന്‍ കൃഷ്ണനെ ഇല്ലായ്മ ചെയ്‌തേ മതിയാകൂ എന്ന് മനസിലാക്കിയ അനീഷ് 6 മാസം മുമ്പ് തന്റെ ഉറ്റ സുഹൃത്തായ ലിബീഷിനെ സമീപിച്ചിരുന്നു. എന്നാല്‍ ലിബീഷ് ഇതിന് താല്‍പ്പര്യം കാണിച്ചില്ല. ഇതേത്തുടര്‍ന്ന് പലവട്ടം കൃഷ്ണന്റെ വീട്ടില്‍ ധാരാളം പണവും സ്വര്‍ണാഭരണങ്ങളും ഉണ്ടെന്ന് പറഞ്ഞ് അനീഷ് ലിബീഷിനെ പ്രലോഭിപ്പിച്ച് വലയിലാക്കുകയായിരുന്നു. കഴിഞ്ഞ 29ന് വൈകീട്ട് 4 മണിയോട് കൂടി ലിബീഷിന്റെ വീട്ടിലെത്തിയ അനീഷ് ലിബീഷുമൊത്ത് മദ്യപിച്ച ശേഷം ബൈക്കില്‍ മൂലമറ്റം ഭാഗത്ത് ചൂണ്ടയിടാന്‍ പോയി. തുടര്‍ന്ന് രാത്രി 11 മണിയോടുകൂടി മദ്യപിക്കാനായി മുട്ടത്തെ ബാറിലെത്തിയെങ്കിലും ബാര്‍ അടച്ചിരുന്നു. പിന്നീട് ഇവര്‍ ബൈക്കിന്റെ ഷോക്ക് അബ്‌സര്‍ബറിന്റെ ഉള്ളിലുള്ള ഇരുമ്പ് ദണ്ഡുകളുമായി രാത്രി 12 മണിയോടെ വണ്ടമറ്റം വഴി മുണ്ടന്‍മുടിലെ കൃഷ്ണന്റെ വീട്ടിലെത്തി.
വീട്ടിലെ വൈദ്യുതി കണക്ഷന്‍ വിഛേദിച്ച ശേഷം കൃഷ്ണനെ വീടിന്റെ പുറത്തേക്കിറക്കുവാന്‍ വേണ്ടി പിന്നിലുള്ള ആട്ടിന്‍കൂട്ടിലെ ആടുകളെ ഉപദ്രവിക്കുകയും ചെയ്തു. ഇതോടെ ആടിന്റെ കരച്ചില്‍ കേട്ട് അടുക്കള വാതില്‍ തുറന്നു പുറത്തിറങ്ങിയ കൃഷ്ണന്റെ തലക്ക് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പ്രതികള്‍ അടിച്ചു വീഴ്ത്തുകയായിരുന്നു. ബഹളം കേട്ട് പുറത്തേക്ക് വന്ന ഭാര്യ സുശീലയെ അടിക്കാന്‍ ശ്രമിച്ചെങ്കിലും സുശീല ഭയന്ന് അടുക്കള ഭാഗത്തേക്ക് ഓടി. പിന്തുടര്‍ന്നെത്തിയ അനീഷ് സുശീലയെ തലയ്ക്ക് അടിച്ച് വീഴ്ത്തുകയായിരുന്നു. ഇതിനിടെ ബഹളം കേട്ട് മകള്‍ ആര്‍ഷയും ഓടിയെത്തി. സംഭവം കണ്ട ആര്‍ഷ കൈവശം കിട്ടിയ ഇരുമ്പ് വടി ഉപയോഗിച്ച് അനീഷിനെ ആക്രമിക്കുകയായിരുന്നു. എന്നാല്‍ അക്രമണം തടഞ്ഞ അനീഷിന്റെ കയ്യില്‍ ആര്‍ഷ കടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വാക്കത്തി ഉപയോഗിച്ച് പ്രതികള്‍ ആര്‍ഷയെയും ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തേക്ക് ബഹളം കേട്ട് എത്തിയ മനോവൈകല്യമുള്ള അര്‍ജുനെയും പ്രതികള്‍ കുത്തിവീഴ്ത്തി. തുടര്‍ന്ന് വീടിന് പിന്നില്‍ കിടന്ന കൃഷ്ണന്റെ ശരീരം ഇരുവരും ചേര്‍ന്ന് വീടിന്റെ ഹാളില്‍ കൊണ്ടിട്ടു. ഇതിനിടെ അലമാര തുറന്ന് ആഭരണങ്ങളും പണവും കൈക്കലാക്കിയ പ്രതികള്‍ മുറിയിലെ രക്തക്കറകള്‍ കഴുകി കളയാനും ശ്രമിച്ചു. തുടര്‍ന്ന് ഇവിടെ നിന്ന് ബൈക്കില്‍ രക്ഷപ്പെട്ട പ്രതികള്‍ വെളുപ്പിന് 4 മണിയോടെ തൊടുപുഴ വെങ്ങല്ലൂരില്‍ എത്തി പുഴയില്‍ കുളിക്കുകയും പിന്നീട് ഇരുവരും പിരിയുകയുമായിരുന്നു. അനീഷ് അടിമാലിക്കും ലിബീഷ് കാരിക്കോടുള്ള വീട്ടിലേക്കും മടങ്ങി. അന്ന് വൈകിട്ട് അടിമാലിയില്‍ നിന്ന് ലിബീഷിന്റെ വീടിനോട് ചേര്‍ന്നുള്ള വര്‍ക്ക്‌ഷോപ്പിലെത്തിയ അനീഷ് മൃതദേഹങ്ങള്‍ കുഴിച്ചിടാന്‍ ലിബീഷിനെയും കൂട്ടി രാത്രി 11 ഓടെ വീണ്ടും കൃഷ്ണന്റെ വീട്ടിലെത്തി. അപ്പോള്‍ അര്‍ജുന്‍ പാതി ജീവനോടെ മുറിയില്‍ ഇരിക്കുകയായിരുന്നു. ഇതോടെ പ്രതികള്‍ ഇരുവരും ചേര്‍ന്ന് കൃഷ്ണന്റെ വീട്ടിലെ ചുറ്റിക ഉപയോഗിച്ച് അര്‍ജുനെ തലക്കിടിച്ച് വീഴ്ത്തി. തുടര്‍ന്ന് ആട്ടിന്‍കൂട്ടിന്റെ പുറകില്‍ കുഴിയെടുത്ത ശേഷം കൃഷ്ണനെയും കുടുംബത്തെയും മറവു ചെയ്യുകയായിരുന്നു. കുഴിച്ചുമൂടുമ്പോള്‍ അര്‍ജുന് ജീവന്‍ നഷ്ടപ്പെട്ടിരുന്നില്ലെന്ന് പിടിയിലായ പ്രതി പൊലീസിനോട് പറഞ്ഞു.
ഇതിനിടെയില്‍ പിടിക്കപ്പെടാതിരിക്കാനായി അടിമാലിയിലെ വീട്ടില്‍ അനീഷ് മന്ത്രവാദം നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഡി വൈ എസ് പി കെ പി ജോസിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്.